26
Jun 2025
Tue
26 Jun 2025 Tue
dakshina kannada

മംഗളൂരു: ദക്ഷിണകന്നഡ ജില്ലയില്‍ നിരന്തരം വര്‍ഗീയ സംഘര്‍ഷം ഇളക്കിവിടുന്ന 36 പേരെ നാടുകടത്താന്‍ കര്‍ണാടക പോലിസ് തീരുമാനിച്ചു. (Dakshin Kannada: 36 persons to be extern including sangh parivar leaders)ബെല്‍ത്തങ്ങാടിയിലെ ഹിന്ദു ജാഗരണ വേദികെ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമാരോടി, സംഘപരിവാര്‍ നേതാവ് ഭരത് കുംദേലു തുടങ്ങി 36 പേരെയാണ് മറ്റു ജില്ലകളിലേക്ക് നാടുകടത്തുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊതുസമാധാനവും സുരക്ഷയും തകര്‍ക്കുന്ന വിധം ജനങ്ങളെ ഇളക്കിവിടുന്നവരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ദക്ഷിണ കന്നഡ ജില്ലയിലെ ആഴ്ച്ചകള്‍ക്കിടെ മൂന്ന് കൊലപാതകങ്ങളും അക്രമങ്ങളും നടന്ന പശ്ചാത്തലത്തിലാണ് നടപടി.

സംഘര്‍ഷം സൃഷ്ടിക്കുന്ന സംഘപരിവാര സംഘടനകള്‍ക്കെതിരേ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന പോലീസ് നിലപാടിനെതിരേ പ്രദേശത്ത് കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസിലെ നിരവധി മുസ്ലിം നേതാക്കള്‍ രാജിഭീഷണി ഉയര്‍ത്തുകയും ചെയ്തു. എസ്ഡിപിഐ ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നത്.

അതേസമയം, സര്‍ക്കാര്‍ നടപടിക്കെതിരേ ബിജെപി സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്ര രംഗത്തെത്തി. ആര്‍എസ്എസ് നേതാവ് കല്ലട്ക്ക പ്രഭാകര്‍ ഭട്ട് അടക്കം 15 പേര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനും വിജയേന്ദ്ര ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്ന് സാമൂഹിക വിരുദ്ധര്‍ എത്തി കര്‍ണാടകയിലെ ഹിന്ദു നേതാക്കളെ ആക്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു

കര്‍ണാടക-കേരള അതിര്‍ത്തിയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ മംഗളൂരു, ദക്ഷിണകന്നഡ, കര്‍ണാടക പോലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. മംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ സുദീപ് കുമാര്‍ റെഡ്ഡി, ദക്ഷിണ കന്നഡ എസ്പി ഡോ. കെ അരുണ്‍, കാസര്‍കോട് എസ്പി വിജയ് ഭരത് റെഡ്ഡി എന്നിവരാണ് ഇന്നലെ യോഗം ചേര്‍ന്നത്.

വര്‍ഗീയ സംഘര്‍ഷക്കേസുകളിലെ പ്രതികളെയും ഒളിവില്‍ പോയവരെയും കണ്ടെത്തുന്ന കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. അതിര്‍ത്തിയുടെ ഇരവശത്തും വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കുന്നവരുടെ വിവരങ്ങള്‍ പരസ്പരം കൈമാറാനും ധാരണയായി.