സിഖുകാരുടെ ടർബനും കൃപാണുമായി ഹിജാബ് താരതമ്യം ചെയ്യേണ്ടെന്ന് ഹിജാബ് വിലക്കിനെതിരേ സമീപിച്ച ഹരജിക്കാരോട് സുപ്രിംകോടതി. ടർബനും കൃപാണും ധരിക്കുന്നതിന് സുപ്രിംകോടതിയുടെ അഞ്ചംഗഭരണാബെഞ്ച് സിഖുകാർക്ക് അനുമതി നൽകിയിട്ടുള്ളതാണെന്നും ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തയും സുധാൻഷു ധുലിയയും വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ കർണാടക ഹൈക്കോടതി വിധിക്കെതിരേ നൽകിയ ഹരജിയിൽ വാദംകേൾക്കവെയാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.
|
അഭിഭാഷകനായ നിസാമുദ്ദീൻ പാഷയാണ് സിഖുകാർ ടർബനും കൃപാണും ധരിക്കുന്നതുപോലെയാണ് ഹിജാബുമെന്ന് കോടതിയോടു പറഞ്ഞത്. ഹിജാബ് ധരിക്കൽ മുസ് ലിം പെൺകുട്ടികളുടെ മതപരമായ അനുഷ്ഠാനമാണെന്നും പാഷ കോടതിയോടു പറഞ്ഞു. സംസ്കാരപരമായ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പാഷ കോടതിയോട് ആവശ്യപ്പെട്ടു.
എന്നാൽ ടർബനും കൃപാണും ധരിക്കുന്നത് ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിരിക്കെ ഹിജാബിനെ അതുമായി താരതമ്യം ചെയ്യരുതെന്നായിരുന്നു കോടതിയുടെ മറുപടി. ടർബനും കൃപാണും ഇന്ത്യൻ സംസ്കാരവുമായി ഇഴുകിച്ചേർന്നതാണെന്നും കോടതി പറഞ്ഞു. ഫ്രാൻസ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ കലാലയങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി ഹരജിക്കാരനോട് ഫ്രാൻസിന്റെയോ ആസ്ത്രിലിയയുടെയോ കാര്യം പറയേണ്ടെന്നും നാം ഇന്ത്യക്കാരാണെന്നും ഇന്ത്യക്കാരായി തുടരണമെന്നും ജസ്റ്റിസ് ഗുപ്ത നിർദേശിച്ചു.
അതേസമയം ഹിജാബ് മുസ് ലിം പെൺകുട്ടികൾക്ക് അനിവാര്യമാണെന്നതിന് നിരവധി മതഗ്രന്ഥങ്ങൾ അഭിഭാഷകനായ നിസാമുദ്ദീൻ പാഷ കോടതി മുമ്പാകെ ഉദ്ധരിച്ചു. ഹിജാബ് ശുപാർശ മാത്രമാണ് അനിവാര്യമല്ലെന്ന കർണാടക ഹൈക്കോടതിയുടെ നിരീക്ഷണം തെറ്റാണെന്നും നിസാമുദ്ദീൻ പാഷ വാദിച്ചു.
കേരള, മദ്രാസ് ഹൈക്കോടതികൾ ഹിജാബ് അനിവാര്യമായ മതാചാരമാണെന്ന വിധികൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് സുപ്രിംകോടതിയിൽ ചൂണ്ടിക്കാട്ടി.



