09
Oct 2023
Fri
09 Oct 2023 Fri

നേതൃത്വത്തെ വിമര്‍ശിച്ച വൈദികന് വിചാരണ; മത കോടതി രൂപീകരിച്ച് താമരശ്ശേരി രൂപത: വിചിത്രം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: സഭാ നേതൃത്വത്തെ വിമര്‍ശിച്ച വൈദികനെ വിചാരണ ചെയ്യാനായി മത കോടതി രൂപീകരിച്ച് വിചിത്ര നടപടിയുമായി താമരശ്ശേരി രൂപത. വൈദികനായ ഫാ. തോമസ് അജി പുതിയപറമ്പിലിനെ വിചാരണ ചെയ്യാനാണ് രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചിനാനീയില്‍ മത കോടതി രൂപീകരിച്ച് ഉത്തരവിറക്കിയത്. ബിഷപ്പിനെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു, സിറോ മലബാര്‍ സഭ സിനഡ് തീരുമാനത്തെ ചോദ്യം ചെയ്തു എന്നീ കുറ്റങ്ങളാണ് വൈദികനെതിരേ ചുമത്തിയിരിക്കുന്നത്.

ഫാ. ബെന്നി മുണ്ടനാട്ടാണ് കുറ്റവിചാരണക്കോടതിയുടെ അധ്യക്ഷന്‍. ഫാ. ജയിംസ് കല്ലിങ്കല്‍, ഫാ. ആന്റണി വരകില്‍ എന്നിവരാണ് സഹ ജഡ്ജിമാര്‍.

സംഭവത്തില്‍ പ്രതികരിച്ച് വൈദികന്‍ രംഗത്തെത്തിയതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്. ക്രൈസ്തവ സഭകളില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് മത കോടതി എന്നും സഭയിലെ അഴിമതി, ജീര്‍ണത എന്നിവ തുറന്നു കാണിച്ചതിനാണ് നടപടി എന്നും വൈദികന്‍ പറഞ്ഞു. സഭയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെയും, വിവിധ നിയമനങ്ങളിലെ കോഴയെയും എതിര്‍ത്തിട്ടുണ്ട്. കുറ്റ വിചാരണ കോടതി സ്ഥാപിച്ചത് തന്നെ പുറത്താക്കാനാണെന്നും ഫാദര്‍ അജി പുതിയാപറമ്പില്‍ പറഞ്ഞു.

ഫാ. അജി പുതിയപറമ്പിലിനെ അദ്ദേഹത്തിന് നിശ്ചയിച്ച പള്ളിയില്‍ ചുമതല ഏൽക്കാൻ വിസമ്മതിച്ചതിന് ജൂലൈയില്‍ താമരശ്ശേരി രൂപത ബിഷപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സഭാ സിനഡ് തീരുമാനത്തിനെതിരെ പൊതുപ്രസംഗങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തികരമായ സന്ദേശങ്ങളിലൂടെയും സഭയിലെ അച്ചടക്കം ലംഘിച്ചു എന്നും അദ്ദേഹത്തിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. മണിപ്പൂരിലെ കലാപ വിഷയം സഭ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെയായിരുന്നു വൈദികന്റെ വിമര്‍ശനം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക