കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാര്‍ നിയമസഭയില്‍ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ(ആര്‍എസ്എസ്) ഗണഗീതം ആലപിച്ചത് അമ്പരപ്പ് സൃഷ്ടിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേര്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച് ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നടക്കുന്നതിനിടെയാണ് ശിവകുമാര്‍ ‘നമസ്‌തേ സദാ വല്‍സലേ മാതൃഭൂമേ…’ എന്ന് തുടങ്ങുന്ന ആര്‍എസ്എസ് ഗീതം ആലപിച്ചത്.
|
ജൂണില്‍ നടന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ, പൊതുജനങ്ങള്‍ക്കിടയില്‍ ഉന്മാദാവേശം സൃഷ്ടിച്ച് ദുരന്തത്തിന് കാരണമാക്കിയതില്‍ ഉത്തരവാദികളായ ഡി കെ ശിവ കുമാര്‍, മുഖ്യമന്ത്രി സിദ്ധാരാമയ്യ, ആഭ്യന്തര മന്ത്രി ജി പരമേശ്വര എന്നിവര്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് ആര്‍ അശോകയുടെ നേതൃത്വത്തിലായിരുന്നു ഭരണപക്ഷത്തിനെതിരായ രൂക്ഷമായ ആക്രമണം.
ഇതിനെ പ്രതിരോധിച്ച് കൊണ്ട് ബംഗളൂരുവിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയിലും കെസിഎ അംഗമെന്ന നിലയിലുമാണ് താന്‍ സ്‌റ്റേഡിയത്തിലേക്ക് പോയതെന്ന് ശിവകുമാര്‍ പറഞ്ഞു.
ALSO READ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ കാള കുത്തിക്കൊന്നു; കാളയെ പിടികൂടി ഗോശാലയിലേക്ക് അയച്ചു
”ഞാന്‍ എന്റെ ചുമതല നിര്‍വഹിച്ചു. എന്നാല്‍, അതിനിടയില്‍ ഒരു ദുരന്തമുണ്ടായി. അത്തരം കാര്യങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലും ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ട്. വേണമെങ്കില്‍ അതിന്റെ പട്ടിക നല്‍കാം”- ശിവകുമാര്‍ സഭയില്‍ പറഞ്ഞു.
”ഇത്തരം സാഹചര്യങ്ങളോട് എങ്ങിനെ പ്രതികരിക്കണമെന്ന് എനിക്കറിയാം, കാരണം ഞാന്‍ പരിശീലനം നേടിയത് നിങ്ങള്‍ക്ക് കീഴിലല്ല, മറിച്ച് മുതിര്‍ന്ന നേതാവ് പരമേശ്വരയ്ക്ക് കീഴിലാണ്”- ശിവകുമാര്‍ പറഞ്ഞു.
ഈ സമയത്താണ്, ശിവകുമാര്‍ മുമ്പ് ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയ കാര്യം അശോക ഓര്‍മിപ്പിച്ചത്. ഇതിനോട് പ്രതികരിച്ചു കൊണ്ടായിരുന്നു ശിവകുമാര്‍ സഭയ്ക്കകത്ത് ആര്‍എസ്എസ് ഗണഗീതം ആലപിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ ഇതിനെ ചിരിച്ചും ഡസ്‌കില്‍ കൈയടിച്ചും സ്വീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് തികച്ചും നിശ്ശബ്ദമായി.
ബംഗളൂരു രാജാജി നഗറിലെ സ്‌കൂള്‍ പഠന കാലത്ത് താന്‍ ആര്‍എസ്എസ് ശാഖകളില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് നേരത്തേ ശിവകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ആര്‍എസ്എസിനെതിരേ ശക്തമായി മുന്നോട്ട് പോകുന്നതിനിടെയാണ് ശിവകുമാറിന്റെ നടപടി.
എന്നാല്‍, സഭയില്‍ ആര്‍എസ്എസ് ഗീതം ആലപിച്ചത് രാഷ്ട്രീയ സൂചനയാണെന്ന ഊഹാപോഹങ്ങള്‍ ശിവകുമാര്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ നിഷേധിച്ചു.
”ഞാന്‍ ജന്മനാ കോണ്‍ഗ്രസുകാരനാണ്. എന്റെ ജീവനും രക്തവുമെല്ലാം ഇവിടെയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ചും ഞാന്‍ ഗവേഷണം നടത്തിയിട്ടുണ്ട്. ആര്‍എസ്എസ് കര്‍ണാടകയില്‍ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്നതും സ്‌കൂളുകള്‍ സ്വന്തമാക്കുന്നതും കുട്ടികള്‍ക്കിടയില്‍ പ്രചാരണം നടത്തുന്നതും എനിക്കറിയാം. ഒരു നേതാവ് എന്ന നിലയില്‍ ആരാണ് ശത്രുക്കള്‍ എന്നും ആരാണ് മിത്രങ്ങളെന്നും ഞാന്‍ പഠിക്കേണ്ടതുണ്ട്. എന്നാല്‍, രാഷ്ട്രീയപരമായി ഞങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. യോജിക്കാനുള്ള സാധ്യതകളില്ല, കോണ്‍ഗ്രസിനെ ഞാന്‍ എല്ലാ കരുത്തും ഉപയോഗിച്ച് നയിക്കും”- ശിവകുമാര്‍ പറഞ്ഞു.
English News Summary
Karnataka Deputy Chief Minister and Congress state president DK Shivakumar created a stir in the Legislative Assembly on Thursday, August 21, when he broke out into the Rashtriya Swayamsevak Sangh (RSS) anthem, “Namaste Sada Vatsale Matrubhoome”.


