27
Dec 2023
Thu
27 Dec 2023 Thu

തിരുവനന്തപുരം: സ്ത്രീധനം കൂടുതൽ ചോദിച്ച് വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവ ഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഡോ.റുവൈസിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ സഹോദരൻ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയത് റുവൈസാണെന്നും കഴിയുന്നത്ര നൽകാമെന്ന് സമ്മതിച്ചെങ്കിലും വഴങ്ങിയില്ലെന്നും ഷഹനയുടെ സഹോദരനായ ജാസിം നാസ് പറഞ്ഞു. ‘സ്ത്രീധനം കൂടുതൽ ചോദിച്ചത് പിതാവാണ്. പിതാവിനെ ധിക്കരിക്കാൻ ആവില്ലെന്ന് റുവൈസ് പറഞ്ഞു. പണമാണ് തനിക്ക് വലുതെന്ന് റുവൈസ് ഷഹനയോട് പറഞ്ഞു. ഷഹനയ്ക്ക് റുവൈസിനെ അത്രത്തോളം ഇഷ്ടമായിരുന്നു’- സഹോദരൻ പറഞ്ഞു.

അതേസമയം, ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.

റുവൈസുമായി ഷഹന പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ചേര്‍ന്ന് വിവാഹം ഉറപ്പിച്ചെങ്കിലും ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതായി കുടുംബം ആരോപിക്കുന്നു. ഇതോടെ വിവാഹം മുടങ്ങിയെന്ന് ഷഹനയുടെ ബന്ധുക്കൾ പറയുന്നു. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയാണ് റുവൈസിനെതിരെ കേസെടുത്തത്.

ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ് പറയുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

150 പവനും 15 ഏക്കര്‍ ഭൂമിയും ബിഎംഡബ്ല്യൂ കാറുമായിരുന്നു സ്ത്രീധനമായി ആവശ്യപ്പെട്ടത്. സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു യുവാവ് പിന്മാറിയതിനു പിന്നാലെയാണ് ഷഹന ആത്മഹത്യ ചെയ്തത് എന്നും കുടുംബം ആരോപിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പി.ജി വിദ്യാര്‍ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമായ ഷഹനയെ കഴിഞ്ഞദിവസം ആണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.