ഗോരക്ഷാ ഗുണ്ടാനേതാവ് മോനു മനേസര്‍ അറസ്റ്റില്‍; പിടിയിലായത് ഉത്തരേന്ത്യയിലെ വിവിധ ഹിന്ദുത്വസംഘങ്ങളുടെ ആക്രമണങ്ങള്‍ക്ക് പിന്നിലെ സൂത്രധാരന്‍
|
രാജസ്ഥാന്‍: ഗോരക്ഷാ ഗുണ്ടാനേതാവും ഉത്തരേന്ത്യയിലെ വിവിധ ഹിന്ദുത്വസംഘങ്ങളുടെ ആക്രമണങ്ങള്‍ക്ക് പിന്നിലെ സൂത്രധാരനുമായ മോനു മനേസര്‍ അറസ്റ്റില്‍. ഹരിയാന പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ജൂലൈയില്‍ നൂഹില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളിലേക്ക് നയിച്ച വി.എച്ച്.പി യാത്രയുടെ ഭാഗമായി പ്രകോപനം സൃഷ്ടിച്ചതിനാണു നടപടി. നൂഹ് സംഘര്‍ഷത്തിനു പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതിയെ പൊലീസ് പിടികൂടിയത്.
രാജസ്ഥാന്‍ സ്വദേശികളായ നാസിര്‍, ജുനൈദ് എന്നീ യുവാക്കളെ തട്ടിക്കൊണ്ടുപോയി കത്തിച്ചുകൊന്ന കേസിലും പിടികിട്ടാപുള്ളിയായിരുന്നു ബജ്‌റംഗ്ദള്‍ നേതാവായ മോനു മനേസര്‍ എന്ന മോഹിത് യാദവ്. ഈ സംഭവത്തില്‍ രാജസ്ഥാന്‍ പൊലീസ് ആണ് മോനു മനേസറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.
ഇയാള്‍ക്ക് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നതായി ആരോപണം നിലനില്‍ക്കെയാണ് പിടിയിലായത്. ഐ.ടി നിയമത്തിലെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് മനേസറിനെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍നിന്ന് ഇന്നുതന്നെ ഇയാള്‍ക്കു ജാമ്യം ലഭിക്കാനിടയുണ്ട്. എന്നാല്‍, നാസിര്‍ജുനൈദ് ഇരട്ടക്കൊലയില്‍ ഇയാളെ വിട്ടുകിട്ടാന്‍ ഹരിയാന പൊലീസിനെ സമീപിച്ചിട്ടുണ്ടെന്ന് കേസ് അന്വേഷിക്കുന്ന രാജസ്ഥാനിലെ ഭരത്പൂര്‍ എസ്.പി മൃദുല്‍ കച്ചാവ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 15നാണ് ഭരത്പൂര്‍ സ്വദേശികളായ നാസിര്‍(25), ജുനൈദ്(35) എന്നിവരെ പശുക്കടത്ത് ആരോപിച്ച് ഗോരക്ഷാ സംഘം ഹരിയാനയിലേക്കു തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊന്നത്. പിന്നീട് ഇവരെ വാഹനത്തിലിട്ട് ചുട്ടുകൊല്ലുകയായിരുന്നു.





