14
Dec 2025
Wed
14 Dec 2025 Wed
delivery app boys strike

ന്യൂഡല്‍ഹി: ഡെലിവറി ജീവനക്കാരുടെ യൂണിയനുകള്‍ പ്രഖ്യാപിച്ച വമ്പന്‍ പണിമുടക്കിന് തൊട്ടുമുമ്പ്, ഇ-കൊമേഴ്സ്, ഫുഡ് ഡെലിവറി ആപ്പുകളും യൂണിയനുകളും തമ്മിലുള്ള തര്‍ക്കം ചൊവ്വാഴ്ചയോടെ രൂക്ഷമായി. സമരം നേരിടാന്‍ കമ്പനികള്‍ ബൗണ്‍സര്‍മാരെ വിന്യസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ, വെറും രണ്ട് ദിവസം ജോലി ചെയ്താല്‍ വന്‍തുകയോ വാഹനമോ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബോളിവുഡ് താരങ്ങളെ ഉപയോഗിച്ചുള്ള പ്രചാരണവും കമ്പനികള്‍ ആരംഭിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്സവ സീസണില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ വരുന്ന പുതുവത്സര രാവ് (New Year’s Eve) തന്നെ സമരത്തിനായി തിരഞ്ഞെടുത്തത് കമ്പനികളെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.

സൊമാറ്റോ (Zomato), സ്വിഗ്ഗി (Swiggy), ഇന്‍സ്റ്റാമാര്‍ട്ട്, അര്‍ബന്‍ കമ്പനി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ഡെലിവറികള്‍ക്ക് ഉയര്‍ന്ന വേതനം, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍. ഡിസംബര്‍ 25-ന് നടന്ന പണിമുടക്കിന് പിന്നാലെയാണ് പുതിയ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ: എബിവിപി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസ്: മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

വേതനത്തിലെ സുതാര്യതയില്ലായ്മ, ജീവനക്കാരുടെ ഐഡികള്‍ ഏകപക്ഷീയമായി ബ്ലോക്ക് ചെയ്യുന്നത്, അപകടകരമായ ’10 മിനിറ്റ് ഡെലിവറി’ രീതി എന്നിവയില്‍ പ്രതിഷേധിച്ചാണ് ഡെലിവറി ജീവനക്കാരുടെ യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

നേരിടാന്‍ കമ്പനികള്‍

സൊമാറ്റോ: ഡിസംബര്‍ 31-നും ജനുവരി 1-നും ജോലി ചെയ്യുന്ന ഡെലിവറി പാര്‍ട്ണര്‍മാര്‍ക്ക് 6,000 രൂപ വരെ നേടാമെന്ന് വാഗ്ദാനം ചെയ്ത് നടി തമന്ന ഭാട്ടിയയെ ഉള്‍പ്പെടുത്തിയുള്ള പരസ്യങ്ങള്‍ സൊമാറ്റോ പുറത്തിറക്കി. പണിമുടക്ക് വകവെക്കാതെ ജോലി തുടരാന്‍ മാനേജ്മെന്റ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ‘ജോലിക്ക് എന്തെങ്കിലും തടസ്സമുണ്ടായാല്‍ സഹായിക്കാന്‍ സൊമാറ്റോയുടെ ക്വിക്ക് റെസ്പോണ്‍സ് ടീമും ടീം ലീഡര്‍മാരും സജ്ജമാണ്. പോലീസിനെ വിളിക്കുകയോ (112) ആപ്പിലെ ടഛട ബട്ടണ്‍ അമര്‍ത്തുകയോ ചെയ്യാം,’ എന്ന് കമ്പനി അറിയിച്ചു.

സ്വിഗ്ഗി: മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനെയാണ് സ്വിഗ്ഗി രംഗത്തിറക്കിയത്. ഈ ദിവസങ്ങളില്‍ ഡെലിവറി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സൗജന്യമായി ഇലക്ട്രിക് വാഹനം (EV) നല്‍കുമെന്നാണ് വാഗ്ദാനം. അമ്മയെ പുറത്ത് കൊണ്ടുപോകാന്‍ വാഹനം ഉപയോഗിക്കാം എന്ന വൈകാരിക തലത്തിലാണ് പരസ്യം. നിലവില്‍ ഭൂരിഭാഗം ജീവനക്കാരും വാടകയ്ക്കെടുത്ത ഇവികളാണ് ഉപയോഗിക്കുന്നത്.

1.5 ലക്ഷം ഡെലിവറി ഏജന്റുമാര്‍ പങ്കെടുക്കും

രാജ്യത്തുടനീളം കുറഞ്ഞത് 1.5 ലക്ഷം ഡെലിവറി ഏജന്റുമാര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ‘ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ്’ നാഷണല്‍ ജനറല്‍ സെക്രട്ടറി ഷെയ്ക്ക് സലാവുദ്ദീന്‍ പറഞ്ഞു. ‘സമരം പൊളിക്കാന്‍ കമ്പനികള്‍ ഏതറ്റം വരെയും പോകുന്നുണ്ട്. ഹൈദരാബാദിലെ സൈദാബാദില്‍ ചൊവ്വാഴ്ച രാത്രി സൊമാറ്റോയ്ക്ക് വേണ്ടി ബൗണ്‍സര്‍മാര്‍ കറങ്ങിനടന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് കണ്ടു. സമരത്തില്‍ ചേര്‍ന്നാല്‍ ഐഡി ബ്ലോക്ക് ചെയ്യുമെന്നും ഇനി ഒരിക്കലും ആപ്പിന് വേണ്ടി ജോലി ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ ഭീഷണിപ്പെടുത്തുന്നു,’ അദ്ദേഹം ആരോപിച്ചു.

