ബംഗളൂരു: അനധികൃത ഇരുമ്പയിര് കടത്ത് കേസില്‍ കോണ്‍ഗ്രസ് നേതാവും കര്‍ണാടക കാര്‍വാര്‍ എം.എല്‍.എയുമായ സതീഷ് കൃഷ്ണ സെയിലിന് ഏഴു വര്‍ഷം തടവും 44 കോടി രൂപ പിഴയും വിധിച്ചു. ബെലകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസില്‍ നേരത്തെ സതീഷ് കൃഷ്ണ സെയില്‍, സംസ്ഥാന തുറമുഖ വകുപ്പ് ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ മഹേഷ് ജെ ബിലിയെ, ഖനിയുടമ ചേതന്‍ ഷാ തുടങ്ങി ഏഴുപേരെയാണ് ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ശിക്ഷിച്ചത്. ഇവരെ നേരത്തെ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
|
2006- 2008 കാലത്ത് കാര്‍വാറിലെ ബെലകെരി തുറമുഖം വഴി 11,000 മെട്രിക് ടണ്‍ ഇരുമ്പയിര് അനധികൃതമായി വിദേശകാര്യങ്ങളിലേക്ക് കടത്തിയെന്നാണ് ആരോപണം. കേസില്‍ നേരത്തെ സി.ബി.ഐ അറസ്റ്റ്‌ചെയ്തതിനാല്‍ സതീഷ് ഒരു വര്‍ഷത്തോളം ജയിലായിരുന്നു. ജാമ്യം തേടി പുറത്തിറങ്ങിയ അദ്ദേഹത്തെ കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ വീണ്ടും അറസ്റ്റ്‌ചെയ്യുകയുണ്ടായി.
അനധികൃത ഇരുമ്പയിര് കയറ്റുമതി കേസില്‍ സെയില്‍ കുറ്റക്കാരനാണെന്ന് വ്യാഴാഴ്ച പ്രത്യേക കോടതി പ്രഖ്യാപിക്കുകയും എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ശിക്ഷ വിധിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റുകയും ചെയ്തിരുന്നു.
ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതിയുടെ ശിക്ഷയെത്തുടര്‍ന്ന്, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 190(3) പ്രകാരം രണ്ട് വര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിച്ചതിനാല്‍ സതീഷ് കൃഷ്ണ സെയിലിന്റെ എംഎല്‍എ സ്ഥാനവും റദ്ദാക്കപ്പെട്ടു. വിധിക്കെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുമെന്ന് സതീഷിന്റെ അഭിഭാഷകര്‍ അറിയിച്ചു. ഷിരൂരിലെ ഗംഗാവലി പുഴയില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുമ്പിലുണ്ടായിരുന്ന സതീഷ് മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ്.
court sentences MLA Satish Sail to 42 years imprisonment in six cases


