27
Mar 2023
Thu
27 Mar 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലപ്പുഴ: കള്ളനോട്ട് കേസില്‍ ആലപ്പുഴ എടത്വ കൃഷി ഓഫിസര്‍ അറസ്റ്റില്‍. എം. ജിഷമോളാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നു ലഭിച്ച ഏഴ് വ്യാജനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പു പുറത്തറിഞ്ഞതെന്ന് ആലപ്പുഴ സൗത്ത് പൊലീസ് പറഞ്ഞു. ജിഷമോളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

കള്ളനോട്ടുകളുടെ ഉറവിടം ഇവര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നേയുള്ളൂവെന്നും പൊലീസ് പറഞ്ഞു. മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ ഏഴ് കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. നോട്ടുകള്‍ പിടിക്കപ്പെട്ടപ്പോള്‍ കൃഷി ഓഫിസറായ ജിഷമോള്‍ നല്‍കിയതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇവര്‍ തമ്മില്‍ പരിചയക്കാരാണ്. അതേസമയം, ഇയാള്‍ക്ക് ഇവ കള്ളനോട്ടാണെന്ന് അറിയുമായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ കളരിക്കലില്‍ വാടക വീട്ടിലാണ് ജിഷമോളുടെ താമസം. നേരത്തെ, വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചതായും മുന്‍പ് ജോലി ചെയ്ത ഓഫിസില്‍ ക്രമക്കേട് നടത്തിയതായും ഇവര്‍ക്കെതിരെ ആരോപണമുണ്ടായിരുന്നു.

ഫെബ്രുവരി അഞ്ചിന് കായംകുളത്ത് ബാങ്കില്‍ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ അഖില്‍ ജോര്‍ജ്ജ് (30) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒമ്പതാം പ്രതിയായ സനീറിനൊപ്പം ബാംഗ്ലൂരില്‍ നിന്നും 30 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ വാങ്ങി പലര്‍ക്കായി വിതരണം ചെയ്തവരില്‍ ഒരാളാണ് അഖില്‍ ജോര്‍ജ്ജ്. കേസില്‍ ഒന്നു മുതല്‍ 9 വരെയുള്ള പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.