മലപ്പുറം താനൂരിൽ താമിർ ജിഫ്രി കസ്റ്റഡി കൊലപാതകത്തിന് ഉത്തരവാദികളായ പൊലീസിന്റെ ലഹരിവിരുദ്ധ കർമസേന ഡാൻസാഫി (ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) നെതിരെ മുമ്പും ഗുരുതര ആരോപണങ്ങളും ഇന്റലിജൻസ് റിപ്പോർട്ടും. ഡാന്‍സാഫ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഹരി മാഫിയയുമായും തലസ്ഥാനത്തെ ഗുണ്ടാസംഘങ്ങളുമായും ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് 2021ലാണ് പുറത്തുവന്നത്. ഡാന്‍സാഫ് പിടികൂടിയ ചില കേസുകളില്‍ ഒത്തുകളി നടന്നതായി സ്‌പെഷ്യല്‍ ബ്രാഞ്ച് സംശയം പ്രകടിപ്പിച്ചിരുന്നു. ലഹരിമരുന്ന് പിടികൂടുന്ന കേസുകളില്‍ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാത്തതും മറ്റുമാണ് സംശയത്തിനിടയാക്കിയത്.
|
മയക്കുമരുന്ന് കടത്തുകാരുടെ ഒത്താശയോടെ പൊലീസ് വാഹനത്തിൽ കൊണ്ടുവരുന്ന കഞ്ചാവ് പൊതികള്‍ റോഡരികില്‍ ഉപേക്ഷിച്ച് ഇത് പിടിച്ചെടുക്കുന്ന സംഭവങ്ങളുമുണ്ടായി. കേസുകള്‍ പിടിക്കുന്നതായി വരുത്തിതീര്‍ക്കാനായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് ഇന്റലിജന്‍സ് വിശദമായ അന്വേഷണം നടത്തിയത്. തലസ്ഥാനത്തെ ചില ഗുണ്ടാസംഘങ്ങളുമായി ഡന്‍സാഫിലെ ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ലഹരിക്കടത്ത് തടയാനും ലഹരിമാഫിയകളെ പിടികൂടാനുമാണ് പൊലീസിന് കീഴില്‍ ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡാന്‍സാഫ്) എന്ന പേരില്‍ പ്രത്യേകസംഘം രൂപീകരിച്ചിരുന്നത്. എന്നാല്‍ ലഹരിവേട്ടക്കാര്‍ തന്നെ ലഹരിമാഫിയകളുമായി ഒത്തുകളി നടത്തിയെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. ലഹരി വിൽപന നടത്തുന്ന സംഘങ്ങളെ പിടികൂടുന്നതിന് പകരം ലഹരിമാഫിയയെ കൂട്ടുപിടിച്ച് വ്യാജ കേസുണ്ടാക്കി പേരെടുക്കാനായിരുന്നു സംഘത്തിന്റെ ശ്രമം.
മയക്കുമരുന്ന് മാഫിയ ബന്ധമുള്ള രണ്ട് ഗുണ്ടകളെ കൂട്ടുപിടിച്ച് തമിഴ്നാട്ടിലെയും ആന്ധ്രയിലെയും ഗോഡൗണുകളിൽ പോയി കഞ്ചാവ് കൊണ്ടുവരികയായിരുന്നു പതിവ്. ഈ ഗോഡൗണിലെ കാവൽക്കാരെയും ഗുണ്ടകൾ തരപ്പെടുത്തി നൽകുന്നവരെയും കൂട്ടിക്കൊണ്ടുവരും. ഇങ്ങനെ പൊലീസ് വാഹനത്തിൽ കടത്തികൊണ്ടുവരുന്ന കഞ്ചാവ് റോഡരികിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും കൊണ്ടുവച്ച് ലോക്കൽ പൊലീസിനെ കൊണ്ട് കേസെടുപ്പിക്കും. ഇതരസംസ്ഥാനങ്ങളിൽ നിന്നും കൂട്ടിക്കൊണ്ടുവരുന്ന പ്രതികളെ ലോക്കൽ പൊലീസിന് മുന്നിൽ ഹാജരാക്കും.
കേസെടുക്കാൻ കൊണ്ടുവരുന്നതിൽ ബാക്കി കഞ്ചാവ് ലഹരി സംഘത്തിന് കൈമാറും. ഡാൻസാഫ് രീതിയിൽ ലോക്കൽ പൊലീസ് സംശയമുന്നയിച്ചതോടെയാണ് ഇന്റലിജൻസ് അന്വേഷണം തുടങ്ങിയത്. പേട്ട, മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിലെടുത്ത കേസുകള്‍ മുൻനിർത്തിയായിരുന്നു റിപ്പോർട്ട്. റിപ്പോർട്ട് പുറത്തുവന്നതോടെ, തിരുവനന്തപുരത്തെ ഡാന്‍സാഫ് പ്രവര്‍ത്തനം മരവിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഡാൻസാഫിനെതിരെ ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന വാർത്ത ഡിജിപി അനിൽ കാന്ത് ഉൾപ്പെടെയുള്ളവർ നിഷേധിച്ചിരുന്നു. എന്നാൽ അനിൽകാന്ത് ഡിജിപിയാകുന്നതിന് മുമ്പ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നെന്ന് പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഡാൻസാഫെന്ന ഗുണ്ടാ സംഘവും താനൂർ കസ്റ്റഡി കൊലക്കേസിലെ പങ്കും ഞെട്ടിക്കുന്ന വെളിപ്പെടുത്തലും
ലഹരിസംഘങ്ങളെ പിടിക്കാനായി ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ്, എസ്പിമാരുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. മയക്കുമരുന്ന് വിരുദ്ധ സേന എന്ന പേരിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് ടീം, കസ്റ്റഡി മർദനങ്ങളും ഗൂഢ നീക്കങ്ങളും നടത്തുന്ന, ലഹരിമാഫിയയുമായി അടുത്ത ബന്ധം പുലർത്തുന്ന പൊലീസിലെ ഗുണ്ടാസംഘമാണ് എന്ന ആരോപണം ശക്തമാണ്. ജില്ലാ പൊലീസ് മേധാവികളുടെ കീഴിലുള്ള ഈ ടീമിന്റെ പ്രവർത്തനം ആ ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ്.
ലഹരിസംഘങ്ങളെ പിടിക്കാൻ മാത്രമാണ് ഇവർക്ക് അധികാരമെന്നും അറസ്റ്റ് ചെയ്യാൻ അധികാരമില്ലെന്നും താനൂർ കേസിൽ സസ്പെൻഷനിലായ എസ്ഐ കൃഷ്ണലാൽ പറഞ്ഞിരുന്നു. താമിര്‍ ജിഫ്രി അടങ്ങുന്ന സംഘത്തെ പിടികൂടുന്നത് എസ്പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘമാണെന്നും ഇവർക്ക് അറസ്റ്റ് രേഖപ്പെടുത്താൻ നിയമപരമായ അവകാശമില്ലാത്തതിനാൽ താൻ ഈ കേസിൽ എത്തിപ്പെടുകയായിരുന്നുവെന്നും എസ്ഐ വെളിപ്പെടുത്തിയിരുന്നു. തന്റെ സാന്നിധ്യത്തിൽ അല്ല അവർ കസ്റ്റഡിയിലെടുത്തത്. പിടിച്ച് വയ്ക്കാനേ അവർക്ക് അധികാരമുള്ളൂ.
ഒരു എംഡിഎംഎ കേസ് ഡാൻസാഫ് പിടിച്ചാൽ അത് കൈയിൽ വച്ച് എസ്ഐയെ വിളിച്ച് വരുത്തണം. എസ്ഐക്കോ മുകളിൽ ഉള്ളവർക്കോ മാത്രമേ ഇത് പിടിക്കാനുള്ള അധികാരമുളളൂ. ഡാൻസാഫ് സംഘം പിടികൂടുന്നവരെ ക്വാർട്ടേഴ്സിൽ കൊണ്ടുവരാറുണ്ട്. സർക്കാർ ഭൂമിയിലുള്ള പൊലീസിന്റെ കെട്ടിടമാണിത്. ഒരാളെ അതിനകത്ത് നിന്ന് അടിച്ചാൽ പുറത്താരും കേൾക്കില്ല. ഡാൻസാഫ് ടീമാണ് ഇവിടെ താമസിക്കുന്നത്. അവർക്കാണ് ആ കെട്ടിടം കൊടുത്തിരിക്കുന്നത്. താനൂർ സ്റ്റേഷൻ ലിമിറ്റിലുള്ള ക്വാർട്ടേഴ്സ് രക്തക്കറ കണ്ടതിനെ തുടർന്ന് സീൽ ചെയ്തിരിക്കുകയാണ്- എന്നും എസ്ഐ വെളിപ്പെടുത്തിയിരുന്നു. ഡാൻസാഫ് ടീം പിടിക്കുന്നവരെ ഇത്തരം നിഗൂഢ ക്വാർട്ടേഴ്സുകളിലെത്തിച്ച് മർദിച്ച് അവശരാക്കിയ ശേഷം പിന്നീട് സ്റ്റേഷനിലെ പൊലീസിനെ വിവരമറിയിക്കുകയും അവരെ ഏൽപ്പിക്കുകയും ചെയ്യുന്നു എന്ന് വ്യക്തമാക്കുന്നതാണ് എസ്ഐയുടെ വെളിപ്പെടുത്തൽ. ഇവിടെ മരണം സംഭവിച്ചതുകൊണ്ടുമാത്രമാണ് ഡാൻസാഫ് സംഘത്തിന്റെ മർദനത്തെ കുറിച്ച് പുറംലോകം അറിഞ്ഞതെന്നും വ്യക്തം.
