29
May 2024
Sat
29 May 2024 Sat
HD Revanna arrested

ബംഗളൂരു: ലൈംഗികാതിക്രമ കേസിലെ ഇരയെ തട്ടികൊണ്ടുപോയ കേസില്‍ ജെഡിഎസ് എംഎല്‍എയും എച്ച് ഡി ദേവഗൗഡയുടെ മകനുമായ എച്ച് ഡി രേവണ്ണ അറസ്റ്റില്‍. ദേവെഗൗഡയുടെ പത്മനാഭനഗറിലെ വീട്ടില്‍ നിന്നാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. 9 Deve Gowda’s son HD Revanna has been arrested in the case of kidnapping the victim in the sexual assault case )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യഹരജി ബംഗളൂരുവിലെ പ്രത്യേക കോടതി തള്ളിയതിന് പിന്നാലെയാണ് കസ്റ്റഡി. മകന്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് എതിരായ ലൈംഗിക പീഡന കേസിലും രേവണ്ണ പ്രതിയാണ്. പ്രജ്വലിന്റെ ജാമ്യഹര്‍ജിയും കോടതി തള്ളിയിട്ടുണ്ട്.

നേരത്തെ, രേവണ്ണയുടെ വീട്ടിലെത്തിയ എസ്ഐടി സംഘത്തെ അദ്ദേഹത്തിന്റെ അനുയായികള്‍ തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഹോളനരിസ്പുരയിലെ രേവണ്ണയുടെ വീട്ടില്‍ റെയ്ഡിനെത്തിയ അന്വേഷണസംഘത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

അതേസമയം, രാജ്യം വിട്ട പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കും. അതിനിടെ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ പുതിയ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. തന്നെയും ഭര്‍ത്താവിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയശേഷം ബലാത്സംഗം ചെയ്തുവെന്നാണ് നാല്‍പ്പത്തിനാലുകാരിയായ മുന്‍ പഞ്ചായത്ത് അംഗത്തിന്റെ പരാതി. കോളജ് വിദ്യാര്‍ഥികള്‍ക്കു ഹോസ്റ്റല്‍ സീറ്റ് ലഭിക്കുന്നതിനായി 2021-ല്‍ പ്രജ്വലിന്റെ ഹാസനിലുള്ള എംപി ക്വാര്‍ട്ടേഴ്സില്‍ പോയിരുന്നുവെന്നും ഈ സമയത്താണ് പീഡനത്തിനിരയായതെന്നും യുവതി പരാതിയില്‍ പറയുന്നു.

ഭര്‍ത്താവിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ ബലാത്സംഗം ചെയ്യുകയും പലതരത്തിലുള്ള വീഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.