11
Jul 2026
Sat
11 Jul 2026 Sat
Three more newborns from Delhi, Uttar Pradesh and Uttarakhand have been rescued, the police informed during a press conference

അന്തർസംസ്ഥാന ശിശുക്കടത്ത് സംഘത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഉത്തർപ്രദേശിൽ നിന്നുള്ള വിരമിച്ച അധ്യാപകനും ആശാ (ASHA) പ്രവർത്തകയുമടക്കം എട്ട് പേരെക്കൂടി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 23 ആയി. ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നായി മൂന്ന് നവജാത ശിശുക്കളെക്കൂടി പോലീസ് രക്ഷപ്പെടുത്തിയതോടെ ആകെ രക്ഷപെടുത്തിയ കുഞ്ഞുങ്ങളുടെ എണ്ണം ഒൻപതായി മാറിയിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാഫിയ പ്രവർത്തിച്ചിരുന്ന ഡൽഹിയിലെ ആശുപത്രി നടത്തിപ്പുകാരിയും കേസിലെ പ്രധാന പ്രതിയുമായ ഡോ. വിവേകി കപൂറിന്റെ ഭർത്താവ് ഡോ. ഹീര കപൂറിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.

ALSO READ: പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ കൊടുംക്രൂരത; ആദ്യം ലൈംഗികാതിക്രമ കേസ് നല്‍കിയ പെണ്‍കുട്ടിയെയും കുടുംബത്തെയും കൊന്നു; പിന്നാലെ സ്വന്തം ഭാര്യയും മക്കളും

പ്രേരകമായത് ‘ആൺകുട്ടി’ വേണമെന്ന ആഗ്രഹം

നിയമപരമായ ദത്തെടുക്കൽ പ്രക്രിയകൾ മറികടന്ന് കുഞ്ഞുങ്ങളെ വാങ്ങാൻ ദമ്പതികളെ പ്രേരിപ്പിച്ചത് പ്രധാനമായും ‘ആൺകുട്ടി വേണമെന്ന ആഗ്രഹ’മാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മാതാപിതാക്കളിൽ നിന്ന് കുഞ്ഞുങ്ങളെ വാങ്ങി, കുട്ടികളില്ലാത്ത ധനികരായ ദമ്പതികൾക്ക് ലക്ഷങ്ങൾ വാങ്ങി വിൽക്കുന്ന വലിയൊരു ശൃംഖലയാണ് ഇതെന്നും ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും സെൻട്രൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രോഹിത് രാജ്ബീർ സിംഗ് പറഞ്ഞു. ഈ കേസിൽ ഐ.വി.എഫ് (IVF) അല്ലെങ്കിൽ വാടകഗർഭധാരണ (Surrogacy) രീതികൾ ഉപയോഗിച്ചതായി കണ്ടെത്താനായിട്ടില്ല.

അടുത്തിടെ അറസ്റ്റിലായവർ:

  • ജ്യോതി: ഗുഡ്ഗാവിലെ ആശാ വർക്കർ (ഇടനിലക്കാരിയായി പ്രവർത്തിച്ചു).

  • ശങ്കർ ഗമർ: കുട്ടികളെ കണ്ടെത്താൻ സഹായിച്ച ഇടനിലക്കാരൻ.

  • സുഗ്നാബെൻ ഗമർ, കാന്തിഭായ് ഗമർ: സ്വന്തം ആൺകുഞ്ഞിനെ വിറ്റ ഗുജറാത്ത് സ്വദേശികളായ ദമ്പതികൾ.

  • കേത്കി ഗുപ്ത: ഒരു മാസം പ്രായമുള്ള ആൺകുഞ്ഞിനെ നാല് ലക്ഷം രൂപയ്ക്ക് വാങ്ങിയ സ്ത്രീ.

  • റാം പ്രകാശ് നിഷാദ്: 2025-ൽ ആൺകുഞ്ഞിനെ വിലയ്ക്ക് വാങ്ങിയ മഥുരയിലെ വിരമിച്ച അധ്യാപകൻ.

  • അഭ സിംഗ്, അമിത് പ്രതാപ് സിംഗ്: എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനെ 5 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഹരിദ്വാറിലെ ദമ്പതികൾ.

ചില മാതാപിതാക്കൾ പണത്തിന് വേണ്ടി കുഞ്ഞുങ്ങളെ വിറ്റപ്പോൾ, അവിചാരിതമായി ഗർഭിണിയായ ഒരു യുവതി കുഞ്ഞിനെ സൌജന്യമായി മറ്റാർക്കെങ്കിലും വളർത്താൻ നൽകുകയാണെന്ന വ്യാജേനയാണ് ഈ സംഘത്തെ സമീപിച്ചത്. എന്നാൽ പിന്നീട് കുഞ്ഞിനെ വിൽക്കാനുള്ള മാഫിയയുടെ നീക്കം തിരിച്ചറിഞ്ഞ ഇവർ ഗർഭഛിദ്രം നടത്തുകയും ഇപ്പോൾ പോലീസിന്റെ പ്രധാന സാക്ഷിയാവുകയും ചെയ്തിട്ടുണ്ട്. രക്ഷപെടുത്തിയ ഒൻപത് കുട്ടികളെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) മുന്നിൽ ഹാജരാക്കി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

പൊലിസ് കെണിയൊരുക്കി പിടികൂടിയത് ഇങ്ങനെ

കഴിഞ്ഞ ജൂൺ 5-ന് ആർ.കെ ആശ്രമം മെട്രോ സ്റ്റേഷന് സമീപം വെച്ച് ഡൽഹി പോലീസിന്റെ ആന്റി നാർക്കോട്ടിക് സെൽ നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് (Decoy Operation) ഈ മാഫിയ വലയിലാകുന്നത്.  ആവശ്യക്കാരെന്ന നിലയിൽ സമീപിച്ച പോലീസിന് 4-5 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേർ പിടിയിലാവുകയും ടോക്കൺ തുകയായി നൽകിയ 20,000 രൂപ കണ്ടുകെട്ടുകയും ചെയ്തു. തുടർന്ന് പഹർഗഞ്ച് പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിത, ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അഡീഷണൽ ഡി.സി.പി പ്രശാന്ത് ചൗധരിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.