01
May 2023
Wed
01 May 2023 Wed

ബംഗളൂരു: കർണാടകയിൽ ബിജെപിയിൽനിന്ന് അധികാരം തിരിച്ചുപിടിച്ചതിന് പിന്നാലെ പോലീസിന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ കർശന താക്കീത്. വകുപ്പിലെ കാവിവൽക്കരണം തന്റെ സർക്കാർ അനുവദിക്കില്ലെന്ന് ശിവകുമാർ പറഞ്ഞു. സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ആദ്യ ഉന്നതതല യോഗത്തിലാണ് ഉപമുഖ്യമന്ത്രിയുടെ താക്കിത്. മുൻ ബിജെപി ഭരണത്തിൻ കീഴിലുള്ള കർണാടകയിലെ ചില സംഭവ വികാസങ്ങൾ ഡികെ ശിവകുമാർ ചൂണ്ടിക്കാണിച്ചെന്ന് വൃത്തങ്ങൾ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘നിങ്ങൾ പോലീസ് വകുപ്പിനെ കാവിവൽക്കരിക്കാൻ പോവുകയാണോ? ഇത് നമ്മുടെ സർക്കാർ അനുവദിക്കില്ല. മംഗലാപുരത്തും ബിജാപൂരിലും ബാഗൽകോട്ടിലും കാവി വസ്ത്രം ധരിച്ച് നിങ്ങൾ വകുപ്പിനെ അപമാനിച്ചതെങ്ങനെയെന്ന് എനിക്കറിയാം. രാജ്യത്തോട് ബഹുമാനമുണ്ടെങ്കിൽ ദേശീയ പതാകയ്ക്ക് വേണ്ടി പ്രവർത്തിക്കണം” ഡികെ പറഞ്ഞു. നമ്മുടെ സർക്കാർ പോലീസ് വകുപ്പിലെ കാവിവൽക്കരണം അനുവദിക്കില്ല- അദ്ദേഹം ആവർത്തിച്ചു.

പോലീസ് സബ് ഇൻസ്‌പെക്ടർ (പിഎസ്‌ഐ) റിക്രൂട്ട്‌മെന്റ് അഴിമതിയിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച ഡികെ ശിവകുമാർ, വകുപ്പിനെ ശക്തമായി വിമർശിച്ചു.

രാജ്യത്തുടനീളം കർണാടക പോലീസ് ഡിപ്പാർട്ട്‌മെന്റിന് നല്ല പ്രശസ്തി ഉണ്ടായിരുന്നു. ആ പ്രശസ്തി നിങ്ങൾ നശിപ്പിച്ചു. എവിടെ നോക്കിയാലും അഴിമതിയാണ്. ബിജെപി ഭരണകാലത്ത് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ പോലീസ് കള്ളക്കേസുകൾ ചുമത്തി. പണ്ട് ഞങ്ങൾ Pay CM പ്രചാരണം നടത്തിയപ്പോൾ നിങ്ങൾ എന്നോടും സിദ്ധരാമയ്യയോടും എങ്ങനെ പെരുമാറിയെന്ന് എനിക്കറിയാം. നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ പ്രവർത്തകർക്കെതിരെ ആയിരക്കണക്കിന് കള്ളക്കേസുകൾ ചുമത്തിയിട്ടുണ്ട്, എന്നാൽ എതിർകക്ഷിക്കെതിരെ കേസെടുത്തിട്ടില്ല. പോലീസ് ഉദ്യോഗസ്ഥർ ഈ നിലപാട് മാറ്റണം- അദ്ദേഹം മുന്നറിയിപ്പ് നൽകി.