
കൊച്ചി: നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകന്‍ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഈ മാസം പതിനാറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാഫിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 56 മത്തെ വയസ്സിലാണ് അന്ത്യം.
![]() |
|
ഹാസ്യത്തിന് നവീനഭാവം നല്‍കിയ സംവിധായകനായിട്ടാണ് ഷാഫി അറിയപ്പെടുന്നത്. ജയറാം നായകനായ വണ്‍മാന്‍ ഷോ ആയിരുന്നു ആദ്യചിത്രം. റാഫി – മെക്കാര്‍ട്ടിന്‍ ടീമിലെ റാഫി മൂത്ത സഹോദരനാണ്. സംവിധായകന്‍ സിദ്ധിഖ് അമ്മാവനാണ്. 1990ല്‍ രാജസേനന്റെ സഹസംവിധായകനായാണ് സിനിമരംഗത്തേക്കുള്ള ഷാഫിയുടെ പ്രവേശം. ആദ്യത്തെ കണ്‍മണിയാണ് ഷാഫി അസിസ്റ്റന്റ് ഡയറക്ടറായ ആദ്യചിത്രം.
തൊമ്മനും മക്കളും, മായാവി, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആണ് ഷാഫി.
18ലധികം മലയാള സിനിമകൾ അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്. രണ്ടുവർഷം മുമ്പ് ഇറങ്ങിയ ആനന്ദം പരമാനന്ദം എന്ന ചിത്രത്തിന് അദ്ദേഹം തിരക്കഥ ഒരുക്കിയിരുന്നു. നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്.
1968 ഫെബ്രുവരി മാസത്തിൽ ആയിരുന്നു എറണാകുളം പുല്ലേപ്പടിയിൽ എം. പി ഹംസയുടെയും നബീസുമ്മയുടെയും മകനായി ഷാഫി ജനിക്കുന്നത്. എം എച്ച് റഷീദ് എന്നായിരുന്നു ഷാഫിയുടെ യഥാർത്ഥ പേര്. ഷാമിലയാണ് ഭാര്യ. അലീമ, സൽമ എന്നിവർ മക്കളാണ്. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്.