ഒളിച്ചോടിയെന്ന് ഭര്‍തൃവീട്ടുകാര്‍ പ്രചരിപ്പിച്ച മരുമകളുടെ മൃതദേഹം വീടിനോടു ചേര്‍ന്ന് കുഴിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഫരീദാബാദിലാണ് സംഭവം. 24കാരിയായ തനുവാണ് കൊല്ലപ്പെട്ടത്. ഭര്‍തൃവീടിനോടു ചേര്‍ന്ന് 10 അടി താഴ്ചയിലാണ് യുവതിയുടെ മൃതദേഹം കുഴിച്ചിട്ടിരുന്നത്. അഴുകിയ മൃതദേഹം വെള്ളിയാഴ്ചയാണ് പോലീസ് പുറത്തെടുത്തത്. ആഴത്തില്‍ കുഴിയെടുത്തായിരുന്നു യുവതിയുടെ മൃതദേഹം ഒളിപ്പിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുവിനെയും ഭര്‍തൃമാതാപിതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
|
രണ്ടുവര്‍ഷം മുമ്പാണ് തനുവിന്റെയും ഫരീദാബാദിലെ റോഷന്‍ നഗര്‍ സ്വദേശി അരുണിന്റെയും വിവാഹം കഴിഞ്ഞത്. അന്നുമുതല്‍ ഭര്‍തൃവീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് തനുവിനെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് സഹോദര് പ്രീതി പറഞ്ഞു. തുടര്‍ന്ന് ഒരുവര്‍ഷത്തോളം യുവതി തന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇതിനു ശേഷം ഭര്‍തൃവീട്ടിലേക്ക് മടങ്ങിപ്പോയെങ്കിലും പീഡനം തുടരുകയായിരുന്നു. മാതാപിതാക്കളോടും സഹോദരിയോടും ഫോണില്‍ സംസാരിക്കാന്‍ പോലും ഭര്‍തൃവീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല.
ഏപ്രില്‍ 23ന് തനു വീട്ടില്‍ നിന്ന് ഒളിച്ചോടിയതായി ഭര്‍തൃവീട്ടുകാര്‍ യുവതിയുടെ വീട്ടുകാരെ വിളിച്ചറിയിച്ചു. എന്നാല്‍ തനുവിനെക്കുറിച്ച് ഒരു വിവരവും ലഭിക്കാതായതോടെ മാതാപിതാക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷത്തില്‍ ഏപ്രിലില്‍ വീടിനോടു ചേര്‍ന്ന് ഓട നിര്‍മിക്കുന്നതിനായി കുഴിയെടുത്തുവെന്നും പെട്ടെന്ന് തന്നെ ഇത് സ്ലാബിട്ട് മൂടിയെന്നും അയല്‍വാസികള്‍ മൊഴി നല്‍കി. തുടര്‍ന്നാണ് ഇവിടം കുഴിച്ചു പരിശോധിച്ചത്. പുറത്തെടുത്ത മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് നീക്കി.


