17
Mar 2025
Thu
17 Mar 2025 Thu
houthi attack in israel

തെല്‍ അവീവ്: ഇസ്രായേലിലെ പ്രധാന വിമാനത്താവളമായ ബെന്‍ ഗുറിയോണ്‍ എയര്‍പോര്‍ട്ടിന് നേരെ യമനില്‍ നിന്നുള്ള ഹൂത്തികളുടെ ആക്രമണം. (Houthis say they carried out missile attack targeting Ben Gurion airport) ഹൂത്തി വക്താവ് യഹ്യ സര്‍ഈ ആണ് ആക്രമണ വിവരം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫലസ്തീന്‍-2 ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചാണ് ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിന് നേരെ യമനി സായുധ സേന ശക്തമായ ആക്രമണം നടത്തിതെന്ന് യഹ്യ സര്‍ഈ പറഞ്ഞു. ഓപ്പറേഷന്‍ വിജയകരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വിശദാംശങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയില്ല.

ആക്രമണത്തില്‍ ആളപായമുണ്ടോ എന്ന കാര്യം വ്യക്തമല്ല. അതേ സമയം, യമനില്‍ നിന്നുള്ള മിസൈല്‍ ആക്രമണം പ്രതിരോധിച്ചതായി ഇസ്രായേല്‍ വ്യോമസേന അവകാശപ്പെട്ടു.

ഇസ്രായേലിനും ചെങ്കടലിലെ കപ്പലുകള്‍ക്കും നേരെ ഹൂത്തികള്‍ നടത്തുന്ന ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് അമേരിക്ക കഴിഞ്ഞ ദിവസങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, അമേരിക്കന്‍ ഭീഷണി വകവയ്ക്കാതെ ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് പോവുകയാണ് ഹൂത്തികള്‍.

്അതേസമയം, ഗസയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 71 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗസയിലും തെക്കന്‍ ഗസയിലും ഇസ്രായേല്‍ ആക്രമണം നടത്തി.

ഇതോടെ ചൊവ്വാഴ്ച്ച മുതല്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 436 ആയി. ഇതില്‍ 183 പേര്‍ കുട്ടികളാണ്.

കരസൈന്യവും ഗസയിലെ ആക്രമണത്തില്‍ പങ്കാളിയായി. വെസ്റ്റ് ബാങ്കിലും ഗസയിലും സൈന്യം ശക്തമായ ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.