കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ പിടിമുറുക്കാന്‍ ലക്ഷ്യമിട്ട് ആര്‍എസ്എസ് നീക്കം. സി.പി. രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാനുള്ള ബിജെപി തീരുമാനം ഇതിന്റെ ഭാഗമാണ്. പ്രമുഖ പദവികളിലേക്ക് പാര്‍ട്ടിക്ക് പുറത്ത് നിന്നുള്ളവരെ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തി ഉറച്ച ആര്‍എസ്എസുകാരെ തിരഞ്ഞെടുക്കുന്നു എന്നതും ബിജെപിയുടെ ചുവട് മാറ്റത്തിന്റെ സൂചന നല്‍കുന്നു.
|
ദക്ഷിണേന്ത്യയില്‍നിന്നുള്ള പ്രാതിനിധ്യം എന്നതും തമിഴ്നാട്ടില്‍നിന്നുള്ള നേതാവ് എന്നതുമാണ് രാധാകൃഷ്ണന് അനുകൂലമായ പ്രധാനഘടകം. അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടില്‍ ഈ നീക്കം ഗുണംചെയ്യുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.
ആര്‍എസ്എസ് പശ്ചാത്തലവും രാധാകൃഷ്ണന് അനുകൂലമായി. 16-ാം വയസ്സുമുതല്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. 96-ല്‍ തമിഴ്നാട് ബിജെപി ജനറല്‍ സെക്രട്ടറിയായി. 2004 മുതല്‍ 2007 വരെ സംസ്ഥാനാധ്യക്ഷനും. ഇടക്കാലത്ത് പാര്‍ട്ടിയിലും ഭരണത്തിലും അയഞ്ഞുപോയ പിടി ഒന്നുകൂടി മുറുക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചിട്ടുണ്ട്.
ALSO READ: ഓണപ്പരീക്ഷ ഇന്ന് മുതല്‍; ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി
1957 ഒക്ടോബര്‍ 20-ന് തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണന്‍ എന്ന സി.പി. രാധാകൃഷ്ണന്റെ ജനനം. ബിസിനസ് അഡ്മിനിസ്ട്രേഷന്‍ ബിരുദധാരിയാണ്. 1998-ലും 1999-ലും കോയമ്പത്തൂരില്‍നിന്ന് ലോക്സഭാംഗമായ രാധാകൃഷ്ണന്‍, പിന്നീട് മൂന്ന് ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു.
മഹാരാഷ്ട്രയില്‍ ഗവര്‍ണറാകുന്നതിന് മുന്‍പ് ഝാര്‍ഖണ്ഡില്‍ ഗവര്‍ണറായിരുന്നു. തെലങ്കാന ഗവര്‍ണറുടെയും പുതുച്ചേരി ലെഫ്. ഗവര്‍ണറുടെയും അധികച്ചുമതല വഹിച്ചിട്ടുണ്ട്. 2020 മുതല്‍ 22 വരെ കേരളത്തിലെ ബിജെപിയുടെ ചുമതല വഹിച്ചിരുന്നു.
സി.പി. രാധാകൃഷ്ണനെ ഐകകണ്‌ഠ്യേന ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കണമെന്നാണ് ആഗ്രഹമെന്ന് ജെ.പി. നഡ്ഡ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി നേരത്തേ സംസാരിച്ചിരുന്നു.
എന്‍ഡിഎ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചശേഷമേ അഭിപ്രായം അറിയിക്കാന്‍ കഴിയൂവെന്നാണ് പ്രതിപക്ഷം അറിയിച്ചതെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി വീണ്ടും സംസാരിക്കുമെന്നും നഡ്ഡ പറഞ്ഞു.
അതേസമയം, ഹാര്ഡ് കോര്‍ ആര്‍എസ്എസുകാരനായ രാധാകൃഷ്ണന്റെ കാര്യത്തില്‍ പ്രതിപക്ഷം എന്ത് നിലപാടെടുക്കുമെന്ന് കാത്തിരുന്ന് കാണണം. സെപ്റ്റംബര്‍ ഒമ്പതിനാണ് തിരഞ്ഞെടുപ്പ്.


