Crypto scam in UAE ദുബായ്: പ്രമുഖ നിക്ഷേപക കമ്പനിയുടെ പേരില്‍ വ്യാജ വെബ്സൈറ്റും ലോഗോയും നിര്‍മ്മിച്ച് അറബ് വനിതയില്‍ നിന്ന് 11 ലക്ഷത്തിലധികം ദിര്‍ഹം (ഏകദേശം രണ്ടരക്കോടിയിലധികം ഇന്ത്യന്‍ രൂപ) തട്ടിയെടുത്തു. ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിച്ചാല്‍ ചുരുങ്ങിയ കാലം കൊണ്ട് വന്‍ ലാഭം നേടാമെന്ന് പ്രലോഭിപ്പിച്ചായിരുന്നു തട്ടിപ്പ്. എന്നാല്‍, കേസില്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇരയായ വനിത നല്‍കിയ സിവില്‍ ഹര്‍ജി ദുബായ് കോടതി തള്ളി.
|
തട്ടിപ്പിന്റെ തുടക്കം ഇങ്ങനെ
ഡിജിറ്റല്‍ നിക്ഷേപങ്ങളിലൂടെ ഉയര്‍ന്ന വരുമാനം ലക്ഷ്യമിട്ടാണ് അറബ് വനിത തട്ടിപ്പുകാരുടെ വലയില്‍ വീഴുന്നത്. യുഎഇയിലും വിദേശത്തും ഏറെ വിശ്വാസ്യതയുള്ള ഒരു പ്രമുഖ ട്രേഡിംഗ് കമ്പനിയുടെ പ്രതിനിധികളാണെന്ന് പരിചയപ്പെടുത്തിയാണ് രണ്ട് പേര്‍ ഇവരെ സമീപിച്ചത്.
കമ്പനിയുടെ പേര് ദുരുപയോഗം ചെയ്ത് വ്യാജ രേഖകള്‍ ചമച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. വന്‍ ലാഭം വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് യുവതി പല തവണകളായി ആയിരക്കണക്കിന് ഡോളറും കുവൈറ്റ് ദിനാറും തട്ടിപ്പുകാര്‍ക്ക് കൈമാറി. ഒടുവില്‍ നിക്ഷേപിച്ച ആകെ തുക 11.06 ലക്ഷം ദിര്‍ഹം കടന്നു.
ALSO READ: വീണാ വിജയന് ഇഡി സമന്‍സ്; വെള്ളിയാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകണം
യുവതിയുടെ നിക്ഷേപത്തിന് നിരന്തരം ലാഭം കൂടിക്കൊണ്ടിരിക്കുകയാണെന്ന് കാണിക്കുന്ന വ്യാജ പെര്‍ഫോമന്‍സ് റിപ്പോര്‍ട്ടുകളും ഗ്രാഫുകളും തട്ടിപ്പുകാര്‍ കൃത്യമായി അയച്ചു നല്‍കിയിരുന്നു. ഇത് വിശ്വസിച്ച് യുവതി കൂടുതല്‍ തുക നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍, പിന്നീട് തന്റെ നിക്ഷേപ തുകയും ലാഭവും തിരികെ ആവശ്യപ്പെട്ടപ്പോഴാണ് താന്‍ ഇടപാട് നടത്തിയ കമ്പനി യഥാര്‍ത്ഥ കമ്പനിയല്ലെന്നും, പ്രമുഖ കമ്പനിയുടെ പേര് വെച്ച് അജ്ഞാതരായ തട്ടിപ്പുകാര്‍ നടത്തിയ കെണിയാണെന്നും ഇവര്‍ തിരിച്ചറിഞ്ഞത്.
കോടതിയിലേക്ക്
പണം നഷ്ടപ്പെട്ടതോടെ യുവതി നിയമനടപടികളിലേക്ക് നീങ്ങുകയും ദുബായ് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയുമായിരുന്നു. തങ്ങളെ പറ്റിച്ച് പണം കൈക്കലാക്കിയെന്ന് ആരോപിച്ച് രണ്ട് വ്യക്തികള്‍ക്കെതിരെയായിരുന്നു കേസ്. തനിക്ക് നഷ്ടപ്പെട്ട തുക തിരികെ ലഭിക്കണമെന്നും കൂടാതെ 4,00,000 ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം.