താമിർ ജിഫ്രി കസ്റ്റഡി കൊലക്കേസിൽ ഡാൻസാഫിലെ നാല് അംഗങ്ങളാണ് പ്രതികളെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് സംഘം പ്രതിപ്പട്ടിക കോടതിയിൽ സമർപ്പിച്ചിട്ടുമുണ്ട്. കേസിൽ ഡാൻസാഫിനെതിരെ ഗുരുതര ആരോപണവുമായി താമിറിനാെപ്പം കസ്റ്റഡിയിലായ മൻസൂറിന്റെ പിതാവ് അബൂബക്കർ രംഗത്തെത്തിയിരുന്നു. മൻസൂറിന്റെ കീശയിൽ ലഹരിമരുന്ന് വച്ചത് ഡാൻസാഫ് ആണെന്നാണ് അദ്ദേഹം ആരോപിച്ചത്. താമിറിനെ വധിച്ച സംഭവത്തിലോ കസ്റ്റഡി മർദനത്തിലോ താനൂർ എസ്ഐ കൃഷ്ണലാലിന് പങ്കില്ലെന്ന് മൻസൂർ പറഞ്ഞതായും അബൂബക്കർ വെളിപ്പെടുത്തി. 20ഓളം പൊലീസുകാർ ചേർന്ന് തന്നെ മർദിച്ചെന്നും താമിറിനെ മർദിക്കുന്നത് കണ്ടെന്ന മൊഴിമാറ്റാൻ പൊലീസ് സമ്മർദം ചെലുത്തിയെന്നും കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന മൻസൂർ പറഞ്ഞതായി അബൂബക്കർ ആരോപിച്ചു. മൻസൂറിന്റെ കഴുത്തിലും തലയ്ക്ക് പിൻഭാഗത്തും ശരീരത്തിലും മുറിവുകളുണ്ടായിരുന്നു.
താമിർ ജിഫ്രിയുടേത് ക്രൂരമായ കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ശരീരത്തിൽ പൊലീസ് മർദനത്തിന്‍റേതെന്ന് സൂചനയുള്ള 21 പാടുകളാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. താമിർ കസ്റ്റഡി കൊലക്കേസിൽ താനൂർ പൊലീസ് സ്റ്റേഷനിൽ സീനിയർ സിപിഒ മലപ്പുറം പള്ളിക്കൽ അങ്കപറമ്പ് അനുപമ നിവാസിൽ ജിനീഷ് (37), പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ കൊല്ലം നീണ്ടകര ആലീസ് ഭവനത്തിൽ ആൽബിൻ അഗസ്റ്റിൻ (36), കൽപകഞ്ചേരി സ്റ്റേഷനിലെ സിപിഒ താനാളൂർ കേരളാധീശ്വരപുരം കരയകത്ത് അഭിമന്യു (35), തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വള്ളിക്കുന്ന് വിപഞ്ചികയിൽ വിപിൻ (38) എന്നിവരാണ് ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിൽ ഉള്ളത്. കസ്റ്റഡി കൊലപാതകത്തിൽ ആരോപണം ഉയരുകയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരികയും ചെയ്തതോടെ മലപ്പുറം എസ്പി പി എസ് സുജിത് ദാസിനെ സർക്കാർ മാറ്റുകയും ചെയ്തു. ഹൈദരാബാദിൽ പരിശീലനത്തിന് പോകാനാണ് എസ്പിക്ക് സർക്കാർ നിർദേശം.