ALSO READ: മദ്യലഹരിയില്‍ കാറോടിച്ച് ഡെലിവറി ഏജന്റിനെ ഇടിച്ചുകൊന്നു; പോപ്പ് താരത്തിന് ജയില്‍ ശിക്ഷ

കര്‍ണാടകയില്‍, പ്രത്യേകിച്ച് ബെംഗളൂരുവിലും മൈസൂരുവിലുമായി 20,000-ത്തോളം തൊഴിലാളികള്‍ പങ്കെടുക്കുമെന്ന് കര്‍ണാടക ആപ്പ് ബേസ്ഡ് വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡന്റ് ഇനായത്ത് അലി പറഞ്ഞു. ‘പ്രകടനങ്ങളോ ഒത്തുചേരലുകളോ ഉണ്ടാവില്ല; പകരം സമരസമയത്ത് ആപ്പില്‍ നിന്ന് ലോഗ് ഔട്ട് (Log out) ചെയ്താണ് പ്രതിഷേധിക്കുക.’

ഈ ദിവസങ്ങളില്‍ 16 മണിക്കൂര്‍ ഷിഫ്റ്റ് ചെയ്തില്ലെങ്കില്‍ ഐഡി ബ്ലോക്ക് ചെയ്യുമെന്ന് തൊഴിലുടമകള്‍ ഭീഷണിപ്പെടുത്തുന്നതായും അലി പറഞ്ഞു. ലോഗ് ഔട്ട് ചെയ്യുന്ന സമയം ജീവനക്കാരെ സജീവമാക്കാന്‍ ജയനഗറില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. അര്‍ബന്‍ കമ്പനിയിലെ സ്ത്രീ ജീവനക്കാരും സമരത്തില്‍ പങ്കുചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവനക്കാരുടെ പരാതികള്‍

അപകടസാധ്യത: ‘ഒരു സെക്കന്‍ഡ് വൈകിയാല്‍ പോലും അന്നത്തെ മുഴുവന്‍ ഇന്‍സെന്റീവും ഞങ്ങള്‍ക്ക് നഷ്ടപ്പെടും. അതുകൊണ്ട് ട്രാഫിക് സിഗ്‌നലുകള്‍ ലംഘിച്ചും, വെളിച്ചം കുറവാണെങ്കില്‍ പോലും വേഗത്തില്‍ വാഹനം ഓടിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നു,’ ഈസ്റ്റ് ഓഫ് കൈലാഷിലെ ബ്ലിങ്കിറ്റ് (Blinkit) വെയര്‍ഹൗസിലെ ഒരു ജീവനക്കാരന്‍ പറഞ്ഞു.

അമിത ജോലി: ‘കമ്പനി ഇപ്പോള്‍ ഞങ്ങളുടെ രക്തം ഊറ്റിക്കുടിക്കുകയാണ്,’ ഗുഡ്ഗാവ് സെക്ടര്‍ 52-ല്‍ ഓര്‍ഡര്‍ നല്‍കാനെത്തിയ മധ്യവയസ്‌കനായ ഒരു ജീവനക്കാരന്‍ പറഞ്ഞു.
‘ദിവസത്തില്‍ 13-15 മണിക്കൂര്‍ ഞങ്ങള്‍ ജോലി ചെയ്യുന്നു. കുറഞ്ഞ ജോലി സമയം 10-ല്‍ നിന്ന് 13 മണിക്കൂറാക്കി ഉയര്‍ത്തിയിട്ടുണ്ട്. 13 മണിക്കൂറില്‍ കുറവ് ജോലി ചെയ്യുകയോ രാത്രി 11.30-ന് മുമ്പ് ലോഗ് ഓഫ് ചെയ്യുകയോ ചെയ്താല്‍ അന്നത്തെ വരുമാനത്തില്‍ കുറവുണ്ടാകും,’ ആകാശ് എന്ന മറ്റൊരു ജീവനക്കാരന്‍ പറഞ്ഞു.

വേതന വ്യവസ്ഥ: പൂര്‍ത്തിയാക്കുന്ന ജോലികളുടെ അടിസ്ഥാനത്തിലാണ് വേതനം ലഭിക്കുന്നതെന്നും, കാത്തിരിപ്പ് സമയം, മോശം കാലാവസ്ഥ, ട്രാഫിക് എന്നിവ കണക്കിലെടുക്കുന്നില്ലെന്നും GiGWA ഓര്‍ഗനൈസിംഗ് സെക്രട്ടറി നിതേഷ് കുമാര്‍ ദാസ് കുറ്റപ്പെടുത്തി.

റെസ്റ്റോറന്റുകളുടെ ആശങ്ക

സമരം ബിസിനസിനെ ബാധിക്കുമെന്നതിലുപരി, തയ്യാറാക്കിയ ഭക്ഷണം പാഴായിപ്പോകുമോ എന്നതാണ് പ്രധാന ആശങ്കയെന്ന് നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (NRAI) വൈസ് പ്രസിഡന്റ് പ്രണവ് റുങ്ത പറഞ്ഞു. ‘ഡിസംബര്‍ 25-ലെ സമരം എന്‍സിആര്‍ മേഖലയെ, പ്രത്യേകിച്ച് ഗുഡ്ഗാവിനെ ബാധിച്ചിരുന്നു. ഏറ്റവും കൂടുതല്‍ ബിസിനസ് നടക്കുന്ന ദിവസങ്ങളില്‍ തന്നെ പണിമുടക്കാന്‍ ജീവനക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക