01
Aug 2023
Tue
01 Aug 2023 Tue

സുര്‍ജിത് ഭവനില്‍ പാര്‍ട്ടി ക്ലാസ്സിനും വിലക്ക്; ഉത്തരവിറക്കി ഡല്‍ഹി പൊലീസ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ സി.പി.എം പഠനഗവേഷണ കേന്ദ്രമായ ഡല്‍ഹി ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഭവനില്‍ പാര്‍ട്ടി ക്ലാസിനും വിലക്കുമായി ഡല്‍ഹി പൊലീസ്. പരിപാടികള്‍ നടത്തുന്നതിന് പൊലീസ് അനുമതി തേടണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. രാവിലെ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് പരിപാടി നടത്തരുതെന്ന് ആവശ്യപ്പെട്ടത്.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കുന്ന പരിപാടി തടയാനാണ് പൊലീസ് നീക്കം. എന്നാല്‍, നിര്‍ദേശം മറികടന്ന് കേന്ദ്രത്തില്‍ സാംസ്‌കാരിക പഠനക്ലാസ് ആരംഭിച്ചിട്ടുണ്ട്. മൂന്നു ദിവസത്തെ സാംസ്‌കാരിക പഠനക്ലാസാണു നടക്കുന്നത്. ക്ലാസില്‍ കേരളത്തില്‍നിന്നുള്ള നേതാക്കളായ എം.എ ബേബി, എം. സ്വരാജ് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞദിവസം ജി20ക്ക് ബദലായ വി20 പരിപാടി വിലക്കിയതിന് പിന്നാലെയാണ് പാര്‍ട്ടി ക്ലാസ് വിലക്കിയുള്ള പുതിയ ഉത്തരവ്.

പൊലീസ് നീക്കത്തെ യെച്ചൂരി അപലപിച്ചു. ഇക്കാര്യത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ട്. പരിപാടിയുമായി മുന്നോട്ടുപോകും. ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കും. സ്വകാര്യ സ്ഥലത്ത് യോഗം നടത്താന്‍ പോലീസ് അനുമതി വേണമെന്ന നിലപാട് അപലപനീയമാണെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു.