25
Sep 2024
Wed
25 Sep 2024 Wed
E T Muhammed Basheer directs air line company officials to give better service

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇടക്കിടെ സർവീസ് റദ്ദാക്കുകയും സമയക്രമം പാലിക്കാതിരിക്കുകയും ചെയ്യുന്ന വിവിധ എയർലൈനുകളുടെ അനഭിലഷണീയ പ്രവണത ഒഴിവാക്കാൻ അടിയന്തര നിർദേശം നൽകി എയർപോർട്ട് അഡ്വൈസറി കമ്മിറ്റി ചെയർമാൻ ഇ.ടി മുഹമ്മദ് ബഷീർ എം.പി. വിമാനം റദ്ദ് ചെയ്യുന്നതും വൈകി പുറപ്പെടുന്നതുമായ സാഹചര്യമുണ്ടായാൽ യാത്രക്കാർക്ക് ആവശ്യമായ സൗകര്യം ഒരുക്കുവാനും യാത്രക്കാരെ മുൻകൂട്ടി നേരിട്ട് വിവരം അറിയിക്കുവാനും എംപി നിർദേശിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിമാനത്താവള ഉന്നത ഉദ്യോഗസ്ഥർ, സർവീസ് നടത്തുന്ന മുഴുവൻ എയർലൈനുകളുടെയും അധികൃതർ എന്നിവരുടെ യോഗത്തിലാണ് നിർദേശം നൽകിയത്. യാത്രക്കാർ ഉന്നയിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണാൻ എല്ലാ വിമാനക്കമ്പനി അധികൃതരോടും നിർദ്ദേശിച്ചു.

പ്രവേശന – പുറത്തിറങ്ങൽ ഗേറ്റുകളിലെ തടസങ്ങൾ നീക്കാൻ കൂടുതൽ കൗണ്ടർ സംവിധാനങ്ങൾ ഒരുക്കിയതായും പാർക്ക് ചെയ്യാതെ പുറത്തിറങ്ങുന്ന വാഹനങ്ങൾക്കുള്ള സൗജന്യ സമയക്രമം വർധിപ്പിച്ചതായും പുറത്തിറങ്ങുന്ന വാഹനങ്ങൾക്ക് അഞ്ച് ബേകൾ തയാറാക്കിയതായും സൗജന്യ സമയം 11 മിനിറ്റിൽ നിന്ന് 15 മിനിറ്റാക്കി ഉയർത്തിയതായും എയർപോർട്ട് ഡയറക്ടർ യോഗത്തിൽ അറിയിച്ചു.

യാത്രക്കാരുടെ ബാഗേജ് വേഗത്തിൽ ലഭ്യമാക്കുന്നതിനായി കൺവേയർ ബെൽറ്റുകളിൽ സൗകര്യം വർധിപ്പിക്കുമെന്ന് ഡയറക്ടർ അറിയിച്ചു. യോഗത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എംപി, ഡയറക്ടർ സി.വി രവീന്ദ്രൻ, ഉദ്യോഗസ്ഥരായ മുനീർ മാടമ്പാട്ട്, എം.സുരേഷ്, പി.വി ഉഷകുമാരി, സുനിത വർഗീസ്, കെ.പി അയൂബ്, കാസിം, എം.എം സജീവൻ, കെ.പി രാംദാസ്, വിവിധ എയർലൈൻ പ്രതിനിധികൾ സംസാരിച്ചു.