|
സംസ്ഥാനത്ത് പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി വാക്ക് നൽകിയിട്ടും നടപടി തുടരുന്നു. സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി അടക്കമുള്ളവർക്ക് കോടതിയിൽ ഹാജരാവാൻ ആവശ്യപ്പെട്ട് സമൺസ്. ഇന്ന് കോടതിയിൽ ഹാജരാകണം എന്നാണ് സമൺസ്.
തനിക്ക് ഒരു പങ്കുമില്ലാത്ത കേസിലാണ് ഇപ്പോൾ സമൺസ് വന്നിരിക്കുന്നതെന്ന് നാസർ ഫൈസി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സമരയുമായി ബന്ധമുള്ളവർക്കും ബന്ധമില്ലാത്തവർക്കു പോലും ഇപ്പോൾ കേസ് നിലനിൽക്കുന്നുണ്ട്. 40ലേറെ പേർക്കാണ് ഈ കേസിൽ സമൺസ് ലഭിച്ചിരിക്കുന്നത്. പിന്നെ ഏതു കേസാണ് സർക്കാർ പിൻവലിച്ചെന്ന് പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
നാസർ ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പൗരത്വ സമരം:കേസുകൾ ഇനിയും പിൻവലിക്കാതെ!
പൗരത്വ നിയമ ഭേതഗതിക്കെതിരെ കേരളത്തിൽ നടന്ന സമരങ്ങളുടെ കേസുകളെല്ലാം പിൻവലിച്ചു എന്ന് കേരള സർക്കാർ അവകാശപ്പെടുന്നു. എന്നാൽ സമരയുമായി ബന്ധമുള്ളവർക്കും ബന്ധമില്ലാത്തവർക്കു പോലും ഇപ്പോൾ കേസ് നിലനിൽക്കുന്നുണ്ട്. എനിക്ക് ഒരു പങ്കുമില്ലാത്ത ഒരു സമരത്തിൻ്റെ പേരിലാണ് നടക്കാവ് പോലീസ് എടുത്ത കേസിൽ നാളെ (സെപ്തം: 12 ന്) കോഴിക്കോട് നാലാം കോടതിയിൽ ഹാജറാകണമെന്ന് ആവശ്യപ്പെട്ട് കോടതി എനിക്ക് സമൻസ് അയച്ചത്. ഇതേ കേസ് മറ്റു നാല്പതോളം ആളുകൾക്കും ഉണ്ടത്രെ.
പിൻവലിച്ചു എന്ന് പറയുന്നത് പിന്നെ എന്താണ്?
അതേസമയം, പൗരത്വ സമര കേസുകൾ പിൻവലിക്കുമെന്ന പ്രസ്താവന നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന് ജൂൺ 28ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പൗരത്വ സമരക്കാർക്കെതിരെ എടുത്ത 835 കേസുകളിൽ 34 എണ്ണം മാത്രമാണ് പിൻവലിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒരു കേസ് പോലും പിൻവലിച്ചിട്ടില്ല. ഏറ്റവും കൂടുതൽ കേസുകൾ പിൻവലിച്ചത് കണ്ണൂർ ജില്ലയിലാണ്. പൗരത്വ സമര കാലത്ത് സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ എല്ലാം പിൻവലിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു. എന്നാൽ, മുഖ്യമന്ത്രി വാക്ക് പാലിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.



