24
Apr 2025
Wed
24 Apr 2025 Wed
cpim leader mv jayarajan allegation against muslim league on Waqf land

കോഴിക്കോട്: മുസ്ലിം ലീഗിന്റെ വഖ്ഫ് സംരക്ഷണ റാലി ഇന്ന് കോഴിക്കോട്ട് നടക്കാനിരിക്കെ, കണ്ണൂരില്‍ ലീഗിന്റെ ഒത്താശയോടെ നടന്ന കോടികളുടെ വഖ്ഫ് കൈയേറ്റത്തിന്റെ പട്ടികയുമായി സിപിഎം നേതാവ് എംവി ജയരാജന്‍. ലീഗ് ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോതെ തളിപ്പറമ്പില്‍ വഖഫ് ഭൂമി തട്ടിയെടുക്കുകയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജന്‍ ആരോപിച്ചത്. വഖഫ് നിയമഭേദഗതിയിലൂടെ വഖഫ് സ്വത്തുകള്‍ പിടിച്ചെടുക്കാന്‍ ബിജെപി പരിശ്രമിക്കുമ്പോഴാണ് ഈ നീക്കമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആണ് ചൂണ്ടിക്കാട്ടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമിട്ട് പ്രഗത്ഭരായ നേതാക്കള്‍ തുടങ്ങിയ കാനനൂര്‍ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷണല്‍ അസോസിയേഷന്‍ നിയന്ത്രിക്കുന്നത് വഖ്ഫ് ഭൂമി തട്ടിയെടുക്കാന്‍ വ്യാജരേഖയുണ്ടാക്കിയ മുസ്ലിം ലീഗ് നേതാക്കളാണ്. കോടികള്‍ വിലമതിക്കുന്ന ഭൂമി തട്ടിപ്പിന് നേതൃത്വംകൊടുത്തവര്‍ മുഴുവന്‍ മുസ്ലിം ലീഗ് നേതാക്കളാണ്. ഇന്ന് കോഴിക്കോട്ട് വഖ്ഫ് സംരക്ഷണ റാലി നടത്താന്‍ പോകുന്ന ലീഗുകാര്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായ പാണക്കാട് സാദിക്കലി തങ്ങള്‍ ഖാദിയായ തളിപ്പറമ്പ് മുസ്‌ലിം ജമാഅത്ത് പള്ളിയുടെ വഖ്ഫ് ഭൂമി തട്ടിയെടുക്കാന്‍ ഭൂമിയുടെ തണ്ടപ്പേരും വസ്തുനികുതി രസീതും പള്ളിക്കമ്മിറ്റിയുടെ പേരില്‍നിന്ന് ലീഗ് ജില്ലാ നേതാക്കള്‍ ഭാരവാഹികളായ ട്രസ്റ്റിന്റെ പേരിലാക്കിയെന്ന ആരോപണവും ജയരാജന്‍ ഉന്നയിച്ചു.

1967ല്‍ 25 ഏക്കര്‍ വഖഫ് ഭൂമി ഒരേക്കറിന് അഞ്ചുരൂപ നിരക്കിലാണ് അസോസിയേഷന് പള്ളിക്കമ്മിറ്റി 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയിരിക്കുന്നത്. തുച്ഛമായ തുകയായിട്ടും 2004 വരെ കരാര്‍പ്രകാരമുള്ള പാട്ടത്തുകയായ 4525 രൂപ പോലും തളിപ്പറമ്പ് ജമാഅത്ത് പള്ളി കമ്മിറ്റിക്ക് ഇതുവരെ നല്‍കിയില്ല. 2004ല്‍ പാട്ടത്തുക 3000 രൂപയായും 2016ല്‍ മൂന്ന് ലക്ഷമായും വര്‍ധിപ്പിച്ചു. ഇക്കഴിഞ്ഞ 58 വര്‍ഷത്തിനിടെ ആകെ നാല് വര്‍ഷം മാത്രമാണ് പാട്ടത്തുക അടച്ചത്. പാട്ടത്തുക അടച്ചില്ലെങ്കില്‍ കരാര്‍ റദ്ദാക്കപ്പെടാമെന്നാണ് വ്യവസ്ഥയെങ്കിലും ഭൂമി കൈവശംവെക്കാന്‍ അനുവദിച്ചു.