വാദത്തിനിടയില്‍ കണ്‍സള്‍ട്ടന്‍സി റിപ്പോര്‍ട്ട്, കൊമേഴ്‌സ്യല്‍ ലൈസന്‍സ് എന്നിവയുള്‍പ്പെടെയുള്ള രേഖകള്‍ യുവതി ഹാജരാക്കിയിരുന്നു. കൂടാതെ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റൊരു ബിസിനസ്സ് സ്ഥാപനത്തിന്റെ ഉടമയെക്കൂടി കേസില്‍ കക്ഷി ചേര്‍ക്കാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു.
ഹര്‍ജി തള്ളി കോടതി
കേസിലെ വാദങ്ങളും രേഖകളും വിശദമായി പരിശോധിച്ച കോടതി, ഒടുവില്‍ യുവതിയുടെ ഹര്‍ജി തള്ളുകയായിരുന്നു. പ്രതികളാണ് പണം തട്ടിയെടുത്തത് എന്ന് തെളിയിക്കാന്‍ പര്യാപ്തമായ രേഖകള്‍ ഹാജരാക്കാന്‍ വാദിക്ക് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.
കോടതിയുടെ നിരീക്ഷണം
‘ഒരു കേസില്‍ ആരോപണം ഉന്നയിക്കുന്ന വ്യക്തി തന്നെയാണ് അത് തെളിയിക്കേണ്ട ബാധ്യതയും ചുമക്കേണ്ടത്. വ്യക്തമായ തെളിവുകളില്ലാതെ ഒരാളെ കുറ്റക്കാരനായി കാണാന്‍ നിയമപരമായി സാധിക്കില്ല. വെറും സംശയത്തിന്റെയോ വിശ്വാസത്തിന്റെയോ പുറത്ത് ഒരാളെ സാമ്പത്തിക തട്ടിപ്പില്‍ കുറ്റക്കാരനാക്കാനോ പണം തിരിച്ചടപ്പിക്കാനോ കഴിയില്ല.’
ഹാജരാക്കിയ രേഖകളില്‍ നിക്ഷേപ പോര്‍ട്ട്ഫോളിയോ മാനേജ്മെന്റുമായി ബന്ധപ്പെട്ട ഫോമുകളും സ്റ്റാമ്പുകളും ഉണ്ടെങ്കിലും, പ്രതികളുടെ അക്കൗണ്ടുകളിലേക്കാണ് പണം പോയതെന്ന് തെളിയിക്കുന്ന ബാങ്ക് ട്രാന്‍സ്ഫര്‍ രേഖകളോ മറ്റ് സാമ്പത്തിക തെളിവുകളോ സമര്‍പ്പിക്കാന്‍ യുവതിക്ക് കഴിഞ്ഞില്ല. കണ്‍സള്‍ട്ടന്‍സി റിപ്പോര്‍ട്ടില്‍ പണം നഷ്ടപ്പെട്ടതായി വ്യക്തമാക്കുന്നുണ്ടെങ്കിലും അത് ആരാണ് തട്ടിയെടുത്തതെന്ന് കൃത്യമായി പറയുന്നില്ല.
പ്രതികളും പരാതിക്കാരിയും തമ്മില്‍ നേരിട്ട് കരാറുകളോ ആശയവിനിമയങ്ങളോ നടന്നതിനും തെളിവില്ല. സിവില്‍ ബാധ്യത ഉറപ്പാക്കാന്‍ ആവശ്യമായ നിയമപരമായ ഘടകങ്ങള്‍ തെളിയിക്കപ്പെടാത്തതിനാല്‍ കോടതി കേസ് തള്ളുകയും കോടതിച്ചെലവുകള്‍ പരാതിക്കാരി തന്നെ വഹിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.


