21
Jun 2024
Sat
21 Jun 2024 Sat
Copa America 2024 Brazil vs Paraguay

ലാസ് വെഗാസ്: ആദ്യ കളിയിലെ ക്ഷീണം തീര്‍ത്ത് കോപ്പ അമേരിക്കയില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മഞ്ഞപ്പട തകര്‍ത്തത്.(Copa America 2024:Brazil vs paraguay match updates)  വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോളുകള്‍ നേടി. ഗ്രൂപ്പ് ഡിയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. ഒരു ജയവും സമനിലയുമടക്കം നാല് പോയന്റാണ് ടീമിന്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച കൊളംബിയ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരാഗ്വേക്കെതിരെ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ബ്രസീല്‍ തുടക്കം മുതല്‍ തന്നെ നിരവധി മുന്നേറ്റങ്ങള്‍ നടത്തി.
ബ്രസീലിന്റെ ആക്രമണത്തോടെയായിരുന്നു മത്സരത്തിന് തുടക്കമായത്. രണ്ടാം മിനിറ്റിലെ വിനീഷ്യസിന്റെ മുന്നേറ്റം ബ്രസീലിന് അനുകൂലമായി കോര്‍ണര്‍ ലഭിക്കാന്‍ ഇടയാക്കിയെങ്കിലും വലകുലങ്ങിയില്ല. പിന്നീട് നിരന്തരമായി ബ്രസീല്‍ ആക്രമിച്ച് കളിച്ചുവെങ്കിലും പല ശ്രമങ്ങളും പരാഗ്വേയുടെ പ്രതിരോധത്തില്‍ തട്ടി വീണു.

ഇതിനിടെ 32ാം മിനിറ്റില്‍ ബ്രസീല്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി. പരഗ്വേയുടെ മിഡ്ഫീല്‍ഡര്‍ അഡ്രിയാന്‍ ക്യുബാസിന്റെ ഹാന്‍ഡ്‌ബോളിനായിരുന്നു റഫറി ബ്രസീലിന് പെനാല്‍റ്റി അനുവദിച്ചത്. എന്നാല്‍, ടീമിനായി കിക്കെടുത്ത പക്വേറ്റക്ക് പിഴച്ചു.

35- ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടുന്നത്. പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് നടത്തിയ സുന്ദര നീക്കങ്ങള്‍ക്കൊടുവില്‍ വിനീഷ്യസ് ജൂനിയര്‍ ലക്ഷ്യം കണ്ടു. പിന്നാലെ 43- ാം മിനിറ്റില്‍ സാവിന്യോയിലൂടെ രണ്ടാം ഗോളും. ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പ് വീണ്ടും ബ്രസീല്‍ വല കുലുക്കി. ഇക്കുറിയും വിനീഷ്യസാണ് ഗോള്‍ നേടിയത്. അതോടെ ആദ്യ പകുതി മൂന്ന് ഗോളുകള്‍ക്ക് ബ്രസീല്‍ മുന്നിട്ടു നിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ പരാഗ്വേ തിരിച്ചടിച്ചു. 48-ാം മിനിറ്റില്‍ പ്രതിരോധതാരം അല്‍ഡറേറ്റയാണ് ബോക്‌സിന് പുറത്തുനിന്നുള്ള ഉഗ്രന്‍ ഷോട്ടിലൂടെ ലക്ഷ്യം കണ്ടത്. 65-ാം മിനിറ്റില്‍ പരാഗ്വേ താരത്തിന്റെ കൈയില്‍ പന്ത് തട്ടിയതിനെ തുടര്‍ന്ന് ലഭിച്ച പെനല്‍റ്റി വലയിലെത്തിച്ച് ലൂക്കാസ് പക്വറ്റ മത്സരത്തില്‍ കാനറി പടയുടെ നാലാം ഗോളും നേടി.

ആന്ദ്രെസ് കുബാസ് 81ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതിനാല്‍ 10 പേരുമായാണ് പാരഗ്വായ് മത്സരം പൂര്‍ത്തിയാക്കിയത്. പരുക്കുമൂലം കളത്തിനു പുറത്തായ സൂപ്പര്‍താരം നെയ്മാറും ബ്രസീലിന്റെ മത്സരം വീക്ഷിക്കാന്‍ ഗാലറിയിലുണ്ടായിരുന്നു.

ഇന്നു നടന്ന മറ്റൊരു മത്സരത്തിൽ കരുത്തരായ കൊളംബിയ കോസ്റ്ററിക്കയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്തു. ലൂയിസ് ഡയസ് (31–ാം മിനിറ്റ്), ഡേവിസൻസൻ സാഞ്ചസ് (59–ാം മിനിറ്റ്), ജോൺ കോർഡോബ (62–ാം മിനിറ്റ്) എന്നിവരാണ് കൊളംബിയയ്‌ക്കായി ഗോൾ നേടിയത്. തുടർച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പ് ഡിയിൽ ആറു പോയിന്റുമായി കൊളംബിയ നോക്കൗട്ടിലേക്ക് മുന്നേറി.