എസ്പിമാരുടെ സ്ക്വാഡിൽ നിന്ന് ഡാൻസാഫിലേക്ക്
ജില്ലാ പൊലീസ് മേധാവിമാർക്ക് കീഴിലുള്ള പ്രത്യേക സ്ക്വാഡിലെ അംഗങ്ങളെയാണ് ഇത്തരം സംഘങ്ങളിൽ ഉൾപ്പെടുത്തുന്നതെന്നും പൊതുവെ കുപ്രസിദ്ധരായ പൊലീസുകാരെയാണ് ഡാൻസാഫിൽ അംഗങ്ങളാക്കുന്നതെന്നും സേനാംഗങ്ങൾ തന്നെ പറയുന്നു. പ്രതികളെയോ പ്രതികളെന്ന് സംശയിക്കുന്നവരെയോ അനധികൃതമായി കസ്റ്റഡിയിലെടുക്കുക, അവരെ ഇടിച്ച് സത്യം പറയിക്കുക എന്നതൊക്കെയാണ് ഈ സംഘത്തിന്റെ രീതി. അത്തരം മർദനങ്ങളാണ് ഇത്തരം കൊലപാതകങ്ങളിലേക്ക് നയിക്കുന്നത്. കീഴുദ്യോഗസ്ഥർ പറഞ്ഞാൽ ഇവർ കേൾക്കില്ല. എസ്പിയുടെയോ ഡിവൈഎസ്പിയുടെയോ നിർദേശം അനുസരിച്ച് മാത്രമാണ് ഈ സംഘത്തിന്റെ പ്രവർത്തനം.
ലഹരി മാഫിയ്ക്കെതിരായ പ്രവർത്തനത്തിനെന്നാണ് പറയപ്പെടുന്നതെങ്കിലും അവരിലെ വമ്പൻ സ്രാവുകളെ പിടിക്കാതെ ചെറിയ സംഘങ്ങളെ മാത്രം പിടികൂടുകയാണ് ഇവരുടെ രീതിയെന്നും വലിയ സംഘത്തിൽ നിന്ന് പണം വാങ്ങി കേസ് ഒത്തുതീർപ്പാക്കുന്നു എന്നും ആരോപണമുണ്ട്. ഇത് ബലപ്പെടുത്തുന്നതാണ് മുമ്പ് പുറത്തുവന്ന ഇന്റലിജൻസ് റിപ്പോർട്ട്. പിടിക്കുന്നയാളുകളെ മർദിച്ച ശേഷം എന്തെങ്കിലും പന്തികേട് തോന്നിയാൽ നേരെ സ്റ്റേഷനിൽ കൊണ്ടിവരികയും അവിടുത്തെ ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയും ചെയ്യുന്നു. കസ്റ്റഡിയിലുള്ളയാൾ മരണപ്പെട്ടാൽ സ്റ്റേഷനിലെ പൊലീസുകാർ മാത്രം ഉത്തരവാദികൾ ആവുന്ന സ്ഥിതിയുണ്ടാകുന്നു എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. താനൂർ കസ്റ്റഡി കൊലപാതകത്തിൽ എസ്ഐയുടെ വെളിപ്പെടുത്തൽ ഉണ്ടായതോടെയാണ് കേസിലെ ഡാൻസാഫ് സംഘത്തിന്റെ പങ്ക് പുറത്തുവന്നത്. പൊതുവെ ഈ സംഘത്തിന്റെ ഇടപെടലുകളും അതിക്രമങ്ങളും പുറത്തുവരാതെ മൂടിവയ്ക്കപ്പെടുകയാണ് ചെയ്യുക.
