22
Feb 2023
Wed
22 Feb 2023 Wed

സ്ത്രീയിൽ നിന്ന് ട്രാൻസ്മെൻ ആയെന്ന് അവകാശപ്പെടുന്ന സഹദ് ഒരു കുഞ്ഞിന് ജന്മം നൽകിയത് വാർത്തയായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരുന്നു ട്രാൻസ് ദമ്പതികളായ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നത്. എന്നാൽ സഹദിന്റെ ജെൻഡർ സംബന്ധിച്ച അവകാശവാദങ്ങളും എതിർവാദങ്ങളുമാണ് ​ഗർഭവാർത്തയ്ക്ക് പിന്നാലെ നിറഞ്ഞത്.
ശസ്ത്രക്രിയയിലൂടെയായിരുന്നു സഹദിന് കുഞ്ഞ് ജനിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുഞ്ഞിന്റെ ജനനത്തോടെ ഇരുവരും ഇന്ത്യയിലെ ട്രാൻസ് ​ജെൻഡർ സമൂഹത്തിലെ ആദ്യ​ മാതാപിതാക്കളായി. സിയ പവൽ കഴിഞ്ഞമാസം ഇൻസ്റ്റഗ്രാമിൽ മെറ്റേണിറ്റി ഫോട്ടോഷൂട്ട് പങ്കുവച്ചതോടെയാണ് സഹദ് ഗർഭിണിയായ വിവരം പുറംലോകമറിഞ്ഞത്. ഇന്ത്യയിൽ തന്നെ ഒരു ട്രാൻസമെൻ ആദ്യമായി ​ഗർഭം ധരിക്കുകയും പ്രസവിക്കാൻ പോവുകയും ചെയ്യുന്ന എന്ന വാർത്ത വലിയ ആഘോഷവും ആവേശവുമാക്കി ഒരു വിഭാ​ഗം കൊണ്ടാടി. വിപ്ലവമെന്നും പുരോ​ഗമനമെന്നും ശാസ്ത്രത്തിന്റെ വിജയമെന്നുമൊക്കെയാണ് അവർ അതിനെ വിശേഷിപ്പിച്ചത്.

എന്നാൽ ഇരുവരും പൂർണമായും ലിം​ഗമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടില്ല എന്നതിനാലും സഹദിന് ​ഗർഭപാത്രമുള്ളതിനാലും പുരുഷൻ ​ഗർഭം ധരിച്ചു എന്ന് പറയാനാവില്ല എന്ന മറുവാദം വ്യാപകമായി ഉയർന്നു. ​മാത്രമല്ല, “ഞാനിപ്പോ വിചാരിക്കും, ബ്രസ്റ്റ് റിമൂവ് ചെയ്തില്ലായിരുന്നെങ്കിൽ വാവയ്ക്ക് മിൽക്ക് കൊടുക്കാമായിരുന്നു എന്ന്… വിധിയായിരിക്കാം..” എന്ന മാധ്യമങ്ങളോടുള്ള സഹദിന്റെ വാക്കുകളും താൻ പൂർണമായും ആണായി പരിവർത്തനം ചെയ്തിട്ടില്ല എന്നതിന്റെ തെളിവാണെന്നും ചൂണ്ടിക്കാട്ടപ്പെട്ടു.

മനസുകൊണ്ട് ട്രാൻസ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം പാതിവഴിയിൽ മാത്രമാണ് മാറ്റമുൾക്കൊണ്ടത്. ഇരുവരും ഹോർമോൺ തെറാപ്പി സ്വീകരിക്കുന്നതിനൊപ്പം സഹദ് സ്തനം നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ സഹദി‍ന്റെ ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയുടെ ഘട്ടമെത്തിയപ്പോ​​ഴാണ് ഇരുവരുടെയും മനസിൽ ഒരു കുഞ്ഞിനെ കുറിച്ചുള്ള ആഗ്രഹം പിറന്നത്. സിയയാവട്ടെ ട്രാൻസ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നില്ല.

