
സവോപോളോ: ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ അർജന്റീനക്ക് പിന്നാലെ മുൻ ലോക ചാമ്പ്യൻമാരായ ബ്രസീലിനും തോൽവി. എതിരില്ലാത്ത ഒറ്റ ഗോളിന് പരാഗ്വെയാണ് അഞ്ചുതവണ ലോകചാമ്പ്യന്മാരായ മഞ്ഞപ്പടയെ നാണം കെടുത്തിയത്. വിനീഷ്യസ് ജൂനിയറിനെയും എൻഡ്രികിനെയും റോഡ്രിഗോയെയും മുന്നേറ്റത്തിൽ അണിനിരത്തിയിറങ്ങി എങ്കിലും കാനറികൾക്ക് ജയിക്കാനായില്ല. പന്തടക്കത്തിലും മുന്നേറ്റത്തിലും ബ്രസീൽ ബഹുദൂരം മുന്നിട്ടുനിന്നെങ്കിലും കൗണ്ടർ അറ്റാക്കുകളിലൂടെ അവസരങ്ങളൊരുക്കുന്നതിൽ പരാഗ്വെ ഒപ്പത്തിനൊപ്പം നിൽക്കുകയും ഒറ്റഗോളിൽ വിജയം പിടിക്കുകയുമായിരുന്നു.
![]() |
|
ആദ്യ പത്ത് മിനിറ്റിൽ പരാഗ്വെ ചിത്രത്തിലേ ഇല്ലായിരുന്നു. എന്നാൽ, പതിയെ ചെറിയ മുന്നേറ്റങ്ങളുമായി പിടിച്ചുനിന്ന അവർ വിജയം സ്വന്തമാക്കുക ആയിരുന്നും 20ാം മിനിറ്റിൽ ബ്രസീലിനെ ഞെട്ടിച്ച് അവർ ഗോളും നേടി. ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് ലഭിച്ച ഡിയോഗോ ഗോമസ് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. 1-0.
നാല് മിനിറ്റിനകം ബ്രസീൽ ഗോൾ തിരിച്ചടിച്ചെന്ന് തോന്നിച്ചെങ്കിലും ഗോൾലൈൻ സേവിലൂടെ പരാഗ്വെ തടയിട്ടു. പരാഗ്വെയുടെ ഏക ഗോൾ ലീഡിൽ ആദ്യപകുതി അവസാനിച്ചു.
രണ്ടാം പകുതി തുടങ്ങിയയുടൻ റോഡ്രിഗോക്ക് ഗോൾ തിരിച്ചടിക്കാൻ സുവർണാവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിൽനിന്നകന്നു. പിന്നീടും ബ്രസീൽ എതിർഗോൾമുഖത്തേക്ക് ഇരമ്പിയാർത്തു. കൗണ്ടർ അറ്റാക്കുകളിലൂടെ പരാഗ്വെയും കട്ടക്ക് നിന്നു. ഇതിനിടെ വിനീഷ്യസിന്റെ ഗോളെന്നുറച്ച ഷോട്ട് പരാഗ്വെ ഗോൾകീപ്പർ പറന്ന് തട്ടിയകറ്റി. അവസാന മിനിറ്റുകളിൽ ഹെൻഡ്രിക്സിന്റെ ശ്രമവും നിരാശയിലാണ് അവസാനിച്ചത്.
അതേസമയം കൊളംബിയ അർജൻ്റീനയെ അട്ടിമറിച്ചത് ആണ് ലാറ്റിനമേരിക്കൻ മേഖലയിൽ നിന്നുള്ള മറ്റൊരു പ്രധാന വാർത്ത. നിലവിലെ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് കൊളംബിയ അട്ടിമറിച്ചത്. യെര്‍സണ്‍ മൊസക്വറ, ജെയിംസ് റോഡ്രിഗസ് എന്നിവരാണ് കൊളംബിയയുടെ ഗോൾ വേട്ടക്കാർ.
നിക്കോളാസ് ഗോണ്‍സാലസാണ് അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ നേടിയത്.
മത്സരത്തിന്റെ 25-ാം മിനിറ്റില്‍ യെര്‍സണ്‍ മെസക്വറയിലൂടെ കൊളംബിയ ആണ് മുന്നിലെത്തിയത്. ഒരു ഗോള്‍ ലീഡോടെ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോണ്‍സാലസിലൂടെ അര്‍ജന്റീന സമനില പിടിച്ചു. എന്നാല്‍ ആഘോഷത്തിന് അധികം ആയുസ്സുണ്ടായില്ല.
60-ാം മിനിറ്റില്‍ റോഡ്രിഗസിന്റെ പെനാല്‍റ്റിയിലൂടെ കൊളംബിയ മൽസരം തിരിച്ചുപിടിച്ചു. ഡാനിയൽ മുനോസിനെ നിക്കോളാസ് ഒട്ടമെൻഡി ഫൗള്‍ ചെയ്‌തതിന് വാര്‍ പരിശോധനയ്‌ക്ക് ശേഷമാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്.
തിരിച്ചുവരാൻ ലോക ചാമ്പ്യന്മാർ കിണഞ്ഞുശ്രമിച്ചെങ്കിലും കൊളംബിയന്‍ ബോക്സ് കടക്കാനായില്ല. ഇതോടെ സൗത്ത് അമേരിക്കൻ യോഗ്യത റൗണ്ടില്‍ തോല്‍വി അറിയാത്ത ഓരേയൊരു ടീമായി കൊളംബിയ മാറി.
തോറ്റെങ്കിലും ലാറ്റിനമേരിക്കന്‍ മേഖല ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അര്‍ജന്റീന തന്നെയാണ് പട്ടികയില്‍ ഒന്നാമത്. എട്ടു മത്സരങ്ങളില്‍ നിന്നു 18 പോയിന്റാണ് അര്‍ജന്റീനയ്ക്ക്. 16 പോയിന്റുമായി കൊളംബിയ രണ്ടും l 15 പോയിന്റുമായി ഉറുഗ്വെ മൂന്നാം സ്ഥാനത്തും ഉണ്ട്.
എട്ട് മത്സരങ്ങളിൽ 10 പോയന്റ് മാത്രമുള്ള ബ്രസീൽ പോയന്റ് ടേബിളിൽ അഞ്ചാമതാണ്.
Paraguay vs Brazil Highlights, FIFA World Cup 2026 qualifier: Diego Gomez powers PAR to 1-0 win over BRA