ധര്‍മസ്ഥല ക്ഷേത്ര നഗരിയില്‍ മൃതദേഹങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ കുഴിച്ചുമൂടിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇടക്കാല റിപോര്‍ട്ട് സമര്‍പ്പിക്കില്ല. ജൂലൈ 19ന് എസ്‌ഐടി രൂപീകരിക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത് പ്രകാരം അന്വേഷണ പുരോഗതി അപ്പപ്പോള്‍ ഡിജി-ഐജിപി എം എ സലീമിനെ അറിയിക്കുന്നുണ്ടെന്ന് എസ്‌ഐടി വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു.
|
കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര നിലവിലുള്ള അന്വേഷണം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും.
ധര്‍മസ്ഥലയില്‍ 1995 മുതല്‍ 2014 വരെ ജോലി ചെയ്തിരുന്ന 50 വവയസ്സുള്ള ശുചീകരണ തൊഴിലാളി നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിനു വേണ്ടിയാണ് ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ എസ്‌ഐടിക്ക് രൂപം നല്‍കിയത്. ക്ഷേത്ര അധികൃതരുടെ നേരിട്ടുള്ള നിര്‍ദേശ പ്രകാരം നിരവധി മൃതദേഹങ്ങള്‍ താന്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. ഡിജി-ഐജിപി വഴി അന്തിമ റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് എസ്‌ഐടിക്കുള്ള നിര്‍ദേശം.
അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ച 17 ഇടങ്ങളില്‍ എസ്‌ഐടി ഇതിനകം കുഴിച്ചു പരിശോധിച്ചു. ആറാം നമ്പര്‍ സൈറ്റില്‍ ഒരു പുരുഷന്റെ അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കിട്ടിയിരുന്നു. 14ആം നമ്പര്‍ സൈറ്റിലും സമാനമായ രീതിയില്‍ എല്ലിന്‍ കഷ്ണങ്ങള്‍ കിട്ടി.
2002-2003ല്‍ 15കാരിയുടെ മൃതദേഹം കേസ് രജിസ്റ്റര്‍ ചെയ്യാതെ പോലീസ് കുഴിച്ചുമൂടിയെന്ന് സാമൂഹിക പ്രവര്‍ത്തകരന്‍ ടി ജയന്ത് ആരോപിച്ച സ്ഥലം എസ്‌ഐടി തിരിച്ചറിഞ്ഞിട്ടുണ്ട്. ധര്‍മസ്ഥലയ്ക്ക് സമീപമുള്ള കല്ലേരിയിലാണിത്. 1995 മുതല്‍ 2014 വരെയുള്ള കുഴിച്ചുമൂടലുകള്‍ക്ക് സാക്ഷികളാണെന്ന് പറയുന്നവരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു.
ഇക്കാലയളവില്‍ ധര്‍മസ്ഥല ഗ്രാമത്തില്‍ മറവ് ചെയ്ത മൃതദേഹങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ധര്‍മസ്ഥല ഗ്രാമ പഞ്ചായത്തില്‍ നിന്ന് എസ്‌ഐടി ശേഖരിച്ചിട്ടുണ്ട്.


