19
Nov 2025
Tue
19 Nov 2025 Tue
cpm candidate case

പയ്യന്നൂരില്‍ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസില്‍ തദ്ദേശ സി.പി.എം സ്ഥാനാര്‍ത്ഥി അടക്കം രണ്ടു പേര്‍ക്ക് 20 വര്‍ഷം കഠിന തടവ്. പയ്യന്നൂര്‍ നഗരസഭ 46-ാം വാര്‍ഡ് പുതിയങ്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പയ്യന്നൂര്‍ കാറമേല്‍ വി.കെ നിഷാദ്, വെള്ളൂര്‍ ടി.സി.വി നന്ദകുമാര്‍ എന്നിവര്‍ക്കെതിരേയാണ് കോടതി ശിക്ഷ വിധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ് വി.കെ നിഷാദ്. 2012 ആഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. പട്ടാപ്പകല്‍ പൊലീസുകാരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. രണ്ടര ലക്ഷം രൂപ വീതം പിഴയും അടക്കണം. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍ പ്രശാന്തിന്റെതാണ് ശിക്ഷാവിധി.

കേസില്‍ എ. മിഥുന്‍, കെ.വി കൃപേഷ് എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. പയ്യന്നൂര്‍ എസ്.ഐ ആയിരുന്ന കെ.പി രാമകൃഷ്ണന്റെ വാഹനത്തിനു നേരെ ബൈക്കില്‍ എത്തി ബോംബെറിയുകയായിരുന്നു. വധശ്രമം, സ്‌ഫോടക വസ്തു നിയമത്തിലെ മൂന്നു വകുപ്പുകള്‍ എന്നിവ അടക്കം തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.

ALSO READ: നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബര്‍ 8ന്; ദിലീപ് എട്ടാം പ്രതി

ബോംബ് കൈവശം വെച്ചതിന് അഞ്ചു വര്‍ഷം കഠിന തടവ്, പൊലീസുകാര്‍ക്കെതിരെ ബോംബെറിഞ്ഞതിന് 10 വര്‍ഷം കഠിന തടവ്, വധശ്രമക്കേസില്‍ അഞ്ച് വര്‍ഷം കഠിന തടവ് എന്നിങ്ങനെ 20 വര്‍ഷം കഠിന തടവാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ 10 വര്‍ഷം കഠിന തടവ് അനുഭവിച്ചാല്‍ മതിയാകും.

ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയും നിലവില്‍ പയ്യന്നൂര്‍ കാറമേല്‍ വെസ്റ്റ് കൗണ്‍സിലറുമാണ് നിഷാദ്. ഇത്തവണ മൊട്ടമ്മല്‍ വാര്‍ഡില്‍നിന്നാണ് മത്സരിക്കുന്നത്. പത്രിക നല്‍കുന്ന സമയത്ത് ശിക്ഷ വിധിക്കാത്തതിനാല്‍ മത്സരിക്കുന്നതിന് തടസ്സമില്ല. ഇവിടെ ഡമ്മി സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ സി.പി.എം വെള്ളൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയംഗം എം.ഹരീന്ദ്രന്‍ പത്രിക പിന്‍വലിച്ചിട്ടില്ല. നിഷാദിന് മത്സരിക്കാന്‍ തടസമുണ്ടായാല്‍ സ്ഥാനാര്‍ഥിയില്ലാതാകുന്ന സാഹചര്യം ഒഴിവാക്കാനാണിത്.

വി.കെ നിഷാദ് മത്സരത്തില്‍ വിജയിച്ചാല്‍ ജനപ്രതിനിധിയായി തുടരാന്‍ കോടതി വിധി തടസമാകും. പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റവും സ്‌ഫോടക വസ്തു നിരോധന നിയമവും തെളിഞ്ഞെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.

ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജന്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് പയ്യന്നൂര്‍ ടൗണില്‍ വെച്ച് പൊലീസിനെതിരെ നിഷാദ് അടക്കമുള്ള പ്രതികള്‍ ബോംബ് എറിഞ്ഞത്.