16
Sep 2023
Sat
16 Sep 2023 Sat

ഒരുകാലത്ത് തിരക്കേറിയ നടന്‍, ‘അമ്മ’യുടെ ആദ്യ ജനറല്‍ സെക്രട്ടറി; ഇപ്പോള്‍ കൂട്ടിന് ആരുമില്ല, ഓര്‍മ നശിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: അറുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ച, അമ്മ സംഘടനയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ടി.പി മാധവന്റെ ഇപ്പോഴത്തെ അവസ്ഥകള്‍ പുറത്ത്. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ഗാന്ധിഭവനില്‍ കഴിയുന്ന മാധവന് ഇപ്പോള്‍ ഓര്‍മയും നഷ്ടമായി. കുടുംബത്തില്‍നിന്ന് കൂടെ ആരുമില്ല. വിളിക്കാനും ആരുമില്ലാതായിരിക്കുന്നു.

ഒരുസമയത്ത് മലയാള സിനിമാരംഗത്തെ നിറസാന്നിധ്യമായിരുന്നു നടന്‍ ടി പി മാധവന്‍. ഹാസ്യവേഷങ്ങളും ഗൗരവമേറിയ കഥാപാത്രങ്ങളുമടക്കം ഒട്ടേറെ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ നടനാണ് അദ്ദേഹം. ആദ്യകാലങ്ങളില്‍ വില്ലന്‍ കഥാപത്രങ്ങളിലും പിന്നീട് കോമഡി കഥാപാത്രങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. 600 ഓളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ഇപ്പോള്‍ പത്തനാപുരത്തുള്ള ഒരു ഗാന്ധി ഭവന്‍ അന്തേവാസിയാണ്. അനാരോഗ്യവും ദരിദ്രവുമായിരുന്നു അദ്ദേഹത്തെ അവിടെ എത്തിച്ചത്.

ആരെങ്കിലും കാണാന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഓ എന്നെ കാണാന്‍ ആര് വരാനാണ്’ എന്നാണ് മാധവന്റെ മറുപടി. സഹപ്രവര്‍ത്തകരെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അവര്‍ക്കാര്‍ക്കും വരാനുള്ള സമയമില്ലെന്നും അദ്ദേഹം പറയുന്നു.എട്ട് വര്‍ഷം മുമ്പ് സിനിമയില്‍ നിന്ന് വിട്ട് തീര്‍ത്ഥാടനത്തിനായി ഹരിദ്വാറിലേക്ക് പോയതായിരുന്നു മാധവന്‍. അവിടെവച്ച് മുറിയില്‍ കുഴഞ്ഞുവീണു. സന്ന്യാസിമാരും മറ്റുള്ളവരുമെല്ലാം ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ഏറെക്കുറേ നടക്കാമെന്നായപ്പോള്‍ അവര്‍ കേരളത്തിലേക്ക് വണ്ടി കയറ്റിവിട്ടു. തിരുവനന്തപുരത്തെ ലോഡ്ജ് മുറിയിലായിരുന്നു താമസം. ദുരിത ജീവിതം നയിക്കുന്നതിനിടയില്‍ സീരിയല്‍ സംവിധായകന്‍ പ്രസാദാണ് ഗാന്ധിഭവനിലെത്തിച്ചത്. ആരോഗ്യം കുറച്ച് മെച്ചപ്പെട്ടപ്പോള്‍ ചില സീരിയലുകളിലും അഭിനയിച്ചിരുന്നു.

ഗാന്ധിഭവനില്‍ എത്തിയിട്ട് എട്ടു വര്‍ഷമായങ്കിലും ടി.പി. മാധവനെ കാണാന്‍ സുരേഷ് ഗോപി, ഗണേഷ് കുമാര്‍, ജയരാജ് വാര്യര്‍, നടി ചിപ്പി, ഭര്‍ത്താവും നിര്‍മാതാവുമായ എം.രഞ്ജിത്, മധുപാല്‍ തുടങ്ങി ചുരുക്കം ചില സഹപ്രവര്‍ത്തകര്‍ മാത്രമാണ് എത്തിയതെന്നും അദ്ദേഹത്തിന്റെ അവസാനകാലം വരെ ഗാന്ധിഭവന്‍ ശുശ്രൂഷ നല്‍കുമെന്നും ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ അമല്‍ രാജ് പറഞ്ഞു.

ഗാന്ധിഭവനിലെ പ്രധാന ഓഫിസിനു മുകളിലുള്ള മുറിയാണ് മാധവനു താമസിക്കാന്‍ നല്‍കിയത്. അദ്ദേഹത്തിനു ലഭിച്ച പുരസ്‌കാരങ്ങളും മറ്റും ഷോകേസില്‍ വച്ചിട്ടുണ്ട്. ഗാന്ധിഭവനില്‍ എത്തിയതിനു ശേഷമാണ് പ്രേം നസീര്‍ പുരസ്‌കാരം, രാമു കാര്യാട്ട് അവാര്‍ഡ് എന്നീ രണ്ടു പ്രമുഖ പുരസ്‌കാരങ്ങള്‍ അദേഹത്തിന് ലഭിച്ചതെന്ന് അമല്‍ രാജ് പറഞ്ഞു.

ഗാന്ധിഭവനില്‍ എത്തി ആരോഗ്യം മെച്ചപ്പെട്ട ശേഷം അദ്ദേഹം ഒന്നുരണ്ടു സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിരുന്നു. പിന്നീട് മറവിരോഗം ബാധിച്ചു.

പ്രശസ്ത അധ്യാപകന്‍ പ്രഫ. എന്‍.പി.പിള്ളയുടെ മകനാണ് ടി.പി. മാധവന്‍. സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം മുംബൈയിലും കൊല്‍ക്കത്തയിലും മറ്റും പരസ്യ ഏജന്‍സികള്‍ നടത്തിയിരുന്നു. നാല്‍പതാമത്തെ വയസ്സിലാണ് നടന്‍ മധുവിനെ പരിചയപ്പെട്ടതും മധു സംവിധാനം ചെയ്ത പ്രിയ എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്തത്. സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായി പത്തുവര്‍ഷ പ്രവര്‍ത്തിച്ചു.

മകന്‍ രാജകൃഷ്ണമേനോന്‍ ബോളിവുഡില്‍ അറിയപ്പെടുന്ന സംവിധായകനാണ്. മകന് രണ്ടരവയസ്സ് പ്രായമുള്ളപ്പേഴാണ് മാധവന്‍ കുടുംബത്തെ ഉപേക്ഷിച്ച് സിനിമയിലേക്ക് മാത്രമായി ജീവിതം മാറ്റി വെച്ചത്. സിനിമാ മോഹം കൂടിയപ്പോള്‍ പിന്നെ കുടുംബവുമായി പിന്നീട് ബന്ധപ്പെട്ടിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് മകനെ ഒന്ന് കാണണം എന്ന ആ?ഗ്രഹം ഉണ്ടെന്ന് പറയുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ ഉപേക്ഷിച്ച് പോയ അച്ഛനെ ഇനി കാണണ്ട എന്ന് രാജകൃഷ്ണമേനോന്‍ മുമ്പരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.