|
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയോടുള്ള എതിര്‍പ്പ് കേരളത്തിലെ സൈബര്‍ സഖാക്കള്‍ തുടരുമെങ്കിലും പാര്‍ട്ടി കേന്ദ്രകമ്മിറ്റി യാത്രയെ വിമര്‍ശിക്കില്ല. അഞ്ചുമാസം നീണ്ടുനില്‍ക്കുന്ന യാത്ര ബി.ജെ.പി ദുര്‍ബലമായ കേരളത്തില്‍ 18 ദിവസവും ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ഉത്തര്‍പ്രദേശില്‍ രണ്ടുദിവസവും ചെലവഴിക്കുന്നത് വിവാദമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളത്തിലെ ഇടതുപ്രൊഫൈലുകള്‍ യാത്രയ്‌ക്കെതിരേ കടുത്ത വിമര്‍ശനമാണ് ചൊരിഞ്ഞത്. ബി.ജെ.പിക്കെതിരായ യാത്രയ്ക്ക് എന്തിനാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്നായിരുന്നു സി.പി.എം അണികളുടെ ചോദ്യം. എന്നാല്‍, യാത്രയ്‌ക്കെതിരേ യാതൊരു വിമര്‍ശനവും വേണ്ടതില്ലെന്നാണ് സി.പി.എം കേന്ദ്രനേതൃത്വം നിലപാടെടുത്തത്.
വ്യാഴാഴ്ച ചേര്‍ന്ന സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇതുസംബന്ധിച്ച നിലപാട് കൈക്കൊണ്ടത്. രാഹുലിന്റെ യാത്രയോടുള്ള സമീപനം പി.ബി യോഗം വിശദമായി തന്നെ ചര്‍ച്ചചെയ്തു. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയെ പരിഹസിക്കുന്ന കേരളത്തിലെ പാര്‍ട്ടി നേതാക്കളുടെ നടപടികളും യോഗത്തില്‍ ചര്‍ച്ചയായി. സി.പി.എം ഭരിക്കുന്ന കേരളത്തില്‍ നിന്ന് യാത്ര ആരംഭിച്ചതു പാര്‍ട്ടിയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയെങ്കിലും അതേ കുറിച്ചുള്ള ആശങ്ക പരസ്യമാക്കേണ്ടതില്ലെന്ന നിലപാടില്‍ പി.ബി എത്തിച്ചേരുകയായിരുന്നു.
കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്വാധീനം കണക്കിലെടുത്താകണം ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് കൂടുതല്‍ ദിനങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന കോണ്‍ഗ്രസിന്റെ വാദം ഇക്കാര്യത്തില്‍ പി.ബി അംഗീകരിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശക്തികേന്ദ്രങ്ങളില്‍ ഇത്തരം യാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. അതിനാലാകും കേരളത്തില്‍ യാത്രാദിനങ്ങള്‍ കൂടുതലുള്ളതെന്നാണ് സി.പി.എം വിലയിരുത്തുന്നത്. ഭാരത് ജോഡോ യാത്ര പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍ ഉണ്ടാക്കില്ല. രാജ്യം ഭരിക്കുന്ന ബി.ജെ.പിയെ നേരിടണമെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വയമേ ശക്തിപ്പെടണം. ഇതു മുന്നില്‍ക്കണ്ടായിരിക്കാം കോണ്‍ഗ്രസ് യാത്ര സംഘടിപ്പിക്കുന്നതെന്നും പി.ബി വിലയിരുത്തി.
കേരളത്തില്‍ 18 ദിവസവും ഉത്തര്‍പ്രദേശില്‍ രണ്ടു ദിവസവും നടത്തുന്ന യാത്ര ഗുജറാത്ത്, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളില്‍ പോകുന്നുമില്ല. പിന്നെ ഇതെങ്ങിനെ ബി.ജെ.പി വിരുദ്ധ യാത്രയാവുമെന്നായിരുന്നു സി.പി.എം ചോദ്യം. സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയ വിഴിഞ്ഞം സമരത്തില്‍, സമരസമിതിയുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയതും പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു. യാത്രക്കിടെ മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശ് മുഖ്യമന്ത്രി പിണറായി വിജയനെ ‘മുണ്ടെടുത്ത മോദി’ എന്ന് വിശേഷിപ്പിച്ചതും അമര്‍ഷത്തിന് ഇടയാക്കി. ഇതോടെയാണ് ഭാരത് ജോഡോ യാത്രയെ കേരളത്തിലെ സി.പി.എം നേതാക്കള്‍ തന്നെ പരസ്യമായി വിമര്‍ശിച്ചത്.