1967ല്‍ വഖ്ഫ് ബോര്‍ഡ് പാട്ടവ്യവസ്ഥപ്രകാരം അനുമതി നല്‍കിയത് 21.53 ഏക്കര്‍ മാത്രമാണെങ്കിലും അസോസിയേഷന്റെ കൈവശം ഇപ്പോഴുള്ളത് 30 ഏക്കര്‍ ഭൂമിയാണ്. പാട്ടത്തിനെടുത്തും കൈയേറിയതുമായ ഈ ഭൂമിയിലാണ് സര്‍ സയ്യിദ് കോളേജ് ഉള്‍പ്പടെയുള്ള അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചത്. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഏകദേശം 10 ഏക്കര്‍ ആണ് ലീഗ് നേതാക്കളുള്‍പ്പെടെയുള്ളവര്‍ കൈയേറിയത്. അങ്ങനെ കൈവശപ്പെടുത്തിയ ഭൂമിയില്‍ 1973ല്‍ ഹോസ്റ്റല്‍ പണിതു. ഹോസ്റ്റല്‍ ഭൂമി വഖഫിന്റേതാണെന്ന് വഖഫ് ട്രിബ്യൂണല്‍ ഉത്തരവിറക്കിയതാണ്. പാട്ടവ്യവസ്ഥയില്‍ ലഭിച്ച വഖ്ഫ് ഭൂമി വ്യാജരേഖകളുണ്ടാക്കി കൈവശപ്പെടുത്താനായിരുന്നു ലീഗുകാര്‍ ശ്രമിച്ചത്. ഈ പള്ളിയുടെ ഖാദി സാദിക്കളി ശിഹാബ് തങ്ങള്‍ ആണെന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം, സര്‍ സയ്യിദ് കോളേജിനും മാനേജ്മന്റ് കമ്മിറ്റിയായ കണ്ണൂര്‍ ജില്ലാ മുസ്‌ലിം എജുക്കേഷണല്‍ അസോസിയേഷനും(സിഡിഎംഇഎ) എതിരായ ജയരാജന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് സിഡിഎംഇഎ എക്‌സിക്യൂട്ടീവ് യോഗം അറിയിച്ചു. 1966ല്‍ വഖഫ് ബോര്‍ഡിന്റെ അന്നത്തെ സെക്രട്ടറി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വഖഫ് ബോര്‍ഡിന്റെ നിയമാനുസൃതമായ അനുമതിപ്രകാരമാണ് 1967ല്‍ തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിക്കുവേണ്ടി അന്നത്തെ മുതവല്ലി കെ.വി. സൈനുദ്ദീന്‍ ഹാജി ഭൂമി നല്‍കിയതെന്നും അതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായി തറവാടക നല്‍കിയാണ് കോളേജും മറ്റു സ്ഥാപനങ്ങളും നടത്തുന്നതെന്നും സിഡിഎംഇഎ അറിയിച്ചു.

ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് ലീഗിന്റെ വഖ്ഫ് സംരക്ഷണറാലി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്നും സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. മഹാറാലിയുടെ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മണ്ഡലങ്ങളില്‍ വാഹന പര്യടനങ്ങള്‍ നടന്നിരുന്നു. പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ പഞ്ചാബ് പിസിസി പ്രസിഡന്റും ലോക്‌സഭാംഗവുമായ അമരീന്ദര്‍ സിങ് രാജാ വാറിങ് മുഖ്യാതിഥിയായിരിക്കും. റാലിയുമായി ബന്ധപ്പെട്ട് നഗരത്തില്‍ നാളെ മൂന്നു മണി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

cpim leader mv jayarajan allegation against muslim league taliparamba Waqf land