ആലുവയിലെ എ വി ജോർജിന്റെ കുപ്രസിദ്ധ ടൈഗർ ഫോഴ്സും വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലയും
എസ്പിമാരുടെ കീഴിലുള്ള സ്ക്വാഡുകളിൽ ഏറ്റവും കുപ്രസിദ്ധിയാർജിച്ചതാണ് ആലുവ റൂറൽ എസ്പിയായിരുന്ന എ വി ജോർജിന് കീഴിലുള്ള ടൈഗർ ഫോഴ്സ്. 2018 ഏപ്രിൽ ഒമ്പതിന് വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയതോടെയാണ് ഈ സംഘത്തിന്റെ ക്രൂരതകൾ പുറംലോകം അറിയുന്നത്. റൂറൽ ടൈഗർ ഫോഴ്സിലെ അംഗങ്ങളായ സന്തോഷ് കുമാർ, സുമേഷ്, ജിതിൻ രാജ്, വരാപ്പുഴ എസ്ഐ ആയിരുന്ന ദീപക് എന്നിവരാണ് കേസിലെ ആദ്യ നാലു പ്രതികൾ. ഇവർക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയത്. സിഐയായിരുന്ന ക്രിസ്പിൻ സാം അഞ്ചാം പ്രതിയാണ്. വരാപ്പുഴ സ്റ്റേഷനിലെ നാല് പൊലീസുകാരാണ് ശേഷിക്കുന്ന പ്രതികൾ.
എ വി ജോർജ് അനധികൃതമായി രൂപീകരിച്ചിരുന്ന ടൈഗർ ഫോഴ്സാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തിരുന്നത്. ശ്രീജിത്തിനെ രാത്രി വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോയത് സ്‌ക്വാഡിലെ പൊലീസുകാരാണെന്നും അപ്പോൾ തന്നെ മർദനം തുടങ്ങിയെന്നും ശ്രീജിത്തിന്റെ അമ്മയും ബന്ധുക്കളും മൊഴി നൽകിയിരുന്നു. എസ്പിയുടെ നിര്‍ദേശ പ്രകാരമാണ് ടൈഗര്‍ ഫോഴ്സിലെ പൊലീസുകാര്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്നായിരുന്നു ആരോപണം. ശ്രീജിത്തിനെ ആളുമാറിയാണ് പൊലീസ് പിടികൂടിയതെന്ന വസ്തുത പുറത്തുവന്നതു മുതൽ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള നീക്കവുമായി എ വി ജോർജ് രംഗത്തുവന്നിരുന്നു. ശ്രീജിത്തിന്റെ കസ്റ്റഡി കൊലയിൽ പ്രതിക്കൂട്ടിലായതിനു പിന്നാലെ ടൈഗർ ഫോഴ്‌സ് പിരിച്ചുവിടുകയും എ വി ജോർജിനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
ഗൂഢാലോചനയിൽ പങ്കുള്ളതായി ആരോപണം നേരിട്ട റൂറൽ പൊലീസ് മേധാവി എ വി ജോർജിനെ സസ്പെന്‍ഡ് ചെയ്യുകയും വകുപ്പ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തെങ്കിലും പിന്നീട് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. കേസിൽ പ്രതികളായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരും പിന്നീട് സർവീസിൽ തിരിച്ചെത്തുകയും പിന്നീട് എ വി ജോർജിന് ഡിഐജിയായി സ്ഥാനക്കയറ്റം നൽകുകയും കോഴിക്കോട് കമ്മീഷണറായി നിയമിക്കുകയും ചെയ്തിരുന്നു. അതേസമയം, പൊലീസിനകത്തെ ഇത്തരം സ്‌ക്വാഡുകളുടെ ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ ഇന്റലിജൻസ് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇവരുടെ മുറകൾ അതിരുവിടുന്നുണ്ടെന്നും നിയന്ത്രിച്ചില്ലെങ്കിൽ സേനയ്ക്കാകെ കളങ്കമാകുമെന്നുമായിരുന്നു മുന്നറിയിപ്പ്. ഇവർ കൈകാര്യം ചെയ്ത കേസിലെ പ്രതികളിൽ ഒരാൾ വടക്കൻ പറവൂരിൽ മുങ്ങിമരിക്കാൻ ഇടയായ സാഹചര്യത്തിലായിരുന്നു ഇത്. ഇത്തരം സ്ക്വാഡുകളുടെ ക്രിമിനൽ നടപടികൾ സർക്കാർ ഇടപെട്ട് നിയന്ത്രിച്ചില്ലെങ്കിൽ ഇനിയുമിത്തരം കസ്റ്റഡി കൊലകൾ ആവർത്തിക്കുകയും ലഹരിമാഫിയയുമായുള്ള കൂട്ടുകെട്ട് തുടരുകയും ചെയ്യുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.





