അനുമതിയില്ലാതെ മറ്റൊരു യുവതിയുടെ സ്വകാര്യ ചിത്രം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചതിന് 22 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ യുവതിയോട് കോടതി. യുഎഇയിലെ ദുബയിലാണ് സംഭവം.
|
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടവരാണ് പരാതിക്കാരിയായ യുവതിയും കോടതി കുറ്റക്കാരിയെന്നു കണ്ടെത്തിയ യുവതിയും. ഇരുവരും തമ്മിലുള്ള ചാറ്റിങ്ങിനിടെ പരാതിക്കാരിയായ യുവതി തന്റെ ഫോട്ടോ പ്രതിക്ക് അയച്ചുനല്‍കിയിരുന്നു. ഈ ഫോട്ടോയും ഇതിനൊപ്പം നടത്തിയ ചാറ്റും പ്രതി തന്റെ മറ്റൊരു സുഹൃത്തിന് സ്‌ക്രീന്‍ഷോട്ടായി അയച്ചുനല്‍കുകയും ഇവരിത് സാമൂഹിക മാധ്യമത്തില്‍ പരസ്യമായി പങ്കുവയ്ക്കുകയുമായിരുന്നു.
ഇതു ശ്രദ്ധയില്‍പെട്ടതോടെയാണ് പരാതിക്കാരി കേസ് നല്‍കിയത്. പരാതി അന്വേഷിച്ച അധികൃതര്‍ പ്രതി സ്‌ക്രീന്‍ഷോട്ട് എടുത്താണ് ഇത് പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി. തന്റെ അനുമതിയില്ലാതെയാണ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് പ്രതി പ്രചരിപ്പിച്ചതെന്ന പരാതിക്കാരിയുടെ വാദത്തില്‍ കഴമ്പുണ്ടെന്നും കോടതി കണ്ടെത്തി. തുടര്‍ന്നാണ് 85000 ദിര്‍ഹം(21.85 ലക്ഷം രൂപ)നഷ്ടപരിഹാരമായി പരാതിക്കാരിക്ക് നല്‍കാന്‍ പ്രതിയോട് ഉത്തരവിട്ടത്.
മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് യുഎഇ നിയമം അനുശാസിക്കുന്ന ശിക്ഷ
അനുമതിയില്ലാതെ ഒരാളുടെ ഫോട്ടോ പകര്‍ത്തുന്നതും കൈവശം വയ്ക്കുന്നതും പങ്കുവയ്ക്കുന്നതും പരസ്യപ്പെടുത്തുന്നതും പ്രസിദ്ധീകരിക്കുന്നതും ആറുമാസം വരെ തടവും ഒരുലക്ഷത്തി അമ്പതിനായിരം മുതല്‍ അഞ്ചുലക്ഷം വരെ പിഴയും അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്നോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.


