04
Jun 2026
Thu
04 Jun 2026 Thu
sharjah 2 year old death

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ രണ്ട് വയസ്സുകാരനായ പാകിസ്ഥാനി ബാലനെ അയല്‍വാസികളായ രണ്ട് പെണ്‍ കുട്ടികള്‍ ചേര്‍ന്ന് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊലപ്പെടുത്തി. ഷാര്‍ജയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മുഹമ്മദ് അര്‍ഷ്മാന്‍ എന്ന രണ്ടു വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പത്ത് വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അതോറിറ്റിയുടെ സഹായത്തോടെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള 11 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടികളാണ് കസ്റ്റഡിയിലുള്ളത്. മലയാളി പെണ്‍കുട്ടി കണ്ണൂര്‍ സ്വദേശിനിയാണെന്നാണ് അറിയുന്നത്. ഇരുവരുടെയും മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. രണ്ട് ലക്ഷം ദിര്‍ഹം ( 45 ലക്ഷത്തോളം രൂപ) ജാമ്യത്തുകയിലാണ് ഇവരെ വിട്ടയച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ യുഎഇ നിയമപ്രകാരം മാതാപിതാക്കള്‍ ഉത്തരവാദികളായതിനാലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കുട്ടി കെട്ടിടത്തില്‍ നിന്ന് അബദ്ധത്തില്‍ താഴെ വീണതാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. പ്രതികളായ പെണ്‍കുട്ടികള്‍ കുഞ്ഞുമായി ഫ്‌ലാറ്റിന് പുറത്തെ കോറിഡോറില്‍ കളിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവം നടക്കുന്ന സമയത്ത് കുഞ്ഞിന്റെ അമ്മ വെറും ഒരു മിനിറ്റത്തേക്ക് മാത്രമാണ് ഫ്‌ലാറ്റിന്റെ ഉള്ളിലേക്ക് കയറിയത്. ഈ സമയം പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ പടിക്കെട്ടിന്റെ വാതില്‍ തുറന്ന് കുഞ്ഞിനെ കൈവീശി അടുത്തേക്ക് വിളിച്ചു. കുഞ്ഞ് അങ്ങോട്ട് ചെന്നയുടന്‍ രണ്ടാമത്തെ പെണ്‍കുട്ടി വാതില്‍ പെട്ടെന്ന് അടച്ചു.

ALSO READ: ഓപറേഷന്‍ തൂഫാനില്‍ ബുധനാഴ്ച പിടിയിലായത് 137 പേര്‍

തുടര്‍ന്ന് പടിക്കെട്ടിനോട് ചേര്‍ന്നുള്ള ജനലിന്റെ തുറന്ന ഭാഗത്തുനിന്നും ഏകദേശം 14 മീറ്റര്‍ താഴ്ചയുള്ള നിലത്തേക്ക് കുഞ്ഞിനെ ഇവര്‍ എടുത്തെറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുഞ്ഞിനെ താഴേക്ക് ഇട്ട ശേഷം ഒരു പെണ്‍കുട്ടി ചെവിയില്‍ കൈവെച്ച് പേടിച്ചെന്നോണം ഓടിപ്പോകുന്നത് കാണാം. എന്നാല്‍ മറ്റേ പെണ്‍കുട്ടി കൈകള്‍ കുടഞ്ഞ്, യാതൊരു ഭാവവ്യത്യാസവുമില്ലാതെ ശാന്തമായാണ് അവിടെ നിന്നും നടന്നുനീങ്ങിയത്.

ALSO WATCH THIS

കെട്ടിടത്തില്‍ നിന്നും പെട്ടെന്ന് നിലവിളി ശബ്ദം കേട്ടതായി സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നു. ലിഫ്റ്റിന് സമീപം ആരെങ്കിലും വഴക്കിടുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ താഴത്തെ നിലയില്‍ കുഞ്ഞിന്റെ അമ്മ കരഞ്ഞ് സഹായം അഭ്യര്‍ത്ഥിക്കുന്നത് കണ്ട് ഓടിയെത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെയും ആംബുലന്‍സിനെയും വിവരമറിയിച്ചു. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ പോലും വിശ്വസിക്കാന്‍ കഴിയാത്ത ക്രൂരത പുറത്തുവന്നത്.

അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കുഞ്ഞ്

യുഎഇയില്‍ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന പാകിസ്ഥാന സ്വദേശിയായ സജ്ജാദ് ഹുസൈന്റെ മകനാണ് മരിച്ച അര്‍ഷ്മാന്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി യുഎഇയില്‍ പ്രവാസിയാണ് സജ്ജാദ്. അഞ്ച് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ഒടുവിലാണ് അര്‍ഷ്മാന്‍ ജനിക്കുന്നത്. കുടുംബത്തിന്റെ ജീവനായിരുന്നു കുഞ്ഞ്. ഇവര്‍ക്ക് രണ്ട് മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞ് കൂടിയുണ്ട്.

‘ഒരു അമ്മ കുട്ടിയെ വിളിക്കുന്നത് പോലെയാണ് ആ പെണ്‍കുട്ടി എന്റെ മകനെ അങ്ങോട്ട് വിളിച്ചത്. അവരെ വിശ്വസിച്ച് അവന്‍ ഓടിച്ചെന്നു. ഒരാള്‍ വാതില്‍ അടച്ചുപിടിച്ചു, മറ്റേയാള്‍ എന്റെ കുഞ്ഞിനെ ജനലിലൂടെ താഴേക്ക് എറിഞ്ഞു. വെറും നിമിഷങ്ങള്‍ക്കുള്ളിലാണ് എല്ലാം കഴിഞ്ഞത്. എനിക്ക് ഇപ്പോഴും ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല’- പിതാവ് സജ്ജാദ് ഹുസൈന്‍ കണ്ണീരോടെ പറഞ്ഞു.

എന്തിനീ കൊടും ക്രൂരത?

സംഭവം നടന്നയുടന്‍ ഷാര്‍ജ പൊലീസും സിഐഡിയും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തി. പ്രതികളായ പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അതോറിറ്റിക്ക് കൈമാറിയിരിക്കുകയാണ്. ഇത്രയും ചെറിയ പെണ്‍കുട്ടികള്‍ക്ക് ഒരു കുഞ്ഞിനോട് ഇത്തരമൊരു ക്രൂരത ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകം എന്താണെന്നും ഇതിന് പിന്നിലെ കൃത്യമായ ലക്ഷ്യം എന്താണെന്നും വ്യക്തമല്ല. ദുരന്തത്തിന് പിന്നാലെ തകര്‍ന്ന ഈ കുടുംബം താല്ക്കാലികമായി പാകിസ്ഥാനിലേക്ക് മടങ്ങിയിരിക്കുകയാണ്.