സിയ പെണ്ണിന്റെ രീതിയിലും സഹദ് ആണിന്റെ രീതിയിലും മനസ് കൊണ്ടും വസ്ത്രധാരണം കൊണ്ടും ജീവിച്ചുവരികയായിരുന്നു. ലിം​ഗമാറ്റ ശസ്ത്രക്രിയ നടത്താത്തതിനാലും സഹദിന് ​ഗർഭപാത്രമുള്ളതിനാലും ​​അയാൾ സ്വാഭാവികമായും മറ്റു സ്ത്രീകളെ പോലെ ​ഗർഭിണിയാവുകയായിരുന്നു എന്നും അതിനെ ട്രാൻസ്മെൻ ​ഗർഭം ധരിച്ചെന്നും പ്രസവിച്ചെന്നും എങ്ങനെ പറയാനാകും എന്നാണ് നിരവധി പേർ സോഷ്യൽമീഡിയകളിൽ ചോദിക്കുന്നത്.

മാത്രമല്ല, ട്രാന്‍സ്‌വുമണായി ലിംഗമാറ്റത്തിനുള്ള ചികിത്സകള്‍ സിയ ഈയിടെയാണ് പുനരാരംഭിച്ചത്. പ്രസവം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാല്‍ സഹദും ട്രാന്‍സ്മാന്‍ ആവാനുള്ള ചികിത്സകള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതോടെ കണ്ടുമുട്ടുമ്പോഴും ഒരുമിച്ച് ജീവിക്കാൻ തുടങ്ങുമ്പോഴും ജീവിക്കുമ്പോഴും ഇരുവരും മുൻ അവസ്ഥയിൽ തന്നെയായിരുന്നു എന്നാണ് മനസിലാവുന്നതെന്നും നിരവധി പേർ പറയുന്നു.

എന്നാൽ ഓരോ ആളുകളുടെ ജെൻഡറും ലൈം​ഗികതയും നിർണയിക്കുന്നത് അവരവരാണ് എന്നാണ് ആദ്യ വിഭാ​ഗത്തിന്റെ മറ്റൊരു വാദം. മാത്രമല്ല, ജാതിയുടേയോ മതത്തിന്റേയോ ലിം​ഗത്തിന്റേയോ അതിർ വരമ്പുകൾ ഇല്ലാതെ കു‍ഞ്ഞിനെ വളർത്തണം, അതുകൊണ്ട് തത്കാലം കുഞ്ഞിന്റെ ജെൻഡർ വെളിപ്പെടുത്തുന്നില്ലെന്നാണ് സിയയുടേയും സഹദിന്റേയും തീരുമാനം.

എന്നാൽ പിറന്നത് പെൺകുഞ്ഞാണ് എന്ന കാര്യം വിവിധ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുകയും വിവിധയാളുകൾ ഫേസ്ബുക്കിലൂടെയടക്കം പങ്കുവയ്ക്കുകയും ചെയ്തെങ്കിലും പിന്നീട് അത് പിൻവലിക്കുകയായിരുന്നു. ഇതും ചർച്ചയായിട്ടുണ്ട്. 23 വയസുകാരനായ സഹദ് തിരുവനന്തപുരം സ്വദേശിനിയായിരുന്നു. 21കാരിയായ സിയ മലപ്പുറം സ്വദേശിയും. സ്വത്വം തിരിച്ചറിഞ്ഞതോടെ ഇരുവരും വീട് വിട്ടിറങ്ങുകയായിരുന്നു. അതേസമയം, കുഞ്ഞ് ആരെ അമ്മയെന്നും അച്ഛനെന്നും വിളിക്കും എന്നതിലും ആശയക്കുഴപ്പമുണ്ടെന്നും പലരും പറയുന്നു.

ട്രാൻസ്​മെൻ ആകുന്നതിന്റെ ഭാഗമായി സഹദ് കോഴി​ക്കോട്ടെത്തി അഷിതയെന്ന ട്രാൻസ് വ്യക്തിയുടെ മകനാവുകയായിരുന്നു. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റാണ്. സിയ വീടുവിട്ട് കോഴിക്കോട്ടെ ട്രാൻസ് കമ്യൂണിറ്റി ഷെൽട്ടർ ഹോമിൽ അഭയം തേടുകയും ദീപാറാണിയെന്ന ട്രാൻസ് വ്യക്തിയുടെ മകളാവുകയും ചെയ്തു. കോഴിക്കോട് വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിലേക്കും ഒരുമിച്ചുള്ള ജീവിതത്തിലേക്കും എത്തിയതോടെ കോഴിക്കോട് ഉമ്മളത്തൂരിൽ താമസം ആരംഭിക്കുകയായിരുന്നു.