കൊച്ചി: സംഘപരിവാരത്തിന്റെ ക്രൈസതവ വേട്ടക്കെതിരേ ആഞ്ഞടിച്ച് ദീപികയുടെ മുഖപ്രസംഗം. (Deepika says violence against Christians is increasing every year since Modi came to power) ക്രൈസ്തവര്‍ക്കെതിരായ അക്രമം കുത്തനെ വര്‍ധിച്ചിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വെറുപ്പ് പടര്‍ത്തുന്നവര്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ട്. കേരളത്തില്‍ ക്രൈസ്തവരോട് ബിജെപി കാണിക്കുന്ന പ്രത്യേക സ്‌നേഹം വോട്ടിന് വേണ്ടിയുള്ളതെന്നും മുഖപ്രസംഗത്തില്‍ തുറന്നടിച്ചു. കാസക്കെതിരേയും മുഖപ്രസംഗം തുറന്നെഴുതി.
|
ബിജെപി അധികാരത്തിലെത്തിയതോടെ ക്രൈസ്തവര്‍ക്കെതിരേ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വെറുപ്പും വിദ്വേഷവും പരത്തുന്ന സംഘടനകളുടെ ന്യൂനപക്ഷവിരുദ്ധതയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്ന മൗനസമ്മതം അക്രമോത്സുകമായ മതവിദ്വേഷത്തെ വളര്‍ത്തിക്കഴിഞ്ഞു. വിഷയം സര്‍ക്കാരിന്റെയും നിയമ സംവിധാനങ്ങളുടെയും ശ്രദ്ധയില്‍ പെടുത്താന്‍ തുടങ്ങിയിട്ട് ഏറെനാളായെങ്കിലും ഒരു ഫലവും ഉണ്ടായിട്ടില്ല.
യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ(യുസിഎഫ്) റിപ്പോര്‍ട്ട് അനുസരിച്ച്, ബിജെപി അധികാരത്തില്‍ വന്ന 2014ല്‍ 127 ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്കെതിരേ ഉണ്ടായത്. പിന്നീടുള്ള ഓരോ വര്‍ഷവും അതു വര്‍ധിച്ചു. 2015ല്‍ 142, 2016ല്‍ 226, 2017ല്‍ 248, 2018ല്‍ 292, 2019ല്‍ 328, 2020ല്‍ 279, 2021ല്‍ 505, 2022ല്‍ 601, 2023ല്‍ 734, 2024 നവംബര്‍ വരെ 745 എന്നിങ്ങനെയാണ് വര്‍ധന. യുസിഎഫിന്റെ ഹോട്ട്ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പട്ടവ മാത്രമാണിത്. ഇതില്‍, വംശീയതയുടെ മറവില്‍ മണിപ്പുരില്‍ നടത്തിയ ക്രൈസ്തവ വേട്ട ഉള്‍പ്പെടുത്തിയിട്ടില്ല.
ശാരീരികാക്രമണം, കൊലപാതകം, ലൈംഗികാക്രമണം, ഭീഷണി, സാമൂഹിക ബഹിഷ്‌കരണം, ആരാധനാലയങ്ങള്‍ക്കു നേരേയുള്ള ആക്രമണം, പ്രാര്‍ഥന തടയല്‍, തിരുരൂപങ്ങള്‍ തകര്‍ക്കല്‍ തുടങ്ങിയവയൊക്കെ റിപ്പോര്‍ട്ടില്‍ എടുത്തു കാട്ടിയിട്ടുണ്ട്.
ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലെ എട്ടു ഗ്രാമങ്ങളില്‍ ക്രൈസ്തവരെ വിലക്കുന്നത് വില്ലേജ് കൗണ്‍സിലുകളുടെ തീരുമാനപ്രകാരമാണ്. ചില സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമമാണ് ക്രൈസ്തവപീഡനത്തിന് ഉപയോഗിക്കുന്നത്. വര്‍ഗീയവത്കരിക്കപ്പെട്ട പോലീസില്‍നിന്ന് ഇരകള്‍ക്കു നീതി പ്രതീക്ഷിക്കാനാവില്ല. എങ്ങനെയാണ് ഒരു ജനാധിപത്യ-മതേതര രാജ്യത്തെ ഭരണകൂടത്തിന് ഇങ്ങനെ കാഴ്ചക്കാരായി നില്‍ക്കാനാകുന്നത്
പാലക്കാട് നല്ലേപ്പിള്ളിയിലെ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ അലങ്കോലമാക്കിയത് വിശ്വഹിന്ദു പരിഷത്തിന്റെ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഭാരവാഹികളാണ്. അതിനടുത്ത ദിവസം എട്ട് കിലോമീറ്റര്‍ അകലെയുള്ള തത്തമംഗലത്ത് സ്‌കൂളിലെത്തിയ വര്‍ഗീയവാദികള്‍ ക്രിസ്മസ് ട്രീയും പുല്‍ക്കൂടും നക്ഷത്രവുമെല്ലാം നശിപ്പിച്ചു. ആലപ്പുഴ ഹരിപ്പാട് മുതുകുളത്ത് ക്രിസ്മസ് സന്ദേശം നല്‍കാനെത്തിയവരെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
തൃശൂര്‍ പാലയൂര്‍ പള്ളിയില്‍ മൈക്കിന് അനുമതി വാങ്ങിയില്ലെന്ന കാരണം പറഞ്ഞ് കരോള്‍ ഗാനം മുടക്കിയ എസ്‌ഐ വിജിത്തിനെ വീടിനടുത്തേക്ക് സ്ഥലം മാറ്റി പരാതിക്കാരെ അവഹേളിച്ചത് കേരളാ പോലീസാണ്. ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്, കേരളത്തിലും സംഘപരിവാറിന്റെ പരീക്ഷണങ്ങള്‍ക്കു തടയിടാന്‍ കഴിയുന്നില്ലെന്നാണ്.
സംഘപരിവാര്‍ രാജ്യമൊട്ടാകെ വിതച്ച വര്‍ഗീയ വിദ്വേഷത്തിന്റെയും മതധ്രുവീകരണത്തിന്റെയും വിത്തുകള്‍ കേരളത്തിലും മുളച്ചുതുടങ്ങിയെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ മതേതര ചെറുത്തുനില്‍പ്പും അവകാശവാദങ്ങളില്‍ ഒതുങ്ങുകയാണ്.
ബിജെപി മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായ നിലപാട് കേരളത്തിലെ ക്രൈസ്തവരോടു സ്വീകരിക്കുന്നുണ്ടെങ്കില്‍ അതു വോട്ട് രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയുള്ള അടവുനയം മാത്രമാണ്. ഇതൊക്കെ കണ്ടില്ലെന്നു നടിക്കുകയോ ന്യായീകരിക്കുയോ ചെയ്യുന്ന വ്യക്തികളോ ക്രൈസ്തവ നാമധാരികളുടെ സംഘടനകളോ ഉണ്ടായിരിക്കാം. അത്തരം നിക്ഷിപ്ത താത്പര്യക്കാരുടെ പിന്തുണയോ ന്യായീകരണങ്ങളോ അല്ല വര്‍ധിക്കുന്ന ക്രൈസ്തവപീഡനങ്ങള്‍ക്കുള്ള മറുപടി.
ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്, സംഘപരിവാര്‍ സംഘടനകളെ നിയന്ത്രിക്കുകയാണ്; എളുപ്പമല്ലെങ്കിലും. അത്തരമൊരു നീക്കം ഇതുവരെയില്ല…മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.


