26
Jan 2026
Thu
26 Jan 2026 Thu
up police

മീററ്റ്: അജ്ഞാത മൃതദേഹം അടയാളങ്ങളിലൂടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞ് പോലീസ് സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. സുശീല്‍ കുമാര്‍ എന്ന 44 കാന്റേതാണന്ന് തിരിച്ചറിഞ്ഞാണ് ദഹിപ്പിച്ചത്. എന്നാല്‍, സംസ്‌കാരം കഴിഞ്ഞ് മൂന്നാഴ്ചയ്ക്കു ശേഷം സുശീല്‍ കുമാര്‍ സംഭാലിലെ തിരക്കേറിയ ഒരു ജംഗ്ഷനിലൂടെ നടന്നുപോകുന്നതായി കണ്ടെത്തി. ഇതോടെ അന്വേഷണം അവസാനിപ്പിച്ച ഒരു കൊലപാതക കേസ് വീണ്ടും പുനരാരംഭിക്കാന്‍ നിര്‍ബന്ധിരായിരിക്കുയാണ് പോലീസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസംബര്‍ 24-ന് ബഹ്ജോയിയിലെ നാരായണ്‍ ടോളയില്‍ തല തകര്‍ന്ന നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. മൃതദേഹത്തിലെ പച്ചകുത്തിയ അടയാളവും ശരീരപ്രകൃതിയും കണ്ട് ഇത് സുശീല്‍ കുമാറാണെന്ന് സഹോദരങ്ങള്‍ ഉറപ്പിച്ചു. വര്‍ഷങ്ങളായി കുടുംബവുമായി ബന്ധമില്ലാതിരുന്ന സുശീലിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പോലീസ് ദഹിപ്പിക്കുകയും ചെയ്തു.

സുശീലിന്റെ പഴയൊരു കൂട്ടുകാരന്‍ നല്‍കിയ സൂചനയാണ് കേസില്‍ വഴിത്തിരിവായത്. ഡിസംബര്‍ 24-ന് ശേഷവും സുശീലിനെ കണ്ടിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ സുശീലിനെ പോലീസിന് മുന്നിലെത്തിച്ചു.

ALSO READ: കശ്മീരിലെ പള്ളികളുടെയും ഇമാമുമാരുടെയും വിവരങ്ങള്‍ ശേഖരിച്ച് പോലീസ്; വന്‍ പ്രതിഷേധം

‘സഹോദരങ്ങള്‍ പറഞ്ഞതില്‍ സംശയിക്കാന്‍ ഒരുകാരണവും ഉണ്ടായിരുന്നില്ല. മൃതദേഹവും സുശീലും തമ്മില്‍ അത്രയും സാമ്യമുണ്ടായിരുന്നു. പച്ചകുത്തിയ അടയാളവും ശരീരഘടനയും എല്ലാം ഒരുപോലെയായിരുന്നു,’ എന്ന് ബഹ്ജോയി എസ്എച്ച്ഒ സന്ത് കുമാര്‍ പറഞ്ഞു.

മൃതദേഹം ദഹിപ്പിച്ചു കഴിഞ്ഞതിനാല്‍ ഇനി ഡിഎന്‍എ പരിശോധന പോലും നടത്താന്‍ കഴിയില്ലെന്ന് സംഭല്‍ അഡീഷണല്‍ എസ്പി അനുകൃതി ശര്‍മ്മ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്തുക എന്നത് പോലീസിന് ഇപ്പോള്‍ വലിയ വെല്ലുവിളിയാണ്.

സുശീലിനെ കണ്ടെത്തിയെങ്കിലും കുടുംബം ഇപ്പോഴും അകല്‍ച്ചയിലാണ്. ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം അവന്‍ പണ്ടേ ഇല്ലാതായതാണ്, അവനുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല,’ എന്ന് ഒരു ബന്ധു പറഞ്ഞു. നിസ്സാര മോഷണക്കേസുകളില്‍ പ്രതിയായ സുശീല്‍ ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.