22
Jul 2026
Wed
ന്യൂഡല്‍ഹി: നീറ്റ് (NEET) പരീക്ഷാ ചോര്‍ച്ചയ്ക്കെതിരെ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കിടെ പോലീസിന്റെ ക്രൂരത വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്. തെരുവിലൂടെ ഓടുകയായിരുന്ന പ്രതിഷേധക്കാരനെ ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥന്‍ കാലുവെച്ച് നിലത്തുവീഴ്ത്തുന്ന ദൃശ്യങ്ങളാണ് ജനശ്രദ്ധ നേടുന്നത്. മാധ്യമപ്രവര്‍ത്തകനായ പിയൂഷ് റായ് പങ്കുവെച്ച ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
2026-ലെ നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും സമഗ്രമായ പരീക്ഷാ പരിഷ്‌കാരങ്ങള്‍ ഉന്നയിച്ചും കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും നടത്തുന്ന സമരത്തിനിടയിലാണ് സംഭവം. പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സൊനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്നാലെ, കഴിഞ്ഞ ജൂലൈ 20-ന് പോലീസും സമരക്കാരും തമ്മില്‍ നടന്ന കടുത്ത ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ആര്‍.എം.എല്‍ (RML) ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയ പ്രതിഷേധം ശക്തം
വീഡിയോ വലിയ വിവാദമായതോടെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ക്രമസമാധാനം പാലിക്കാനുള്ള സ്വാഭാവിക നടപടിയാണെന്ന ന്യായീകരണവുമായി ഡല്‍ഹി പോലീസ് രംഗത്തെത്തി. എന്നാല്‍ പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവം പൂര്‍ണ്ണമായും ‘യുവജന വിരുദ്ധം’ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അതിക്രമം കാണിച്ച പോലീസ് ഉദ്യോഗസ്ഥനെ ഉടനടി തിരിച്ചറിഞ്ഞ് നടപടിയെടുക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ആവശ്യപ്പെട്ടു.
Delhi Police Officer Appears to Trip Fleeing Protester in Viral Video





