23
Jan 2025
Sat
23 Jan 2025 Sat
Deepika editorial against Mohan Bhagavat

കൊച്ചി: ആര്‍എസ്എസ് സംര്‍സംഘ് ചാലകിന്റെ ഘര്‍വാപസി പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ മുഖപത്രം.(Deepika editorial against Mohan Bhagavat and RSS ) ഭാഗവതിന്റെ വാക്കുകള്‍ നിന്ദ്യവും ന്യൂനപക്ഷ വിരുദ്ധവുമെന്ന് ദീപിക മുഖപ്രസംഗത്തില്‍ ആക്ഷേപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഘര്‍വാപസിയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം. രാമക്ഷേത്ര പ്രതിഷ്ഠ യഥാര്‍ത്ഥ സ്വാതന്ത്ര്യമായി വിശേഷിപ്പിച്ചത് പ്രതിഷേധാര്‍ഹമാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്തതിന്റെ അപകര്‍ഷതയാണ് ആര്‍എസ്എസിനെന്നും ദീപിക വിമര്‍ശിക്കുന്നു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനം പ്രതിഷ്ഠാ ദ്വാദശിയായി ആഘോഷിക്കണമെന്നും നൂറ്റാണ്ടുകളായി ആക്രമണം നേരിട്ട ഇന്ത്യക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് ഈ ദിനത്തിലാണെന്നുമാണ് കഴിഞ്ഞദിവസം മോഹന്‍ ഭാഗവത് പറഞ്ഞത്. ഭരണഘടനയുടെ അടിസ്ഥാനാദര്‍ശങ്ങള്‍ നടപ്പായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പരിദേവനം. 10 വര്‍ഷത്തിലേറെയായി ബിജെപിയാണ് ഭരിക്കുന്നതെന്ന് അദ്ദേഹം മറന്നുപോയെന്നു തോന്നുന്നു.

ALSO READ: ഗുജറാത്തില്‍ ബുള്‍ഡോസര്‍ രാജ് തുടരുന്നു; പ്രസിദ്ധ ദര്‍ഗയും വീടുകളും ഉള്‍പ്പെടെ 335 കെട്ടിടങ്ങള്‍ തകര്‍ത്തു

ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭരണഘടനാ ആദരവിന്റെ ചരിത്രം അവിടെ നില്‍ക്കട്ടെ. പക്ഷേ, സമാനതകളില്ലാത്ത അഹിംസാമാര്‍ഗങ്ങളിലൂടെ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ഈ രാജ്യം കൈവരിച്ച സ്വാതന്ത്ര്യത്തിനു മുന്നില്‍ ലോകം അദ്ഭുതാദരവുകളോടെ നില്‍ക്കുമ്പോള്‍, അതിനെ കേവലം ‘രാഷ്ട്രീയ സ്വാതന്ത്ര്യ’വും രാമക്ഷേത്ര പ്രതിഷ്ഠയെ ‘യഥാര്‍ഥ സ്വാതന്ത്ര്യ’വുമായി പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണ്.

1947 ആഗസ്ത് 15നല്ല, 2014ലാണ് ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതെന്ന് മുന്‍പ് പറഞ്ഞിട്ടുള്ളത് നടി കങ്കണ റണൗത്ത് ആണ്. നൂറ്റാണ്ടു നീണ്ട ഐതിഹാസിക സമരത്തില്‍ പങ്കെടുത്തില്ലെന്ന ആരോപണം നേരിടുന്നവരുടെ അപകര്‍ഷതാബോധം മാത്രമാണോ ഇത്തരം നിന്ദകള്‍ക്കു പിന്നില്‍ അതോ ന്യൂനപക്ഷവിരുദ്ധതയിലൂന്നിയ മതധ്രുവീകരണ രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ അന്വേഷിക്കുന്ന വിചാരധാരകളോ? ഏതു നിലയിലായാലും ജനകോടികളുടെ വിശ്വാസകാര്യമായ രാമക്ഷേത്രത്തെയും, രാഷ്ട്രീയമില്ലാതെ രാഷ്ട്രത്തിനുവേണ്ടി ജനകോടികള്‍ നടത്തിയ പോരാട്ടഫലമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും അവഹേളിക്കരുത്.

ഹീനമായ മറ്റൊരു പരാമര്‍ശം, ക്രൈസ്തവര്‍ക്കെതിരേ മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ പേരിലാണ് മോഹന്‍ ഭാഗവത് നടത്തിയത്. മതം മാറിയവരെ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ‘ഘര്‍ വാപസി’ ശ്രമങ്ങളെ പ്രണബ് പിന്തുണച്ചിരുന്നത്രെ. രേഖകളുടെ യാതൊരു പിന്‍ബലവുമില്ലാതെ അദ്ദേഹം ഇന്‍ഡോറില്‍ പറഞ്ഞതിങ്ങനെ.

”ഘര്‍ വാപസിയെ ചൊല്ലി പാര്‍ലമെന്റില്‍ വലിയ ബഹളം നടക്കുന്ന കാലത്ത് ഡോ. പ്രണബ് മുഖര്‍ജിയെ കാണാന്‍ എനിക്ക് അവസരം ലഭിച്ചു. നിങ്ങള്‍ അത് ചെയ്തതുകൊണ്ട് 30 ശതമാനം ആദിവാസികള്‍…. അദ്ദേഹം പറഞ്ഞു. ഞാന്‍ ചോദിച്ചു, ക്രിസ്ത്യാനികള്‍ ആയില്ല എന്നാണോ എന്ന്. അല്ല, ദേശവിരുദ്ധര്‍ ആയില്ല എന്നാണ് പ്രണബ് മുഖര്‍ജി അതിന് മറുപടി നല്‍കിയത്-” ക്രൈസ്തവരെ അവഹേളിക്കാനും ആക്രമിക്കാനും നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന ആരോപണം ഉപയോഗിക്കുകയും, ഘര്‍ വാപസി എന്ന പേരില്‍ മതപരിവര്‍ത്തനം നടത്തി ക്രൈസ്തവരെയും സ്ഥാപനങ്ങളെയും ആക്രമിക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ താത്പര്യങ്ങള്‍ക്ക് അന്തരിച്ച രാഷ്ട്രപതിയെ ഉപയോഗിച്ചത് നിഷ്‌കളങ്കമാകാനിടയില്ല.

ഇടയ്ക്ക് മതസൗഹാര്‍ദത്തിന്റെ വക്താവും ഇതരമതസ്ഥരുടെ ആരാധനാലയ സംരക്ഷകനുമാകുകയും പിന്നീട് കടകവിരുദ്ധമായ പ്രസ്താവനയിലൂടെ അതൊക്കെ പ്രഹസനമാക്കുകയും ചെയ്യുകയാണ് ആര്‍എസ്എസ് മേധാവിയെന്നു ദീപിക വിമര്‍ശിക്കുന്നു.