ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടതോഴനായ ഗൗതം അദാനിയുടെ മുന്ദ്ര തുറമുഖം മയക്ക് മരുന്ന് കടത്തിന്റെ ഹബ്ബായി മാറുന്നതായി കണക്കുകള്‍. (Drugs worth Rs 11,311 crore seized in the country in five years; highest seizure at Adani’s Mundra port )രാജ്യത്ത് ഏറ്റവും കൂടുതല്‍ മയക്ക് മരുന്ന് കടത്ത് നടക്കുന്നത് ഗുജറാത്തിലെ തുറമുഖം വഴി.
|
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വിവിധ തുറമുഖങ്ങളില്‍ നിന്ന് 11,311 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020നും 2024നും ഇടയില്‍, രാജ്യത്തെ തുറമുഖങ്ങളില്‍ നിന്നും 19 മയക്കുമരുന്ന് കടത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കണ്ടെത്തിയത് അദാനിയുടെ തുറമുഖത്താണെന്നും കണക്കുകള്‍ വ്യ്ക്തമാക്കുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തുറമുഖങ്ങളില്‍ മയക്കുമരുന്ന് പിടിച്ചെടുക്കലില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടോ എന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് മറുപടി നല്‍കുകയായിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നുകളില്‍ കൊക്കെയ്ന്‍, ഹെറോയിന്‍, മെത്താംഫെറ്റാമിന്‍, ട്രമാഡോള്‍ ഗുളികകള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ കേസുകളില്‍, 5,976 കോടി രൂപ വിലമതിക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട 2021ല്‍ ഗുജറാത്തിലെ മുന്ദ്രയിലെ അദാനി തുറമുഖത്താണ് നടന്നത്. അന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) 2,988 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു.
2021ല്‍ തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ വി.ഒ. ചിദംബരനാര്‍ തുറമുഖത്ത് 1,515 കോടി രൂപ വിലമതിക്കുന്ന 303 കിലോ കൊക്കെയ്ന്‍ പിടിച്ചെടുത്തിരുന്നു. ഇതാണ് രണ്ടാമത്തെ വലിയ ലഹരിവേട്ട. 2020ല്‍ മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്റു തുറമുഖത്ത് നിന്ന് 382 കോടി രൂപ വിലവരുന്ന 191 കിലോഗ്രാം ഹെറോയിനാണ് കണ്ടെത്തിയത്.
ഇന്ത്യയിലേക്കുള്ള അനധികൃത മയക്കുമരുന്ന് കടത്ത് തടയുന്നതിനായി രാജ്യത്തുടനീളമുള്ള കസ്റ്റംസ്, ഡി.ആര്‍.ഐ, എന്‍.സി.ബി, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ തുറമുഖങ്ങളിലും ജലപാതകളിലും നിരന്തരമായ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് നിത്യാനന്ദ് റായ് പറഞ്ഞു.
കൂടാതെ തുറമുഖ അധികൃതര്‍ പതിവായി പരിശോധനകള്‍ നടത്തുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കള്ളക്കടത്ത് കണ്ടെത്തുന്നതിനായി എന്‍.സി.ബി ഉദ്യോഗസ്ഥര്‍ക്കും തുറമുഖ അധികൃതര്‍ക്കും കോസ്റ്റ് ഗാര്‍ഡ് പരിശീലനം നല്‍കുന്നുണ്ടെന്നും എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക് ഫോഴ്സുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.





