തിരുവനന്തപുരം: നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ് (എന്‍.എം.എം.എസ്) അനുവദിക്കുന്നതില്‍ വിവേചനമെന്ന് ആക്ഷേപം. (Discrimination in NMMS scholarship; Malappuram suffers huge loss) മികവ് പുലര്‍ത്തുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന എന്‍.എം.എം.എസ് പരീക്ഷയില്‍ വിജയിക്കാന്‍ ജില്ലകള്‍ക്ക് വ്യത്യസ്ത കട്ട് ഓഫ് മാര്‍ക്ക് ഏര്‍പ്പെടുത്തിയത് കേന്ദ്രം നിര്‍ദേശിക്കാത്ത മാനദണ്ഡം ഉള്‍പ്പെടുത്തി. ഇല്ലാത്ത മാനദണ്ഡങ്ങള്‍ കൂട്ടിച്ചേര്‍ത്തതോടെ കൂടുതല്‍ നഷ്ടം മലപ്പുറം ജില്ലയ്ക്ക്.
|
പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് 2020 നവംബര്‍ 29നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇതുവഴിയാണ് കേന്ദ്രം അനുവദിച്ച 3473 സ്‌കോളര്‍ഷിപ്പുകള്‍ എല്ലാ ജില്ലകള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കുന്നവിധം ക്വോട്ട നിശ്ചയിച്ച് യോഗ്യരായവരെ കണ്ടെത്താന്‍ മാനദണ്ഡം ഏര്‍പ്പെടുത്തിയത്.
ഓരോ ജില്ലകളിലും ഏഴ്, എട്ട് ക്ലാസുകളില്‍ പ്രവേശനം നേടുന്നവരുടെ അനുപാതത്തില്‍ ഓരോ ജില്ലക്കും ആകെ അനുവദിക്കാവുന്നതിന്റെ മൂന്നില്‍ രണ്ട് ഭാഗം ക്വോട്ട നിശ്ചയിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. 10 മുതല്‍ 14 വരെ പ്രായമുള്ള കുട്ടികളുടെ എണ്ണത്തിന്റെ അനുപാതത്തില്‍ ജില്ലകളുടെ ക്വോട്ടയുടെ മൂന്നില്‍ ഒരു ഭാഗവും നിശ്ചയിക്കണം. ഈ നിര്‍ദേശം നടപ്പാക്കിയതോടെ ജില്ലകള്‍ക്ക് അനുവദിക്കുന്ന സ്‌കോളര്‍ഷിപ്പിന് ക്വോട്ട നിലവില്‍വന്നു.
ഈ സാഹചര്യത്തില്‍ എണ്ണം നിയന്ത്രിച്ചുനിര്‍ത്താനെന്ന ന്യായത്തിലാണ് ജില്ലകള്‍ക്ക് വ്യത്യസ്ത കട്ട് ഓഫ് മാര്‍ക്ക് ഏര്‍പ്പെടുത്തിയത്. മുന്‍ വര്‍ഷങ്ങളില്‍ ഈ കട്ട് ഓഫ് മാര്‍ക്ക് പ്രസിദ്ധീകരിക്കാതിരുതിനാല്‍ വിവേചനം ആര്‍ക്കും മനസ്സിലായിരുന്നില്ല.
ഇത്തവണ കട്ട് ഓഫ് മാര്‍ക്ക് പുറത്തുവിട്ടതോടെയാണ് ഓരോ ജില്ലക്കും വ്യത്യസ്ഥ മാര്‍ക്ക് മാനദണ്ഡം നിശ്ചയിച്ച വിചിത്ര നിബന്ധന പുറത്തുവുന്നത്. ഒരേ ചോദ്യപേപ്പര്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷയില്‍ യോഗ്യത നേടാന്‍ വ്യത്യസ്ത മാര്‍ക്ക് നിശ്ചയിക്കുന്ന നടപടി വിശദീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് കഴിയുന്നില്ല.
180ല്‍ 115 മാര്‍ക്ക് നേടിയ കുട്ടിക്ക് പത്തനംതിട്ടയില്‍ സ്‌കോളര്‍ഷിപ് ലഭിക്കുമ്പോള്‍ 139 മാര്‍ക്ക് നേടിയാലും കുട്ടി പഠിക്കുന്നത് മലപ്പുറത്തായി എന്ന കാരണത്താല്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹനല്ലാതായി മാറുന്നു.
ഇടുക്കിയില്‍ 119ഉം കോട്ടയത്ത് 121ഉം മാര്‍ക്കാണ് കട്ട്ഓഫ്. 14 ജില്ലകളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് (140) നേടേണ്ടത് മലപ്പുറം ജില്ലയിലെ കുട്ടികളാണ്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗങ്ങളിലും ഓരോ ജില്ലക്കും വ്യത്യസ്ത കട്ട് ഓഫാണ്.
സംസ്ഥാനത്തെ ഒറ്റ യൂനിറ്റായി പരിഗണിച്ച് ഒരു കട്ട് ഓഫ് നിശ്ചയിക്കുന്നതിന് പകരം ജില്ലകള്‍ക്ക് കട്ട് ഓഫ് നിശ്ചയിച്ചതിനെ നീതീകരിക്കാന്‍ ആവശ്യമായ രേഖകളുമില്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുമ്പോഴും ജില്ലകള്‍ക്ക് ക്വോട്ട നിശ്ചയിക്കാനോ അതിനായി വ്യത്യസ്ത കട്ട് ഓഫ് മാര്‍ക്ക് ഏര്‍പ്പെടുത്താനോ കേന്ദ്ര മാര്‍ഗരേഖയില്‍ നിര്‍ദേശമില്ല.
സംസ്ഥാനങ്ങളില്‍ നിലവിലുള്ള സംവരണരീതി സ്‌കോളര്‍ഷിപ് വിതരണത്തില്‍ പിന്തുടരാമെന്ന് കേന്ദ്ര മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പില്‍ സംവരണമുള്ളത് എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് മാത്രമാണ്. എസ്.ഇ.ബി.സി ഉള്‍പ്പെടെ മറ്റ് സംവരണ വിഭാഗങ്ങളെല്ലാം ജനറല്‍ കാറ്റഗറിയിലാണ്.


