21
Sep 2022
Fri
21 Sep 2022 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: അംഗീകൃത സർവകലാശാലകളിൽനിന്ന് വിദൂര, ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ സ്വന്തമാക്കുന്ന ബിരുദം റെഗുലറിന് തുല്യമാണെന്ന് യൂനിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മിഷൻ (യു.ജി.സി) വ്യക്തമാക്കി. ഓപൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് പ്രോഗ്രാംസ് ആൻഡ് ഓൺലൈൻ പ്രോഗ്രാംസ് ചട്ടം 22 അനുസരിച്ചാണ് പുതിയ തീരുമാനമെന്ന് യു.ജി.സി സെക്രട്ടറി രാജ്‌നിഷ് ജെയ്ൻ അറിയിച്ചു.

 

യു.ജി.സി ചട്ടങ്ങൾ അനുസരിച്ച് വിദൂര, ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ നേടുന്ന ബിരുദ, ബിരുദാനന്തര കോഴ്‌സുകളെയും ഉയർന്ന വദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്ന് സമാനമായ രീതിയിലുള്ള വിദ്യാഭ്യാസത്തിലൂടെ നേടുന്ന പി.ജി ഡിപ്ലോമ കോഴ്‌സുകളെയും റെഗുലർ കോഴ്‌സിന് സമാനമായി കണക്കാക്കുമെന്നാണ് യു.ജി.സി വ്യക്തമാക്കിയിരിക്കുന്നത്.

വിദൂര വിദ്യാഭ്യാസ വിദ്യാർഥികൾക്ക് ആശ്വാസമേകുന്നതാണ് യു.ജി.സി തീരുമാനം. പലയിടത്തും വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾക്കും പരമ്പരാഗത കോഴ്‌സുകൾക്കുമുള്ള ബിരുദ സർട്ടിഫിക്കറ്റുകൾ വ്യത്യസ്തമായാണ് നൽകുന്നത്.  വിദൂര വിദ്യാഭ്യാസത്തിലൂടെയുള്ള ബിരുദമെന്ന് സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തുന്നതും അല്ലാത്തതുമായ സർവകലാശാലകളുണ്ട്. ഈ സാഹചര്യത്തിലാണ് ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകൾക്ക് ഏകീകരണത്തിന് യു.ജി.സി തയാറായത്. വിദേശരാജ്യങ്ങളിൽ വിദൂര വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സ്ഥാനക്കയറ്റത്തിന് പരിഗണിക്കുന്നില്ലെന്ന പരാതിയുണ്ട്.

 

റഗുലർ ബിരുദമല്ലെങ്കിൽ ജോലിയിൽ തരം താഴ്ത്തുമെന്ന ഭീഷണിയും വിദേശ സർവകലാശാലകളിൽ നിന്ന് അധ്യാപകരും മറ്റും നേരിടുന്നുണ്ട്. യു.ജി.സിയുടെ പുതിയ തീരുമാനം സഹായകമാകണമെങ്കിൽ  വിവിധ രാജ്യങ്ങളും ഇന്ത്യയും തമ്മിൽ സർക്കാർ തലത്തിൽ കരാർ വേണ്ടി വരും.

Degrees through distance, online learning to be on par with those obtained by conventional mode