ന്യൂഡല്‍ഹി: എ.എ.പി ഭരിക്കുന്ന ഡല്‍ഹി സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലില്‍ സുപ്രിംകോടതിയില്‍നിന്ന് എ.എ.പിക്ക് അനുകൂലമായി പുറപ്പെടുവിച്ച ഉത്തരവ് മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരായ യോജിച്ച നീക്കം പ്രതിപക്ഷകക്ഷികള്‍ക്കിടയില്‍ അപ്രതീക്ഷിത ഐക്യത്തിനിടയാക്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് പിന്നാലെയാണ് നിയമനങ്ങളിലുള്‍പ്പെടെ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറില്‍ അധികാരം നിക്ഷിപ്മാക്കുന്ന വിധത്തില്‍ ‘ദേശീയ തലസ്ഥാന സിവില്‍ സര്‍വിസ് അതോറിറ്റി ഓര്‍ഡിനന്‍സ്’ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയത്.
ബി.ജെ.പി വിരുദ്ധ വിശാല ഐക്യമെന്ന കോണ്‍ഗ്രസിന്റെ ആശയത്തോട് അകല്‍ച്ച സൂക്ഷിച്ചുവരുന്ന നിലപാടാണ് കെജ്‌രിവാളിനുള്ളതെങ്കിലും പുതിയ ഓര്‍ഡിനന്‍സിനെതിരായ അദ്ദേഹത്തിന്റെ പോരാട്ടത്തിന് കോണ്‍ഗ്രസ് കൂടി പിന്തുണച്ചത്, മുമ്പില്ലാത്ത വിധത്തില്‍ യോജിച്ച പ്രതിപക്ഷനീക്കത്തിന് വഴിയ്ക്കുകയായിരുന്നു. കെജ്‌രിവാളിനെ ഒതുക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ പേരില്‍ ഇഴഞ്ഞുനീങ്ങുകയായിരുന്ന പ്രതിപക്ഷ ഐക്യനീക്കം വേഗത്തിലാക്കുകയായിരുന്നു.
|
ഓര്‍ഡിനന്‍സിനെതിരായ നീക്കം പൊതുതെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിച്ച് കെജ്‌രിവാള്‍ വിവിധകക്ഷികളെ കണ്ട് പിന്തുണ തേടിവരികയാണ്. ഇതുപ്രകാരം കൊല്‍ക്കത്തയിലെത്തിയ അദ്ദേഹം പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട മമത, പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിക്കെതിരേ എല്ലാവരും ഒന്നിക്കണമെന്ന് അഭ്യര്‍ഥിച്ചു.
ബി.ജെ.പി ഇന്ത്യന്‍ ഭരണഘടന തകിടം മറിക്കുമോയെന്നും പാര്‍ട്ടിയുടെ പേര് രാജ്യത്തിന്റെ പേരാക്കി മാറ്റുമോ എന്നും ആശങ്കയുണ്ടെന്ന് മമത ബാനര്‍ജി. ഓര്‍ഡിനന്‍സും കത്തുകളും വഴി എല്ലാ സംസ്ഥാനങ്ങളിലെയും ഭരണം കേന്ദ്രം ഏറ്റെടുക്കും. ഇതൊരു വലിയ അവസരമാണ്. പാര്‍ലമെന്റില്‍ ഓര്‍ഡിനന്‍സിനെതിരേ തൃണമൂല്‍ വോട്ട് ചെയ്യും. സുപ്രിംകോടതിക്ക് മാത്രമേ ഇനി ഈ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ. കോടതി വിധിയുണ്ടായിട്ടും കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ഇത് ജനാധിപത്യം ഇല്ലാതാക്കാനുള്ള നീട്ടമാണ്- മമത പറഞ്ഞു.
ഇന്ന് ഡല്‍ഹിയില്‍ നടക്കുന്നത് നാളെ പ്രതിപക്ഷം ഭരിക്കുന്ന ഏത് സംസ്ഥാനത്തും സംഭവിക്കാമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിച്ച ഉടന്‍ കേന്ദ്രം ഞങ്ങളുടെ എല്ലാ അധികാരവും എടുത്തുകളഞ്ഞു. എട്ട് വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവില്‍ കോടതി ഞങ്ങള്‍ക്കൊപ്പം നിന്നു. എന്നാല്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നു, കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ തമാശയാക്കി മാറ്റി- കെജ്‌രിവാള്‍ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രിയും എ.എപി നേതാവുമായ ഭഗവന്ത് മാനും കെജ്‌രിവാളിനൊപ്പമുണ്ടായിരുന്നു.





