തലശ്ശേരി: റിജിത്ത് വധക്കേസില്‍ 9 ആര്‍എസ്എസ്/ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. (cpm worker rijith murder case: 9 RSS activists sentenced to life imprisonment ) കണ്ണപുരം ചുണ്ട ബ്രാഞ്ച് അംഗമായിരുന്ന അലച്ചി ഹൗസില്‍ റിജിത്ത് ശങ്കരനെ കൊലപ്പെടുത്തിയ കേസില്‍ കോടതി കുറ്റക്കാരായി കണ്ടെത്തിയ പ്രതികള്‍ക്കാണ് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് ശിക്ഷ വിധിച്ചത്.
|
ക്രൂരമായ കൊലപാതകത്തില്‍ ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരായ ഒമ്പത് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 10 പ്രതികളുണ്ടായിരുന്ന കേസില്‍ മൂന്നാം പ്രതി കണ്ണപുരം ചുണ്ടയിലെ കൊത്തില താഴെവീട്ടില്‍ അജേഷ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.
കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടന്‍ വീട്ടില്‍ സുധാകരന്‍ (57), കോത്തിലതാഴെ വീട്ടില്‍ ജയേഷ് (41), ചാങ്കുളത്ത്പറമ്പില്‍ രഞ്ജിത്ത് (44), പുതിയപുരയില്‍ അജീന്ദ്രന്‍ (51), ഇല്ലിക്കവളപ്പില്‍ അനില്‍കുമാര്‍ (52), പുതിയപുരയില്‍ രാജേഷ് (46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടില്‍ ശ്രീകാന്ത് (47), സഹോദരന്‍ ശ്രീജിത്ത് (43), തെക്കേവീട്ടില്‍ ഭാസ്‌കരന്‍ (67) എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം തടവ് വിധിച്ചത്. ഇതോടൊപ്പം ഒരു ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ കൊലപാതകം (302), വധശ്രമം (307), അന്യായമായി സംഘംചേരല്‍ (143), സംഘം ചേര്‍ന്ന് ലഹളയുണ്ടാക്കല്‍ (147), തടഞ്ഞുവെക്കല്‍ (341), ആയുധം ഉപയോഗിച്ച് പരിക്കേല്‍പിക്കല്‍ (324) വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ്, 10 പ്രതികള്‍ ആയുധവുമായി സംഘം ചേര്‍ന്നതിന് 148, 149 വകുപ്പ് പ്രകാരം കുറ്റക്കാരാണ്.
2005 ഒക്ടോബര്‍ മൂന്നിന് ആണ് കേസിനാസ്പദമായ സംഭവം. രാത്രി 7.45ന് കണ്ണപുരം ചുണ്ട തച്ചന്‍കണ്ടിയാല്‍ ക്ഷേത്രത്തിനടുത്തുണ്ടായ ആര്‍.എസ്.എസ് ആക്രമണത്തിലാണ് റിജിത്ത് കൊല്ലപ്പെട്ടത്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ കെ.വി. നികേഷ്, ആര്‍.എസ്. വികാസ്, കെ.എന്‍. വിമല്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. വീട്ടിലേക്ക് നടന്നുപോവുമ്പോഴായിരുന്നു ആക്രമണം. കുത്തേറ്റ റിജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
വാക്കത്തി, കഠാര, വടിവാള്‍, വലിയ കഠാര, സ്റ്റീല്‍പൈപ്പ് എന്നിവയാണ് കൊലക്ക് ഉപയോഗിച്ചത്. ചോരപുരണ്ട ആയുധങ്ങളും പ്രതികളുടെ വസ്ത്രവും പൊലീസ് കണ്ടെത്തിയിരുന്നു.
വളപട്ടണം സി.ഐ ടി.പി. പ്രേമരാജനാണ് കേസ് അന്വേഷിച്ചത്. 2006 മാര്‍ച്ച് 14ന് കുറ്റപത്രം നല്‍കി. കേസില്‍ 28 സാക്ഷികളെ വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലുകളും അടയാളപ്പെടുത്തി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി. ശശീന്ദ്രന്‍ ഹാജരായി.


