26
Mar 2025
Fri
26 Mar 2025 Fri
sdpi local body election result

എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാര്‍ട്ടി ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) റെയ്ഡ് നടത്തിയിരുന്നു. (ED raid; Is the Center looking for a new way to ban SDPI?) പരിശോധനകളില്‍ കാര്യമായി എന്തെങ്കിലും കിട്ടിയതായി ഇതുവരെ സൂചനകളില്ലെങ്കിലും പോപ്പുലര്‍ ഫ്രണ്ടിന് പിന്നാലെ എസ്ഡിപിഐയെയും നിരോധിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നുണ്ടോ എന്ന ചര്‍ച്ച വ്യാപകമായി ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇതിനെതിരേ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022ല്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച സമയത്ത് എസ്ഡിപിഐയെയും നിരോധിക്കണമെന്ന് സംഘപരിവാരം ആവശ്യമുയര്‍ത്തിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോട് കൂടി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയെ കേന്ദ്ര സര്‍ക്കാരിന് നിരോധിക്കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിലപാടെടുത്തത്. എസ്ഡിപിഐക്കെതിരേ നടപടിയെടുക്കേണ്ട സാഹചര്യമില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്ന് വ്യക്തമാക്കിയത്.

ALSO READ: രാജസ്ഥാനില്‍ ബലാല്‍സംഗക്കേസിലെ പ്രതികളുടെ വീട് തകര്‍ക്കാനുള്ള ബിജെപി സര്‍ക്കാര്‍ ശ്രമം തടഞ്ഞ് കോടതി

എന്നാല്‍, പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റിനെ തന്നെ അറസ്റ്റ് ചെയ്യുകയും ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രം പുതിയ വഴികള്‍ എന്തെങ്കിലും തേടുന്നുണ്ടോ എന്ന സംശയമാണ് ഉയരുന്നത്.

എസ്ഡിപിഐക്ക് ഫണ്ട് നല്‍കുന്നതും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ ഉള്‍പ്പെടെ തീരുമാനിക്കുന്നതും പോപ്പുലര്‍ ഫ്രണ്ടാണെന്നാണ് ഇഡിയുടെ പ്രധാന ആരോപണം. എസ്ഡിപിഐയിലും പോപ്പുലര്‍ ഫ്രണ്ടിലും ഒരേ സമയം പ്രവര്‍ത്തിക്കുന്ന അംഗങ്ങളും കേഡര്‍മാരും നേതാക്കളും ഉണ്ടെന്നും ഇതിന് ആവശ്യമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഇഡി പറയുന്നു.

ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ നിരോധിച്ചതിന് മുന്‍കാല ഉദാഹരണങ്ങള്‍ ഇല്ല. ഒരു പാര്‍ട്ടിയുടെ അംഗീകാരമോ രജിസ്‌ട്രേഷനോ റദ്ദാക്കുന്നതിന് നിലവില്‍ വകുപ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ 29എ വകുപ്പ് പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് അംഗീകാരം നല്‍കുന്നത്. എന്നാല്‍, അംഗീകാരം തിരിച്ചെടുക്കുന്നതിനുള്ള വകുപ്പ് ഇതുവരെ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള അധികാരം വേണമെന്ന് 2016ല്‍ നാസിം സെയ്ദി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്നപ്പോള്‍ ആവശ്യമുയര്‍ന്നിരുന്നു. 2004ലും 1994ലും സമാനമായ ആവശ്യം ഉയര്‍ന്നിരുന്നു.

2014ല്‍ വിദ്വേഷ പ്രസംഗങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കാന്‍ വകുപ്പുണ്ടോ എന്നത് പരിശോധിക്കാന്‍ സുപ്രിം കോടതി നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അക്കാര്യത്തില്‍ ഇതുവരെ ശുപാര്‍ശകളൊന്നും നല്‍കിയിട്ടില്ല.

1968ലെ തിരഞ്ഞെടുപ്പ് ചിഹ്നവുമായി ബന്ധപ്പെട്ട ഉത്തരവ് ഉപയോഗിച്ച് എസ്ഡിപിഐയെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കുന്നതായാണ് റിപോര്‍ട്ട്.

2002ലെ ഒരു സുപ്രിംകോടതി ഉത്തരവാണ് കേന്ദ്രസര്‍ക്കാരിന്റെ മറ്റൊരു പിടിവള്ളി. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെതിരേ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ വെല്‍ഫെയര്‍ നല്‍കിയ പരാതിയില്‍ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ ഫണ്ട് ലഭിക്കുന്ന പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കാവുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.

നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ സ്രോതസ്സുകള്‍ ഉപയോഗിച്ച് എസ്ഡിപിഐക്ക് കള്ളപ്പണം ലഭിക്കുന്നുണ്ടെന്ന് ഇഡി ആരോപിക്കുന്നുണ്ട്. ഈ ആരോപണത്തിന്റെ ബലത്തില്‍ പഴയ സുപ്രിം കോടതി ഉത്തരവിലെ പഴുത് ഉപയോഗിച്ച് എസ്ഡിപിഐയെ പൂട്ടാനാവുമോ എന്നാണ് കേന്ദ്രം ആലോചിക്കുന്നത്. എന്നാല്‍, ഇഡിയുടെ കുറ്റപത്രത്തില്‍ ഇതിനാവശ്യമായ തെളിവുകള്‍ നിരത്താന്‍ സാധിച്ചിക്കുമോ എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്.