22
Aug 2022
Tue
22 Aug 2022 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഹമ്മദാബാദ്: ബല്‍കീസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ ഇടയ്ക്കിടെ പരോളില്‍ ഇറങ്ങുകയും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. മക്കളുടെ കല്യാണം, മാതാവിന്റെ കാല്‍മുട്ട് ശസ്ത്രക്രിയ, ബന്ധുക്കളുടെ ഗൃഹപ്രവേശന ചടങ്ങ് തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കുറ്റവാളികള്‍ ജയിലില്‍നിന്ന് പരോളിലിറങ്ങിയിരുന്നത്. 

കുറ്റവാളികളുടെ ഭീഷണിപ്പെടുത്തലിനെതിരെ പോലീസില്‍ പലതവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ഈ വര്‍ഷം ഏപ്രിലില്‍ പ്രതികളില്‍ ഒരാളായ രാധശ്യാം ഷാ ഗൃഹപ്രവേശന ചടങ്ങിന് 28 ദിവസത്തെ പരോളാണ് ആവശ്യപ്പെട്ടത്. ഈ ഹരജി ഹൈക്കോടതി നിരസിച്ചു. ഈ വര്‍ഷം ജനുവരി 29 മുതല്‍ മാര്‍ച്ച് 30 വരെ ഷാ 60 ദിവസം പരോളില്‍ പുറത്തിറങ്ങിയ കാര്യം ഉത്തരവില്‍ ചൂണ്ടിക്കാണിച്ചായിരുന്നു വീണ്ടും പരോള്‍ വേണമെന്ന ആവശ്യം കോടതി നിരസിച്ചത്.

2019 മെയില്‍ കേസിലെ മറ്റൊരു പ്രതിയായ കേഷാര്‍ വൊഹാനിയ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി പരോളിന് അപേക്ഷിച്ചെങ്കിലും ഹൈക്കോടതി തള്ളി. 2018 ഓഗസ്റ്റ് മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കാലയളവില്‍ വൊഹാനിയ മൂന്നുമാസത്തെ പരോളിലിറങ്ങിയ കാര്യം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഉമേഷ് ത്രിവേദിയുടെ ബെഞ്ച് അപേക്ഷനിരസിച്ചത്. പരോള്‍ കഴിഞ്ഞ് ജയിലിലെത്തി അടുത്തമാസം തന്നെ വീണ്ടും പരോളിന് അപേക്ഷിക്കുകയായിരുന്നു ഉമേഷ്.

11 കുറ്റവാളികളും പരോളില്‍ ഇറങ്ങി സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി 2017 നും 2020 നും ഇടയില്‍ ഇരകളും ഇവരുടെ കുടുംബങ്ങളും നിരവധി പരാതികളാണ് പഞ്ച് മഹല്‍ ജില്ലാ പൊലിസ് മേധാവിക്കും ഗുജറാത്ത് ആഭ്യന്തരവകുപ്പിനും കൈമാറിയത്. 2020 ജൂലൈയില്‍ സിങ്കവാദ് സ്വദേശി സബിറാബന്‍ പട്ടേല്‍ എന്ന സ്ത്രീയാണ് ഒരു പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തല്‍, ശാരീരികമായി അപായപ്പെടുത്താന്‍ ശ്രമിക്കല്‍, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍, തടഞ്ഞുവയ്ക്കല്‍, അപമാനിക്കല്‍ തുടങ്ങിയ വകുപ്പുപ്രകാരം കുറ്റവാളികളായ മിതേഷ്ഭായ് ഭട്ട്, രാധശ്യാം എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ഇത്തരത്തില്‍ മിക്ക കുറ്റവാളികള്‍ക്കുമെതിരേ വിവിധ സ്റ്റേഷനുകളില്‍ ഇരകളുടെയും സാക്ഷികളുടെയും കുടുംബം പരാതി നല്‍കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ പരാതികളെല്ലാം നിലനില്‍ക്കെയാണ് തടവുകാരെ ‘നല്ല നടപ്പ്’പരിഗണിച്ച് മോചിപ്പിച്ചത്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കുറ്റവാളികള്‍ക്ക് നേരത്തെ മോചനം നല്‍കുന്ന 1992 ലെ നയത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളിയായ രാധശ്യാം ഷാ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയിലാണ് വിഷയത്തില്‍ തീരുമാനം എടുക്കാന്‍ കോടതി സര്‍ക്കാരിനെ ചുമതലപ്പെടുത്തിയത്. ഇതുപ്രകാരം സ്വാതന്ത്ര്യദിനത്തില്‍ കേസിലെ 11 കുറ്റവാളികളെയും ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചു.

ഇവര്‍ക്ക് പിന്നീട് ജയിലിന് പുറത്തും വി.എച്ച്.പി ആസ്ഥാനത്തും നല്ല സ്വീകരണമാണ് ലഭിച്ചത്.

Convicts in Bilkis Bano case came out on frequent parole as witnesses cited threast