ഇടുക്കി കമ്പംമെട്ടിൽ ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരിയെയും കുത്തിക്കൊന്ന യുവാവിന് ജീവപര്യന്തം തടവ്. തേർഡ് ക്യാംപ് സ്വദേശി മൈലാടിയിൽ സുജിൻ എന്ന കണ്ണനെ(33)യാണ് കമ്പംമെട്ട് ചേലമൂട് ഭാഗത്ത് പുത്തൻപുരയ്ക്കൽ ഓമനയെയും മകൾ ബീനയെയും കുത്തിക്കൊന്ന കേസിൽ തൊടുപുഴ അഡിഷണൽ IV ജില്ലാ ജഡ്ജി പി എൻ സീത ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരം പ്രതിക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും 449 വകുപ്പ് പ്രകാരം 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.
|
ഓമനുടെ മറ്റൊരു മകളായ വിനീതയുടെ ഭർത്താവ് ആണ് കണ്ണൻ. 2018ലാണ് പ്രതി ഓമനയെയും ബീനയെയും വീട്ടിൽ കയറി കുത്തിക്കൊന്നത്. കണ്ണനോട് പിണങ്ങി ഓമനയുടെ വീട്ടിൽ നിൽക്കുകയായിരുന്നു വിനീത. വിനീതയെ തിരികെ വീട്ടിലേക്കു കൂട്ടിക്കൊണ്ട് പോവാൻ കണ്ണന്റെ അമ്മ എത്തിയെങ്കിലും കേസ് കാര്യങ്ങൾ പറഞ്ഞു ധാരണയിൽ എത്തിയതിനു ശേഷം കൊണ്ട് പോയാൽ മതിയെന്നായിരുന്നു ഓമനയുടെ നിലപാട്.
ഇതിന്റെ വിരോധത്തിൽ കണ്ണൻ വീട്ടിലെത്തി ഓമനയെ ആക്രമിക്കുകയും തടയാൻ ശ്രമിച്ച ബീനയെ കുത്തിവീഴ്ത്തുകയുമായിരുന്നു. ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിയെ മേലേചിന്നാർ സ്വദേശികൾ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു. കൊലപാതകത്തിന് ദൃക്സാക്ഷിയായ അയൽവാസി രേഖയുടെ മൊഴി കേസിൽ നിർണായകമായി.
പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പ്രോസിക്യൂട്ടർ അഡ്വ. വി എസ് അഭിലാഷ് ഹാജരായി. നെടുംകണ്ടം സി ഐ ആയിരുന്ന റെജി കുന്നിപ്പറമ്പനാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. എസ്ഐ ഷിനിൽ കുമാർ, എസ്ഐ ബിജോയ് മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവർ അന്വേഷണത്തെ സഹായിച്ചു . സിപിഒ അനിൽ പ്രോസീക്യൂഷൻ സഹായിയായി പ്രവർത്തിച്ചു.


