17
Dec 2023
Mon
17 Dec 2023 Mon

ലോകത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നത് ഭീഷണിയാകുന്നു. ചൈനയും ഇന്ത്യയും ഉള്‍പ്പെടെ 40ഓളം രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഉപവകഭേദമായ ജെഎന്‍.1 സാന്നിധ്യം കണ്ടെത്തിയിരുന്നു. സിംഗപ്പൂരിലാണ് ഏറെ ഗുരുതരമായ സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നത്. 56,000 കോവിഡ് കേസുകളാണ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്. ഡിസംബര്‍ മൂന്ന് മുതല്‍ 9 വരെയുള്ള, ഒരാഴ്ചത്തെ കാലയളവില്‍ കോവിഡ് രോഗികളുടെ എണ്ണം 32,035ല്‍ നിന്ന് 56,043 ആയി കുതിച്ചുയര്‍ന്നിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൈനയില്‍ വെറും ഏഴ് പേര്‍ക്ക് മാത്രമാണ് ജെഎന്‍.1 കോവിഡ് രോഗം സ്ഥിരീകരിച്ചത്. ചൈനയില്‍ കണ്ടെത്തിയ പുതിയ ജെഎന്‍.1 വകഭേദങ്ങള്‍ക്ക് വ്യാപനത്തോത് കുറവാണെന്നാണ് ചൈനീസ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, പുതിയ ജെഎന്‍.1 കോവിഡ് വകഭേദത്തെ കുറിച്ച് ആഗോളതലത്തില്‍ ജാഗ്രത വേണമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. വൈറസിന്റെ രോഗതീവ്രത കുറവാണെന്നും പൊതുജനാരോഗ്യത്തിന് ഇത് വലിയ ഭീഷണി ഉയര്‍ത്തില്ലെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

അതേസമയം, അമേരിക്കയിലെ 17 സ്റ്റേറ്റുകളില്‍ കണ്ടെത്തിയ ജെഎന്‍.1 കോവിഡ് വകഭേദം ‘ഉയര്‍ന്നതും’, ‘വളരെ ഉയര്‍ന്നതുമായ’ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. അമേരിക്കയില്‍ കോവിഡ് രോഗബാധിതരില്‍ ആശുപത്രിയില്‍ കിടത്തിചികിത്സ വേണ്ടിവരുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. യുഎസില്‍ 23,432 പേരെയാണ് കഴിഞ്ഞ ആഴ്ച ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയാണ് ഇത്തരത്തില്‍ കാല്‍ലക്ഷത്തോളം പേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്.
സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ട്. കേരളത്തില്‍ ഇന്നലെ 111 കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. കേരളത്തില്‍ ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. രാജ്യത്തെ ആകെ ആക്ടീവ് കേസുകള്‍ 1,828 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ മാത്രം 1,634 കേസുകളുണ്ട്. തമിഴ്‌നാട്ടില്‍ ഇന്നലെ 15 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ നിലവില്‍ 60 ആക്ടീവ് കേസുകളാണുള്ളത്. ഇതില്‍ രണ്ട് കേസുകളാണ് ഇന്നലെ അധികമായി റിപ്പോര്‍ട്ട് ചെയ്തത്. ഗോവയില്‍ ഇന്നലെ രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ ഒരു കേസും അധികമായി റിപ്പോര്‍ട്ട് ചെയ്തു.