22
Sep 2022
Wed
22 Sep 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ മുൻ മന്ത്രി കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചെന്നത് വ്യാജ വാർത്തയെന്ന് ഡൽഹി കോടതി. പരാതിക്കാരനും ബി.ജെ.പി പ്രവർ‍ത്തകനുമായ സുപ്രിംകോടതി അഭിഭാഷകൻ ജി.എസ് മണിയാണ് വ്യാജ വാർത്ത മാധ്യമങ്ങൾക്ക് നൽകിയത്. സംഭവത്തിൽ ജി എസ് മണിക്കും വാർത്ത നൽകിയ മലയാള മാധ്യമങ്ങൾക്കുമെതിരെ ശകാരവുമായി കോടതി രം​ഗത്തെത്തി.

 

സംഭവത്തിൽ, കേസിലെ പരാതിക്കാരനായ സംഘ്പരിവാര്‍ നേതാവ് അഡ്വ. ജി എസ് മണി കോടതിയില്‍ ഖേദപ്രകടനം നടത്തുകയും ചെയ്തു. ജി എസ് മണിയാണ് തെറ്റായ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള കോടതി ഇടപെടലിനു പിന്നാലെയാണ് മാപ്പ്. വാർത്ത നൽകിയ മലയാള മാധ്യമങ്ങളും ഖേദം പ്രകടിപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. തെറ്റായ വാര്‍ത്ത തിരുത്തി ഖേദപ്രകടനം പ്രസിദ്ധപ്പെടുത്തി സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്.

 

ജലീലിനെതിരെ കേസെടുക്കാൻ ഡൽഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടെന്ന തരത്തിൽ കഴിഞ്ഞദിവസം മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇതിനെതിരെയാണ് കോടതി രം​ഗത്തെത്തിയത്. ജലീലി‍ന്റെ അഭിഭാഷകനായ കെ എസ് സുബാഷ് ചന്ദ്രനാണ് ഈ വാർത്തകളുടെ തർജമ കോടതിയിൽ സമർപ്പിച്ചത്. ഇതിനു പിന്നാലെയായിരുന്നു കോടതിയുടെ ഇടപെടൽ. മാതൃഭൂമി ന്യൂസ്, ഏഷ്യാനെറ്റ്, 24 ന്യൂസ്, മനോരമ ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ക്കാണ് കോടതി വിമർശനം.

 

തെറ്റായ വാര്‍ത്തകളെ നിശിതമായി വിമര്‍ശിച്ചാണ് ഡല്‍ഹി കോടതി നിലപാട് വ്യക്തമാക്കിയത്. കോടതിറിപ്പോര്‍ട്ടിങ്ങില്‍ വന്ന ജാഗ്രതക്കുറവ് കോടതി അലക്ഷ്യമുള്‍പ്പടെയുള്ള കേസുകള്‍ക്ക് കാരണമാകുമെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതും അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഹര്‍ജിത് സിങ് ജസ്പാൽ നല്‍കി. ‌അത്തരമൊരു ഉത്തരവ് കോടതിയിൽ നിന്നുണ്ടായിട്ടില്ലെന്നും ആ ഘട്ടത്തിലേക്ക് കേസ് എത്തിയിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം ആരെങ്കിലും പറയുന്നത് കേട്ട് വാര്‍ത്ത നല്‍കരുതെന്നും വ്യക്തമാക്കി.

 

കേസ് പരിഗണിച്ച ശേഷം മണി കോടതിയില്‍ നിന്ന് ഇറങ്ങിവന്ന്, കേസെടുക്കാന്‍ ഉത്തരവിട്ടെന്ന് മാധ്യമങ്ങളോട് പറയുകയായിരുന്നു. ‘ഹരജിക്കാരന്റെ വാദം കേട്ടു. കേസ് 14ലേക്ക് മാറ്റുന്നു’ എന്ന് മാത്രമായിരുന്നു കോടതി കഴിഞ്ഞദിവസം പറഞ്ഞതെന്നിരിക്കെയായിരുന്നു മണി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. ജലീലിന് വേണ്ടി അഡ്വ. കെ എസ് സുബാഷ് ചന്ദ്രന്‍, അഡ്വ. കൃഷ്ണ എല്‍ ആര്‍ എന്നിവരാണ് കോടതിയില്‍ ഹാജരായത്.