21
Sep 2022
Sun
21 Sep 2022 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപി നേതാവിന്റെ മകന്റെ റിസോർട്ടിലെ റിസപ്ഷിനിസ്റ്റായ 19കാരി അങ്കിത കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാറിന്റെ വെളിപ്പെടുത്തൽ. റിസോർട്ടിലെത്തുന്ന അതിഥികൾക്ക് പ്രത്യേക സേവനങ്ങൾ നൽകണമെന്ന് ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനായ പുൽകിത് ആര്യ ജീവനക്കാരിയായ അങ്കിതയോട് നിർദേശിച്ചിരുന്നുവെന്നാണ് ഡിജിപി പറഞ്ഞത്. ശനിയാഴ്ചയാണ് അങ്കിതയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. 

 

യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പുൽകിത് ആര്യയെയും റിസോർട്ടിലെ മറ്റ് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിസോർട്ടിന് നാട്ടുകാർ തീയിടുകയും തല്ലിത്തകർക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ വിനോദ് ആര്യയെ ബിജെപിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. 

 

അങ്കിതയുടെ മൊബൈൽ ഫോണിൽ നിന്ന് നിർണായകമായ നിരവധി തെളിവുകൾ ലഭിച്ചതായി ഡിജിപി പറയുന്നു. അതിഥികൾക്ക് വഴങ്ങിക്കൊടുക്കണമെന്ന പുൽകിതിന്റെ ആവശ്യത്തെ നിരാകരിക്കുകയും ഇതേച്ചൊല്ലി വഴക്കിടുകയും ചെയ്ത അങ്കിതയെ പ്രതികൾ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

 

അതിഥികളുമായി ലൈം​ഗികബന്ധത്തിലേർപ്പെടണമെന്ന പുൽകിതിന്റെ നിർദേശത്തെക്കുറിച്ച് അങ്കിത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സപ്തംബർ പതിനെട്ടിന് പുൽകിത് എത്തി അങ്കിതയെ ഇരുചക്രവാഹനത്തിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പോവുന്ന വഴി അങ്കിത പ്രതികൾ മൂവരുമായി വാ​ഗ്വാദത്തിലേർപ്പെട്ടു. ഇതോടെ പ്രതികൾ അങ്കിതയെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് റിസോർട്ടിലെത്തിയ പ്രതികൾ വ്യാജ കഥ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ പൊലീസ് ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റസമ്മതം നടത്തുകയായിരുന്നു.