30
Jun 2023
Tue
30 Jun 2023 Tue

ഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേയുള്ള ലൈംഗികാതിക്രമ പരാതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഗുസ്തി താരങ്ങള്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുപറയരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നുവെന്ന് സമരത്തിന്റ മുന്‍നിരയിലുള്ള ഗുസ്തി താരമായ ബജ്രംഗ് പുനിയ. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഗുസ്തി താരങ്ങള്‍ ഡല്‍ഹിയിലെ വസതിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂടിക്കാഴ്ചയില്‍ അമിത് ഷായുമായി ഗുസ്തി താരങ്ങള്‍ ഒത്തുതിര്‍പ്പിലെത്തിയെന്ന ആക്ഷേപവും ബജ്രംഗ് പുനിയ തള്ളി. ചര്‍ച്ചയിലെ വിശദാംശങ്ങള്‍ പുറത്തുപറയരുതെന്ന് കേന്ദ്രസര്‍ക്കാര്‍ തങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുപോയത് കേന്ദ്രത്തില്‍നിന്ന് തന്നെയാണെന്നും ബജ്രംഗ് പുനിയ പറഞ്ഞു. ബ്രിജ് ഭൂഷണിനെതിരായ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അമിത് ഷാ തങ്ങളോട് പറഞ്ഞതെന്നും ബജ്രംഗ് പുനിയ വ്യക്തമാക്കി.

ബ്രിജ് ഭൂഷണിനെ എന്തുകൊണ്ടാണ് ഇതുവരെയായിട്ടും അറസ്റ്റ് ചെയ്യാത്തതെന്ന ചോദ്യത്തിന് ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നും തീര്‍ച്ചയായും നടപടിയെടുക്കുമെന്നായിരുന്നു അമിത് ഷായുടെ മറുപടിയെന്നും ബജ്രംഗ് പുനിയ പറഞ്ഞു. എന്നാല്‍ വാക്കാല്‍ ഉറപ്പുതന്നതുകൊണ്ട് മാത്രം സമരത്തില്‍നിന്ന് പിന്‍മാറില്ലെന്നും സര്‍ക്കാരിന്റെ പ്രതികരണത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്നും ബജ്രംഗ് പുനിയ വ്യക്തമാക്കി.