30
May 2023
Mon
30 May 2023 Mon

കേരളത്തെ ഞെട്ടിച്ച് താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ 22 ആയി. 10 കുട്ടികൾ അടക്കമുള്ളവരാണ് മരിച്ചതെന്നാണ് വിവരം. നിരവധി പേരെ കാണാതായി. ഏഴു പേരെ രക്ഷപെടുത്തി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരന്തത്തിൽ ഞെട്ടിവിറച്ച് ഹൃദയം നുറുങ്ങിയിരിക്കുകയാണ് കേരളം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രം രണ്ട് ലക്ഷം രൂപ വീതം സഹായം വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഏകോപിതമായി രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദേശം നൽകി. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

35 ഓളം യാത്രികരുമായ പോയ വിനോദയാത്രാ ബോട്ടാണ് മറിഞ്ഞത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. വൈകീട്ട് ഏഴോ‍ടെയാണ് അപകടമുണ്ടായത്. പുറത്തെടുത്തവരെ തിരൂരങ്ങാടിയും താനൂരും തിരൂരും കോട്ടയ്ക്കലും അടക്കം ജില്ലയിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എട്ടും അജിനോറ ആശുപത്രിയിൽ ഒമ്പതും മൃതദേഹങ്ങളാണ് ഉള്ളത്.

അവധി ദിവസമായതിനാൽ ബീച്ചിൽ നിരവധി ആളുകളുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. രാത്രിയായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനം ബുദ്ധിമുട്ടിലാക്കിയിരുന്നു. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്.

താനൂര്‍ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള ശിങ്കാര ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്. 20 പേർക്ക് കയറാവുന്ന ബോട്ടിൽ അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിയതാണ് അപകടത്തിനിടയാക്കിയത്. പലർക്കും ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നില്ല.

അഞ്ചര വരെയാണ് ബോട്ട് സര്‍വീസ് നടത്താന്‍ അനുമതിയുള്ളതെങ്കിലും ഞായറാഴ്ചയായതിനാല്‍ കുടുംബങ്ങള്‍ അടക്കമുള്ളവരുടെ വന്‍ തിരക്കുണ്ടായിരുന്നു. അതിനാലാണ് വൈകിയ നേരത്തും ബോട്ട് സര്‍വീസ് നടത്തിയത്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ പറയുന്നത്. തല കീഴായി മറിഞ്ഞ ബോട്ട് പൂർണമായും മുങ്ങിയതാണ് അപകടം വർധിപ്പിച്ചത്.