27
Aug 2024
Thu
27 Aug 2024 Thu
dr geevarghese mar coorilos

മല്ലപ്പള്ളി: ഇരകളെ കുരുക്കുന്ന കാര്യത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് വലിപ്പച്ചെറുപ്പമില്ല. (Dr. Geevarghese Mar Kourilos caught up in online fraud; 15 lakhs lost) പലതവണ പോലീസും സൈബര്‍ ക്രൈം വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടും സാധാരണക്കാരേക്കാള്‍ കൂടുതല്‍ തട്ടിപ്പില്‍ തലവയ്ക്കുന്നത് വിവരവും വിദ്യാഭ്യാസമുള്ളവരും ഉന്നതരുമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അധ്യക്ഷന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസാണ് ഏറ്റവുമൊടുവില്‍ തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങിയത്. 15 ലക്ഷം രൂപയാണ് അദ്ദേഹത്തിനു നഷ്ടപ്പെട്ടത്. സിബിഐയില്‍ നിന്നാണെന്നു പറഞ്ഞു കഴിഞ്ഞ ദിവസം മാര്‍ കൂറിലോസിന് ഒരു വിഡിയോ കോള്‍ വരികയായിരുന്നു. മുംബൈ സ്വദേശി നരേഷ് ഗോയല്‍ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മാര്‍ കൂറിലോസ് പ്രതിയാണെന്നു പറഞ്ഞു വ്യാജരേഖകള്‍ കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു.

മുംബൈയിലെ ബാങ്കില്‍ മാര്‍ കൂറിലോസിന്റെ പേരില്‍ അക്കൗണ്ടുണ്ടെന്നും ഇതില്‍നിന്നു കള്ളപ്പണ ഇടപാടുകള്‍ നടന്നെന്നും പ്രതി 2 മൊബൈല്‍ നമ്പരുകളില്‍നിന്നു വിളിച്ചു തെറ്റിദ്ധരിപ്പിച്ചു. വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ വിചാരണ നടത്തിയെന്നും പണം ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. ഈ മാസം രണ്ടിനായിരുന്നു സംഭവം.

കേസില്‍നിന്ന് ഒഴിവാക്കാനെന്ന പേരില്‍ 15 ലക്ഷം പിഴ അടയ്ക്കണമെന്നു ഭീഷണിപ്പെടുത്തി. ഭയന്നുപോയ മാര്‍ കൂറിലോസ് തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ട പ്രകാരം ഡല്‍ഹിയിലെയും ജയ്പുരിലെയും അക്കൗണ്ടുകളിലേക്കു പണം അയക്കുകയായിരുന്നു. 15,01,186 രൂപയാണ് അയച്ചത്. എന്നാല്‍, പിന്നീടാണ് ഇത് തട്ടിപ്പാണെന്ന് മനസ്സിലായത്. തുടര്‍ന്ന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടെന്നു കാണിച്ച് കീഴ്വായ്പൂര്‍ പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് സൈബര്‍ സെല്ലിലും പരാതി നല്‍കുകയായിരുന്നു.