01
Jun 2023
Thu
01 Jun 2023 Thu

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രം പാടില്ലെന്ന് ഡൽഹി സർവ്വകലാശാലക്ക് കീഴിലെ ഹിന്ദു കോളജ്. നാളെ നടക്കാനിരിക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് നിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. മോദിയാണ് ചടങ്ങിലെ മുഖ്യാതിഥി. വിദ്യാർത്ഥികളുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്താൻ നിർദേശമുണ്ട്. തിരിച്ചറിയൽ കാർഡ് കരുതണം. കറുത്ത വസ്ത്രം പാടില്ല. പരമാവധി വിദ്യാർത്ഥികൾ ചടങ്ങിനെത്തുമെന്ന് ഉറപ്പാക്കാൻ അറ്റൻഡൻസ് അധികം നൽകുമെന്ന വാഗ്ദാനവുമുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാളെ നടക്കുന്ന പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും പങ്കെടുക്കുന്നവർക്ക് അഞ്ചു ദിവസത്തെ അറ്റന്റൻസ് നൽകുമെന്നും സർകുലറിൽ പറയുന്നു. ഡൽഹി സർവകലാശാലയുടെ സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് പരിപാടി. മണിപ്പൂർ വിഷയം ഉയർത്തിയുള്ള പ്രതിഷേധം കണക്കിലെടുത്ത് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമേ സ്റ്റേഡിയത്തിലേക്ക് പ്രവേശനമുള്ളു. കോളജുകളിൽ പരിപാടി തൽസമയം സ്‌ക്രീൻ ചെയ്യാനാണ് തീരുമാനം.

ഇങ്ങനെ നടത്തുന്ന സ്‌ക്രീനിങിൽ പങ്കെടുക്കാനാണ് ഹിന്ദു കോളജിലെ വിദ്യാർഥികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. നാളെ രാവിലെ 11 മുതൽ 12വരെയാണ് സ്രക്രീനിങ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 9 മണിക്ക് മുൻപ് വിദ്യാർഥികൾ ഓഡിറ്റോറിയത്തിൽ എത്തണമെന്നും നിർദേശമുണ്ട്. നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ രംഗത്തെത്തി.